ഭാഗ്യം യുഡിഎഫിനൊപ്പം!! ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണം നഷ്ടമായി എല്‍ഡിഎഫ്... ഇനിയാണ് പോര്
കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണം യുഡിഎഫിന്. മുന്നണികള്‍ ഒപ്പത്തിനൊപ്പം നിന്ന വേളയില്‍ ഭാഗ്യം എല്‍ഡിഎഫിനെ കൈവിട്ടു. പഞ്ചായത്ത് പ്രസിഡന്റിന്റെ മരണത്തെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിന് വേണ്ടിയുള്ള വോട്ടെടുപ്പ് നടന്നത്. കോണ്‍ഗ്രസിലെ എന്‍ടി ഷിജിത്താണ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫിലെ എംഎം രഘുനാഥ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി.
കൈവിട്ടുപോയ ഭരണം തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് യുഡിഎഫ്. എന്നാല്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ആയിരിക്കും പഞ്ചായത്ത് ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണായകം. ഇരുമുന്നണികളും ഉപതിരഞ്ഞെടുപ്പിന് നേരത്തെ കച്ചകെട്ടുമെന്ന് തീര്‍ച്ചയാണ്. വിശദാംശങ്ങള്‍ അറിയാം....

15 അംഗ പഞ്ചായത്താണ് പേരാമ്പ്രയിലെ ചെറുവണ്ണൂര്‍. ഇടതുപക്ഷത്തിന് എട്ട് അംഗങ്ങളും യുഡിഎഫിന് ഏഴ് അംഗങ്ങളുമാണുണ്ടായിരുന്നത്. 15ാം വാര്‍ഡ് അംഗം ഇടി രാധ ആയിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. അസുഖ ബാധിതയായി അവര്‍ മരിച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ട സാഹചര്യം വന്നത്.

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമാണ്. എല്‍ഡിഎഫിനും യുഡിഎഫിനും ഓരോ എസ്‌സി അംഗങ്ങളാണുള്ളത്. ഇന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടന്നു. ഏഴ് വോട്ടുകള്‍ വീതം ഇരു സ്ഥാനാര്‍ഥികള്‍ക്കും കിട്ടിയ സാഹചര്യത്തിലാണ് നറുക്കെടുപ്പ് നടത്തിയത്. തുടര്‍ന്നാണ് ഷിജിത്തിനെ ഭാഗ്യം തുണച്ചത്.

ഇടതുമുന്നണിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച സിപിഎമ്മിലെ രഘുനാഥ് രണ്ടാം വാര്‍ഡ് അംഗമാണ്. ഷിജിത്ത് പതിനൊന്നാം വാര്‍ഡ് അംഗവും. 256 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചുകയറിയ വ്യക്തിയാണ് ഷിജിത്ത്. രഘുനാഥ് ജയിച്ചത് 194 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷിജിത്തിന് ആശ്വാസമാകണമെങ്കില്‍ ഉപതിരഞ്ഞെടുപ്പ് കൂടി നടക്കണം.

15ാം വാര്‍ഡിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്. ആര്‍ക്കും വ്യക്തമായ മേല്‍ക്കൈയുള്ള വാര്‍ഡല്ല 15. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 11 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാധ ജയിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആര്‍ക്കും വ്യക്തമായ സാധ്യത ഇവിടെയില്ല. തീപാറും പോരാട്ടം നടക്കുമെന്ന് തീര്‍ച്ചയാണ്. ഇടതുപക്ഷം ജയിച്ചാല്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് ഷിജിത്ത് താഴെയിറങ്ങേണ്ടി വരും.

തിരഞ്ഞെടുത്ത അംഗം മരിച്ചാല്‍ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണം എന്നാണ് ചട്ടം. സിപിഎമ്മിന് അഞ്ച്, സിപിഐക്ക് രണ്ട്, എല്‍ജെഡിക്ക് ഒന്ന് ഇങ്ങനെയായിരുന്നു എല്‍ഡിഎഫിലെ അംഗ ബലം. സിപിഐയുടെ കോഴിക്കോട് ജില്ലയിലെ ഏക പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്നു രാധ. പുതിയ പ്രസിഡന്റിന്റെ ഭാവി നിര്‍ണയിക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ചര്‍ച്ചയിലേക്ക് പഞ്ചായത്ത് കടന്നുകഴിഞ്ഞു.












Click it and Unblock the Notifications