ഹെല്‍മറ്റില്ലാതെ ട്രിപ്പിളടിച്ച് മരണപ്പാച്ചില്‍: ലൈസന്‍സും ഇല്ല, വിദ്യാർത്ഥിനിക്കെതിരെ കേസ്

കോഴിക്കോട്: അപകടകരമായ രീതിയില്‍ സ്കൂട്ടർ ഒടിച്ച വിദ്യാർത്ഥിനിക്കെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്. മുക്കം മണാശേരിയിൽ നിയമം ലംഘിച്ച് വിദ്യാർത്ഥിനികള്‍ സ്കൂട്ടർ യാത്ര നടത്തുന്നതും ബസ് അപകടത്തില്‍ നിന്നും രക്ഷപ്പെടുന്നതിന്റേയും ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച സ്കൂട്ടർ മുക്കം പൊലീസ് പിടിച്ചെടുത്തു.
സ്കൂട്ടർ ഓടിച്ചത് ഉള്‍പ്പടെ മൂന്ന് വിദ്യാർത്ഥിനകളും ലൈസൻസ് ഇല്ലാത്ത പ്രായപൂർത്തിയാകാത്തവരാണ്. മോട്ടോർ വാഹന വകുപ്പിന് പിന്നാലെ മുക്കം പൊലീസും സംഭവത്തില്‍ കേസ് രജിസ്റ്റ്ർ ചെയ്തിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പൊലീസും മോട്ടോർ വാഹന വകുപ്പും നിയമലംഘനം നടത്തിയ സ്കൂട്ടര്‍ യാത്രികരെ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു മണാശ്ശേരി നാല്‍ക്കവലയില്‍ മൂന്ന് പെൺകുട്ടികൾ സ്കൂട്ടറിൽ അപകടകരമായ രീതിയിൽ യാത്ര നടത്തിയത്. വലത് വശത്തെ റോഡില്‍ നിന്നും കയറി വന്ന വിദ്യാർത്ഥികള്‍ സഞ്ചരിച്ച സ്കൂട്ടർ ബസിടിക്കാതെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. വിദ്യാര്‍ത്ഥിനികളുടെ ഇരുചക്രവാഹനം അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നത് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വേഗത്തിലെത്തിയ സ്വകാര്യ ബസ്സിന് കൃത്യസമയത്ത് ബ്രേക്കിട്ട് നിർത്താന്‍ സാധിച്ചതിനാലാണ് വന്‍ അപകടം ഒഴിവായത്. ബാലന്‍സ് തെറ്റിയെങ്കിലും സ്കൂട്ടറുമായി ഇതൊന്നും ശ്രദ്ധിക്കാത്ത വിദ്യാർത്ഥികള്‍ കടന്ന് പോവുകയായിരുന്നു.












Click it and Unblock the Notifications