ഇനി കലയുടെ ദിനരാത്രങ്ങള്‍: സ്കൂള്‍ കലോത്സവത്തിന് കോഴിക്കോടിന്റെ മണ്ണില്‍ തുടക്കമായി
കോഴിക്കോട്: 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോടിന്റെ മണ്ണില്‍ തുടക്കമായി. കലോത്സവ വേദി മാറുന്ന കാലത്തിന് നേർക്ക് പിടിച്ച കണ്ണാടിയായി മാറുമെന്ന് കലാമാമാങ്കം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്കൂള്‍ കലോത്സവം മത്സരം എന്നതിലുപരി ഇത് ഒരു സാംസ്‌കാരിക കൂട്ടായ്മയാണ്. വിജയിക്കുന്നതിലല്ല, മത്സരിക്കുക എന്നതിനാണ് പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കലോത്സവത്തിനായി രക്ഷിതാക്കള്‍ അനാവശ്യ മല്‍സര പ്രവണത കാണിക്കുന്നു എന്ന വിമര്‍ശനം ഉണ്ട്. എല്ലാ കുട്ടികളുടെയും വിജയത്തില്‍ സന്തോഷിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം. അന്യം നിന്നു പോകുന്ന കലാരൂപങ്ങളുടെ വീണ്ടെടുപ്പിന് കലോല്‍സവങ്ങള്‍ സഹായിക്കുന്നു. കൊവിഡ് മുന്‍കരുതലുകള്‍ തുടരണം.അതിതീവ്ര വ്യാപനശേഷിയാണ് ഇപ്പോഴത്തെ കൊവിഡിന് മുമ്പ് സ്വീകരിച്ച ശീലങ്ങള്‍ ഇനിയും ആവര്‍ത്തിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഉദ്ഘാടന ചടങ്ങില്‍ നടിയും നർത്തകിയുമായ ആശാ ശരത്ത് മുഖ്യാതിഥിയായിരുന്നു. ഈ വേദിയിലേക്ക് കടന്നപ്പോള്‍ പഴയ ഓര്‍മകള്‍ തികട്ടി വന്നുവെന്ന് താരം വ്യക്തമാക്കി. ചിലങ്കകെട്ടി കലോത്സവ വേദിയില്‍ കാലെടുത്തുവെച്ചപ്പോഴുള്ള ആശാലത എന്ന പെണ്‍കുട്ടിയുടെ ആശങ്ക ഇപ്പോഴുമുണ്ടെന്നും ആശാ ശരത്ത് പറഞ്ഞു.
ഈ വേദിയില്‍ എത്തിയാല്‍ തന്നെ വിജയിയായി. അത്രമാത്രം കഠിനാധ്വാനം ചെയ്താണ് ഓരോ കുട്ടിയും ഈ വേദിയില്‍ എത്തുന്നത്. കേരളത്തില്‍ നൃത്തം പഠിച്ചിരുന്ന കാലത്ത് ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം എന്നിങ്ങനെയായിരുന്നു. അതില്‍ നിന്ന് മാറ്റം വരുത്തി മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് എ. ഗ്രേഡ് നല്‍കാന്‍ ഉള്ള തീരുമാനം എടുത്തതില്‍ സര്‍ക്കാറിനോട് നന്ദിയുണ്ട്. ഇത് കുട്ടികളില്‍ മത്സരബുദ്ധി കുറയ്ക്കാന്‍ സഹായകരമായിട്ടുണ്ട്. അടുത്തവര്‍ഷം കലോത്സവത്തിന് നൃത്തം ചിട്ടപ്പെടുത്താന്‍ താനുമുണ്ടാവുമെന്നും ആ ആഗ്രഹം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ആശ കൂട്ടിച്ചേര്‍ത്തു.
2 വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷമാണ് വേദിവീണ്ടും ഉണരുന്നത്. 24 വേദികളിൽ 239 ഇനങ്ങളിലായി 14,000 കുട്ടികളാണു പങ്കെടുക്കുന്നത്. ഇത്തവണ കോവിഡിനു മുൻപുള്ള മാതൃകയിൽ ഗ്രേസ് മാർക്ക് നൽകാനാണു തീരുമാനമെങ്കിലും അടുത്ത വർഷം മുതല്‍ ഗ്രേസ് മാർക്കു നൽകുന്നതിനുള്ള പുതിയ മാനദണ്ഡം അടുത്ത വർഷം മുതല്‍ നടപ്പിലാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കലോത്സവ ഊട്ടുപുരയിൽ മാറ്റമില്ലാതെ തുടരുന്ന പഴയിടം രുചികൾ തന്നെയാണ് ഇത്തവണയും. പ്രശസ്ത പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഊട്ടുപുരയിൽ ഭക്ഷണം ഒരുങ്ങുന്നത്. അദ്ദേഹത്തിന്റ സാന്നിധ്യത്തിലായിരുന്നു മന്ത്രിമാർക്കും മറ്റുള്ളവർക്കും മധുരം നൽകിയത്. ഇത്തവണ എഴുപത് പേരടങ്ങുന്ന സംഘവുമായാണ് പഴയിടം കോഴിക്കോട് എത്തിയിരിക്കുന്നത്.












Click it and Unblock the Notifications