ചന്ദ്രിക ആഴ്ച്ചപതിപ്പ് പ്രസിദ്ധീകരണം നിര്‍ത്തുന്നു, സാമ്പത്തിക പ്രതിസന്ധിയെന്ന് വിശദീകരണം
കോഴിക്കോട്: സാമ്പത്തിക പ്രസിന്ധികളെ തുടര്‍ന്ന് മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ആഴ്ച്ചപതിപ്പ് പ്രസിദ്ധീകരണം നിര്‍ത്തുന്നു. നേരത്തെ തന്നെ ചന്ദ്രകിയിലും അവരുടെ തന്നെ മറ്റ് പ്രസിദ്ധീകരങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്ത സാഹചര്യത്തില്‍ സമരം വരെ നടന്നിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ചന്ദ്രിക ആഴ്ച്ചപതിപ്പ് പ്രസിദ്ധീകരണം നിര്‍ത്തുന്നത്. മഹിളാ ചന്ദ്രികയും ഇതോടൊപ്പം പ്രസിദ്ധീകരിക്കില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ജൂലായ് ഒന്ന് മുതല്‍ ഇവ വിപണിയിലെത്തിയില്ല. പ്രസിദ്ധീകരണം നിര്‍ത്തുന്ന കാര്യം മാനേജ്‌മെന്റ് നോട്ടീസിലൂടെ അറിയിച്ചിട്ടുണ്ട്.

പ്രതിസന്ധികള്‍ക്കിടയിലാണ് പത്രം പുറത്തിറങ്ങുന്നതെന്നും, കൃത്യമായും അത് വായനക്കാര്‍ക്ക് ഉറപ്പുവരുത്തുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ വര്‍ഷങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന സ്ഥാപനം സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ആവശ്യമായ ചെലവ് ചുരുക്കല്‍ പദ്ധതികളും നടപ്പില്‍ വരുത്തുകയാണ്. ഇതിന്റെ ഭാഗമായി ചന്ദ്രികയുടെ കോഴിക്കോട് ഓഫീസിലെ പീരിയോഡിക് വിഭാഗം താല്‍ക്കാലികമയി നിര്‍ത്തുകയാണെന്ന് ഫിനാന്‍സ് ഡയറക്ടര്‍ പിഎംഎ സമീര്‍ നോട്ടീസില്‍ പറയുന്നു. പ്രസിദ്ധീകരണം നിര്‍ത്തുന്നതോടെ തൊഴില്‍ നഷ്ടമാകുന്ന പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് എക്‌സിറ്റ് സ്‌കീം ഏര്‍പ്പെടുത്തിയതായും സമീര്‍ വ്യക്തമാക്കി.
1932ലാണ് ചന്ദ്രിക പ്രസിദ്ധീകരണം ആരംഭിച്ചത്. മുന്‍നിര സാഹിത്യ പ്രസിദ്ധീകരണങ്ങളിലൊന്നായിരുന്നു ചന്ദ്രിക ആഴ്ച്ചപതിപ്പ്. സിഎച്ച് മുഹമ്മദ് കോയ അടക്കമുള്ളവര്‍ പ്രമുഖര്‍ പത്രാധിപരായി ഇരുന്നിട്ടുണ്ട്. പ്രമുഖ എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അടുത്ത കാലം വരെ വാരികയുടെ എഡിറ്ററായിരുന്നു. കൊവിഡിന് ശേഷം ഡിജിറ്റല്‍ രൂപത്തിലാണ് ആഴ്ച്ചപതിപ്പ് പ്രസിദ്ധീകരിക്കുന്നത്. ഇത് അടക്കമാണ് നിര്‍ത്തുന്നത്. വര്‍ഷങ്ങളായി നഷ്ടത്തിലാണ് ആഴ്ച്ചപതിപ്പ് പ്രസിദ്ധീകരിക്കുന്നതെന്നും മാനേജ്‌മെന്റ് പറയുന്നു. എന്നാല്‍ മുസ്ലീം ലീഗിലെ നേതാക്കളും മാനേജ്‌മെന്റിലെ ഒരു വിഭാഗവും ചേര്‍ന്ന് നടത്തിയ അഴിമതിയും ധൂര്‍ത്തുമാണ് ചന്ദ്രികയെ ഈ ഗുരുതരാവസ്ഥയിലെത്തിച്ചതെന്ന ആക്ഷേപവും ശക്തമാണ്.












Click it and Unblock the Notifications