കുഞ്ഞാലിക്കുട്ടി വേദിയിലിരിക്കെ മുഖ്യമന്ത്രി; തീവ്ര ചിന്താഗതി ആപത്ത്, മുജാഹിദിനും വിമര്‍ശനം
കോഴിക്കോട്: മുജാഹിദ് സമ്മേളനത്തില്‍ മുസ്ലിം ലീഗിനും മുജാഹിദ് വിഭാഗത്തിനും മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറിനെ ഒരു വിഭാഗത്തിന് മാത്രമായി ചെറുക്കാമെന്ന് കരുതരുത് എന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനമുന്നയിച്ച മുസ്ലിം ലീഗ് നേതാക്കള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. കുഞ്ഞാലിക്കുട്ടി വേദിയിലിരിക്കുമ്പോഴായിരുന്നു പിണറായി വിജയന്റെ വാക്കുകള്‍.

ഒരു ന്യൂനപക്ഷ സംഘടനയുടെ പരിപാടിയില്‍ വന്ന് സിപിഎമ്മിനെയാണോ എതിര്‍ക്കേണ്ടത് എന്ന് അദ്ദേഹം ചോദിച്ചു. മഴു ഓങ്ങി നില്‍ക്കുന്നുണ്ട്. തല വച്ചു കൊടുക്കരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു. മുജാഹിദ് സമ്മേളനത്തില്‍ ബിജെപി നേതാക്കളെ ക്ഷണിച്ചതും മുജാഹിദ് നേതാവിന്റെ അഭിമുഖവുമെല്ലാം വിവാദ പശ്ചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍.
മുജാഹിദ് സമ്മേളനത്തില്‍ പികെ ഫിറോസും പികെ ബഷീറും സിപിഎമ്മിനെ വിമര്‍ശിച്ചിരുന്നു. ഇക്കാര്യമാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. ന്യൂനപക്ഷ സമ്മേളനത്തില്‍ വന്ന് സിപിഎമ്മിനെയാണോ എതിര്‍ക്കേണ്ടത് എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇന്ന് ഉയര്‍ന്നു വരുന്ന കാര്യങ്ങളെ നമ്മള്‍ എന്ന് മാത്രം പറയുന്ന വിഭാഗത്തിന് നേരിടാന്‍ കഴിയുമോ. അങ്ങേയറ്റം തെറ്റായ ഒരു ആശയഗതിയാണത്. മനസിലാക്കാതിരിക്കരുത്. സ്വയം കുഴിയില്‍ ചെന്ന് വീഴരുത്.
ഇവിടെ മതനിരപേക്ഷതയുടെ ഭാഗമായി മാത്രമേ മതന്യൂനപക്ഷ സംരക്ഷണം ഉണ്ടാകൂ എന്ന് ശരിയായ രീതിയില്‍ തിരിച്ചറിയണം. അല്ലെങ്കില്‍ ആപത്തിലേക്ക് ചെന്നുവീഴുകയാണ് ചെയ്യുക. മഴു ഓങ്ങി നില്‍ക്കുന്നുണ്ട്. അതിന്റെ താഴെ പോയി തല കാണിച്ചുകൊടുക്കരുത്. തെറ്റായ ചിന്താഗതിക്ക് മതന്യൂനപക്ഷത്തിലെ ഒരു ചെറിയ വിഭാഗം അടിപെട്ടിട്ടുണ്ട്. നമുക്ക് തന്നെ സ്വയം ശക്തിയാര്‍ജിച്ച് നേരിട്ട് കളയാം എന്നാണ് അവരുടെ ആശയം. ആ നേരിടല്‍ ആത്മഹത്യാപരമായിരിക്കും.
ആര്‍എസ്എസും സംഘപരിവാറുമുണ്ട്. അവര്‍ ഉയര്‍ത്തിയ ആശയങ്ങളുണ്ട്. നേരത്തെ ഇതെല്ലാം ആശയപ്രചാരണത്തിന് മാത്രമായിരുന്നു എങ്കില്‍ ഇന്ന് ഭരണതലത്തില്‍ നടപ്പാക്കപ്പെടുകയാണ്. മതനിരപേക്ഷ ചിന്താഗതിക്കാര്‍ എല്ലാവരും ഒന്നിച്ച് അതിനെ എതിര്‍ക്കാനാണ് ശ്രമിക്കുന്നത്. എതിര്‍ക്കേണ്ടതിനെ എതിര്‍ത്തു പോകണം. അവിടെ നിശബ്ദത നന്നാകില്ല. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. ഏത് വര്‍ഗീയതയും നാടിന് ആപത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications