ചെരണ്ടത്തൂരിലെ സ്‌ഫോടനം; യുവാവിന്റെ വലതുകൈ മുറിച്ചുമാറ്റി, മൊഴിയെടുക്കാതെ മടങ്ങി പൊലീസ്
വടകര: ചെരണ്ടത്തൂരില്‍ വീടിന് മുകളിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി. ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിനാണ് വീടിന്റെ ടെറസില്‍ നടന്ന സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇയാള്‍ ഇപ്പോള്‍ എം എം സി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുകയാണ്.
ഇയാളുടെ മൊഴി എടുക്കാന്‍ വടകര സി ഐ കെ കെ ബിനജു, എസ് ഐ എം നിജേഷ് എന്നിവര്‍ ശനിയാഴ്ച ആശുപത്രിയില്‍ എത്തിയെങ്കിലും മൊഴി എടുക്കാനായില്ല. ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്താത്തിനാലാണ് മൊഴി എടുക്കാതിരുന്നത്.
സ്‌ഫോടനത്തില്‍ ചിതറിപ്പോയ വലതു കയ്യാണ് മുറിച്ചുമാറ്റിയത്. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് പൊലീസ് നിഗമനം. ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയുള്ളു. ബോംബ് നിര്‍മ്മാണ ലക്ഷ്യം അടക്കം പുറത്തുവരാനുണ്ട്. സംഭവത്തിവല്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സി പി എം ആവശ്യപ്പെട്ടിരുന്നു.
ബോംബുനിര്‍മ്മാണം നടത്തിയും ആക്രമണവുമഴിച്ചുവിട്ടും സമൂഹത്തില്‍ ഭീകരത പടര്‍ത്തുന്ന ആര്‍ എസ് എസ്‌ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ ശക്തമായ ബഹുജനപ്രതിരോധമുയര്‍ത്തിക്കൊണ്ടുവരുമെന്ന് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

മണിയൂര്‍ പഞ്ചായത്തിലെ ചെരണ്ടത്തൂരില്‍ ബോംബുനിര്‍മ്മിക്കുന്നതിനിടയിലാണ്, അത് പൊട്ടിത്തെറിച്ചു ആര്‍ എസ് എസ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന് ഗുരുതരമായ പരിക്ക് പറ്റിയത്. വളരെ സമാധാനപരമായ സാമൂഹ്യ അന്തരീക്ഷം നിലനില്‍ക്കുന്ന മണിയൂര്‍ പോലുള്ള പ്രദേശങ്ങളില്‍ എന്തിന് വേണ്ടിയാണ് ആര്‍ എസ് എസ് ബോംബുനിര്‍മ്മാണ കേന്ദ്രങ്ങളുണ്ടാക്കിയതെന്ന കാര്യം അന്വേഷിക്കേണ്ടതാണെന്ന് സിപിഎം അറിയിച്ചിരുന്നു.
സംസ്ഥാന തലത്തില്‍ തന്നെ ആക്രമണങ്ങളും കലാപങ്ങളും അഴിച്ചുവിടാനുള്ള സംഘപരിവാര്‍ ആസൂത്രണത്തിന്റെ ഫലമാണ് ചെരണ്ടത്തൂരിലെ ബോംബ് നിര്‍മ്മാണമെന്നു വേണം കരുതാന്‍. ബോംബ് സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്ക് പറ്റി ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന യുവാവ് സംസ്ഥാന തലത്തിലുള്ള ആര്‍ എസ് എസിന്റെ ക്രിമിനല്‍ സംഘത്തില്‍പ്പെട്ടയാളാണ്. ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ആര്‍എസ്എസ് നിയോഗിച്ച സംഘത്തിലെ അംഗമായിരുന്നു ഈ യുവാവ് മാസങ്ങളോളം ശബരിമലയില്‍ തങ്ങി പോലീസിനെതിരെ ആക്രമണമഴിച്ചുവിട്ട ക്രിമിനല്‍സംഘത്തില്‍ പെട്ട ഇയാള്‍ പല പ്രദേശങ്ങളിലെയും ആര്‍ എസ് എസ് ഓപ്പറേഷനുകളില്‍ പങ്കാളിയാണെന്ന് പരക്കെ സംസാരമുണ്ട്.
ചെരണ്ടത്തൂര്‍ സ്‌ഫോടനത്തില്‍ പിറകിലുള്ള സംഘപരിവാറിന്റെ ജില്ലാ സംസ്ഥാന ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും കുറ്റവാളികളായ ഉന്നതരെ കൂടി അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ ബി ജെ പിക്ക് പങ്കില്ലെന്ന് ജില്ലാ പ്രസിഡന്റ് വി കെ സജീവന്‍ പറഞ്ഞിരുന്നു. ചെരണ്ടത്തൂരിലേ സ്‌ഫോടനവുമായി ബി ജെ പിക്ക് യാതൊരു വിധ ബന്ധവുമില്ലെന്ന് സജീവന്‍ പറഞ്ഞു.
പരിക്കേറ്റ ചെരണ്ടത്തൂരിലെ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദ് ബി ജെ പി പ്രവര്‍ത്തകനുമല്ല. സ്‌ഫോടനമുണ്ടായപ്പോള്‍ ബിജെപിയുടെ തലയില്‍ കെട്ടിവെച്ച് പാര്‍ട്ടിയെ കരിവാരി തേക്കാനുള്ള ഗൂഢനീക്കമാണ് ഇതിന്റെ പിന്നില്‍. ഈ സംഭവത്തെ കുറിച്ച് സമഗ്രമായി അന്വേഷിച്ച് വ്യക്തത വരുത്താന്‍ പോലീസ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications