മുഖ്യമന്ത്രിയുടെ കോഴിക്കോട് സന്ദർശനം; കെഎസ്‌യു നേതാക്കളെ കരുതൽ തടങ്കലിലാക്കി പോലീസ്
ഇന്ധന സെസിൽ കോൺഗ്രസ് പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കോഴിക്കോട് സന്ദർശനത്തിനിടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കെഎസ്‌യു നേതാക്കളെ കരുതൽ തടങ്കലിലാക്കി പോലീസ്.ജില്ലാ വൈസ് പ്രസിഡന്റ് സൂരജ്, ഏലത്തൂർ ബ്ലോക്ക് പ്രസിഡന്റ് രാഗിൻ എന്നിവരെയാണ് തടങ്കലിലാക്കിയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ചുങ്കം ജംങ്ഷനിൽ എത്തുമ്പോൾ പ്രതിഷേധിക്കാൻ തയ്യാറായി നിൽക്കുകയായിരുന്നു ഇരുവരും.
വെസ്റ്റ് ഹിൽ ചുങ്കത്തുനിന്ന് ഈസ്റ്റ് ഹിൽ ഗസ്റ്റ് ഹൗസിലേക്ക് മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയിൽ നിന്നാണ് ഈവരെ കസ്റ്റഡിയിൽ എടുത്തത്.
അതേസമയം മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരും പാലക്കാടും യൂത്ത് കോൺഗ്രസ് നേതാക്കളെ കഴിഞ്ഞ ദിവസം പോലീസ് കരുതൽ തടങ്കലിൽ ആക്കിയിരുന്നു. കണ്ണൂരിൽ യുഡിഎഫ് നേതാക്കളെയായിരുന്നു പോലീസ് കസ്റ്റഡയിൽ എടുത്തത്. എന്നാൽ തലശേരിയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തർ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചിരുന്നു.
പാലക്കാട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെയായിരുന്നു പോലീസ് കസ്റ്റഡിയിൽ ആക്കിയത്. എന്നാൽ ഇവിടെ വെച്ചും പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് നെടുമ്പാശേരിയിൽ നിന്ന് ഹെലികോപ്റ്ററിലായിരുന്നു മുഖ്യമന്ത്രി പാലക്കാട് എത്തിയത്. തുടർന്ന് പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ചാലിശേരിയിലൂടെ കടന്നു പോകുമ്പോഴായിരുന്നു കരിങ്കൊടി വീശിയത്. തുടർന്ന് നേതാക്കളെ കസ്റ്റയിൽ എടുത്തിരുന്നു.
അതേസമയം മുഖ്യമന്ത്രി ഇന്ന് കോഴിക്കോട് നടക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പരിപാടി നടക്കുന്ന മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളജിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.ഇന്ധന സെസിൽ കോൺഗ്രസ് പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്.












Click it and Unblock the Notifications