മാമുക്കോയയുടെ വീട്ടിലെത്തി സുരേഷ് ഗോപി; മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങിയ പിന്നാലെ
കോഴിക്കോട്: അന്തരിച്ച നടന്‍ മാമുക്കോയയുടെ വീട്ടിലെത്തി നടന്‍ സുരേഷ് ഗോപി. അല്‍പ്പ നേരം കുടുംബാംഗങ്ങളുമായി സംസാരിച്ച് അവരെ ആശ്വസിപ്പിച്ചാണ് താരം മടങ്ങിയത്. മാമുക്കോയയുടെ ഓര്‍മകള്‍ അദ്ദേഹം മാധ്യമങ്ങളുമായി പങ്കുവച്ചു. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ മുഹമ്മദ് റിയാസും എകെ ശശീന്ദ്രനും മാമുക്കോയയുടെ വീട്ടിലെത്തിയിരുന്നു.
വളരെ നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ് മാമുക്കോയ എന്ന് സുരേഷ് ഗോപി അനുസ്മരിച്ചു. എട്ട് മാസം മുമ്പ് കോവിഡ് വന്ന ഘട്ടത്തില്‍ വിളിച്ചു സംസാരിച്ചിരുന്നു. അന്നാണ് അവസാനമായി ഞാന്‍ അദ്ദേഹവുമായി സംസാരിച്ചത്. കലാകാരന്‍ എന്ന നിലയില്‍ എല്ലാവര്‍ക്കും അവരുടേതായ ഐഡന്റിറ്റിയുണ്ട്. മാമുക്ക ഒരുകാലത്ത് സത്യേന്‍ അന്തിക്കാട് സമ്മാനിച്ച വരദാനമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

വളരെ വ്യത്യസ്തമായ രൂപവും ഭാവവും വര്‍ത്തമാനവുമെല്ലാമായിട്ടാണ് മാമുക്കോയ സിനിമാ രംഗത്ത് ശോഭിച്ചത്. മാമുക്കോയക്ക് മുമ്പ് അത്തരത്തില്‍ ഒരു നടന്‍ ഇല്ലായിരുന്നു. ശേഷം ഇനി ആരെങ്കിലും വരുമോ എന്ന് കാത്തിരുന്ന് കാണാം. അത്രയും വലിയ നഷ്ടമാണ് മലയാള സിനിമക്ക് സംഭവിച്ചത്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രാദേശിക ബിജെപി നേതാക്കള്‍ക്കൊപ്പമാണ് സുരേഷ് ഗോപി മാമുക്കോയയുടെ വീട്ടില്‍ എത്തിയത്. മാമുക്കോയയുടെ മകന്‍ നിസാറുമായും മറ്റുള്ളവരുമായും അദ്ദേഹം സംസാരിച്ചു. മാമുക്കോയയുടെ അന്ത്യനിമിഷങ്ങള്‍ ചോദിച്ചറിഞ്ഞു. ശേഷം മാമുക്കോയയുടെ ഭാര്യയുമായി സംസാരിച്ചാണ് മടങ്ങിയത്. സുരേഷ് ഗോപി എത്തുന്നതിന് മുമ്പാണ് മുഖ്യമന്ത്രി മാമുക്കോയയുടെ വീട്ടിലെത്തിയത്.

ഇന്ന് കോഴിക്കോട് ജില്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചില ഔദ്യോഗിക പരിപാടികളുണ്ടായിരുന്നു. ഇതിലേക്ക് തിരിയുന്നതിന് മുമ്പ് മുഖ്യമന്ത്രി ആദ്യം മാമുക്കോയയുടെ വീട്ടിലെത്തി കുടുംബവുമായി സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, ശശീന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
സിനിമാ രംഗത്തുള്ളവര്‍ മാമുക്കോയയെ വേണ്ടവിധം ആദരിച്ചില്ല എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഏതാനും ചില താരങ്ങള്‍ മാത്രമാണ് ഭൗതിക ശരീരം കാണാനെത്തിയത്. ഇതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. സംവിധായകന്‍ വിഎം വിനു, ആര്യാടന്‍ ഷൗക്കത്ത് എന്നിവര്‍ ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. എന്നാല്‍ താരങ്ങള്‍ എത്താത്തതില്‍ വിഷമമില്ലെന്ന് മാമുക്കോയയുടെ മകന്‍ നിസാര്‍ പ്രതികരിച്ചു.
മമ്മുട്ടി ഉംറയ്ക്ക് പോയതാണ്, അദ്ദേഹം വിളിച്ചിരുന്നു, മോഹന്‍ലാല്‍ ജപ്പാനിലാണ്. വിനീത് ചെന്നൈയിലാണ്. അവരെല്ലാം വിളിച്ചിരുന്നു. എല്ലാവര്‍ക്കും അവരുടേതായ പ്രയാസങ്ങളും തിരക്കുകളുമുണ്ടാകും. പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ക്ക് വരാത്തതില്‍ കുടുംബത്തിന് വിഷമമില്ല. ഇത്തരത്തിലുള്ള കാര്യത്തില്‍ പിണങ്ങുന്ന ആളല്ല പിതാവ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കും വിഷമമില്ല. എല്ലാവരും പ്രാര്‍ഥിക്കണമെന്നും മകന്‍ നിസാര്‍ അഭ്യര്‍ഥിച്ചിരുന്നു.












Click it and Unblock the Notifications