രണ്ടാമത് ചാമ്പ്യൻസ് ബോട്ട് ലീഗിനായി ഒരുങ്ങി ചാലിയാർ: മത്സരം ചൊവ്വാഴ്ച 2.30 മുതൽ
കോഴികോട്: സംസ്ഥാന ടൂറിസം വകുപ്പ് ഐ പി എൽ മാതൃകയിൽ സംഘടിപ്പിക്കുന്ന രണ്ടാമത് വള്ളംകളി ലീഗായ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി ബി എൽ) മത്സരങ്ങൾ ഒക്ടോബർ 24ന് 2.30 മുതൽ ചാലിയാർ പുഴയിൽ നടക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എം കെ രാഘവൻ എം പി, കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, കെ ടി ഐ എൽ ചെയർമാൻ എസ്കെ സജീഷ്, ഒ ഡി ഇ പി സി ചെയർമാൻ അനിൽ കുമാർ എന്നിവർ മുഖ്യാതിഥികളാകും.
ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സി ബി എൽ മത്സരങ്ങൾ ചാലിയാർ പുഴയിൽ ഫറോക്ക് പുതിയ പാലത്തിനും പഴയ പാലത്തിനും ഇടയിലാണ് നടത്തുന്നത്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 60 അടി നീളമുള്ള 12 ചുരുളൻ വള്ളങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കുക. ഒരു വള്ളത്തിൽ 30 തുഴച്ചിലുകാർ ഉണ്ടായിരിക്കും. 20 ലക്ഷം രൂപയാണ് മൊത്തം സമ്മാന തുക. സമ്മാനദാനം വൈകുന്നേരം അഞ്ച് മണിക്ക് നടക്കും.

മത്സരത്തിൽ വയൽക്കര മയിച്ച, എ കെ ജി മയിച്ച, ശ്രീ വിഷ്ണുമൂർത്തി കുറ്റിവയൽ, ശ്രീ വയൽക്കര വെങ്ങാട്ട്, ഇ എം എസ് മുഴക്കീൽ, റെഡ്സ്റ്റാർ കാര്യംകോട്, പാലിച്ചോൻ അച്ചാംതുരുത്തി (എ) ടീം, പാലിച്ചോൻ അച്ചാംതുരുത്തി (ബി) ടീം, എ കെ ജി പൊടോത്തുരുത്തി(എ) ടീം, എ കെ ജി പൊടോത്തുരുത്തി(ബി) ടീം, കൃഷ്ണപിള്ള കാവുംചിറ (എ) ടീം, കൃഷ്ണപിള്ള കാവുംചിറ (ബി) ടീം, നവോദയ മംഗലശ്ശേരി, മേലൂർ സുഗുണൻ മാസ്റ്റർ സ്മാരക ക്ലബ് എന്നീ ടീമുകൾ പങ്കെടുക്കും. വള്ളംകളിയുടെ ഇടവേളകളിൽ ജലാഭ്യാസ പ്രകടനങ്ങളും കലാപരിപാടികളും അരങ്ങേറും.
അതേസമയം, ജലദൗർലഭ്യം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് തന്നെ ആദ്യമായി കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ജലബജറ്റ് അവതരിപ്പിക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് നമ്പികുളം ഏറ്റെടുത്ത് നവീകരിച്ച ജലമയൂരം നീന്തൽക്കുളവും പുതുതായി നിർമ്മിച്ച വിശ്രമകേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജലമയൂരം നീന്തൽക്കുളവും വിശ്രമകേന്ദ്രവും പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യകരമായ ജീവിതത്തിനും മാനസിക ഉല്ലാസത്തിനും ഏറെ സഹായകരമായ കേന്ദ്രമാവും. മുഴുവൻ ജനങ്ങൾക്കും അവരുടെ സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള പൊതു ഇടമായി ഇത് മാറുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. കൊടൽ നടക്കാവ് വലവീട് പുത്തൻവീട് കുടുംബമാണ് ഉപയോഗശൂന്യമായിക്കിടന്ന നമ്പികുളം സൗജന്യമായി ജില്ലാ പഞ്ചായത്തിന് കൈമാറിയത്.












Click it and Unblock the Notifications