പുതുപ്പള്ളി തോറ്റിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല; സിപിഎമ്മിന്റെ തകര്‍ച്ചയുടെ തുടക്കമെന്ന് സതീശന്‍
കോഴിക്കോട്: കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പ്രതീകമായാണ് പുതുപ്പള്ളിയിലെ ജനങ്ങള്‍ യുഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനെ വിജയിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാരിനോടുള്ള കടുത്ത പ്രതിഷേധം വോട്ടെടുപ്പില്‍ പ്രതിഫലിച്ചു. സര്‍ക്കാരിന്റെ മുഖത്ത് കനത്ത പ്രഹരമേറ്റിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാത്തത് വിചിത്രമാണ്. കോന്നി പിടിച്ചെടുത്തപ്പോള്‍ വലിയ അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്ന മുഖ്യമന്ത്രി ഇത്രയും വലിയ പരാജയമുണ്ടായിട്ടും ഒന്നും മിണ്ടാന്‍ തയാറല്ല. ജനവിധി ഗൗരവതരമായി കാണുന്നില്ലെന്നതാണ് അതിന് കാരണം.
സിപിഎമ്മിന്റെ തകര്‍ച്ചയുടെ തുടക്കമാണ് പതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം. പാര്‍ട്ടിയെ ഭരണം എങ്ങനെ ദുഷിപ്പിച്ചെന്ന് പുതുപ്പള്ളിയില്‍ കണ്ടതാണ്. അത്രത്തോളം ശക്തമായ എതിര്‍പ്പാണ് പാര്‍ട്ടിയില്‍ നിന്നുള്‍പ്പെടെ പുതുപ്പള്ളിയിലുണ്ടായത്. സര്‍ക്കാരിന് താക്കീത് നല്‍കാന്‍ പുതുപ്പള്ളിയിലെ വലിയൊരു വിഭാഗം ഉത്തമരായ കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ട് ചെയ്തു.

ചോദ്യം ചെയ്യാനോ ചൂണ്ടു വിരല്‍ ഉയര്‍ത്താനോ തെറ്റായ വഴികളിലൂടെ പിണറായി വിജയന്‍ പോകുന്നത് ചൂണ്ടിക്കാട്ടാനോ കഴിയാത്ത ഭീരുക്കളുടെ കൂട്ടമായി സിപിഎം മാറിയിരിക്കുകയാണ്. ഇതൊക്കെ പറയണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടെങ്കിലും അതിനുള്ള ധൈര്യമില്ലെന്നാതാണ് ആ പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ ഭീഷണി.
ഗ്രോ വാസുവെന്ന പൗരാവകാശ പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചു. 94 വയസുകാരന്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പൊലീസ് വായ് പൊത്തിപ്പിടിച്ചതും തൊപ്പി ഉപയോഗിച്ച് മുഖം മറയ്ക്കുന്നതും കേട്ടുകേള്‍വിയില്ലാത്തതാണ്. ഇത് എന്ത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ്? ഇത് തീവ്രവലതുപക്ഷ സര്‍ക്കാരാണ്.
പുതുപ്പള്ളിയിലെ എട്ട് പഞ്ചായത്തുകളില്‍ മുഖ്യമന്ത്രി പ്രസംഗിച്ചിട്ടും മാസപ്പടി ഉള്‍പ്പെടെ പ്രതിപക്ഷം ഉന്നയിച്ച ഏഴ് ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയില്ല. ഏഴ് മാസമായി മാധ്യമ പ്രവര്‍ത്തകരെയും കാണാറില്ല. ഒരിക്കല്‍ അടപ്പിച്ച മുഖ്യമന്ത്രിയുടെ തിരുവായ് തുറപ്പിക്കാനാണ് പ്രതിപക്ഷം ഇപ്പോള്‍ ശ്രമിക്കുന്നത്. ചോദ്യങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി ഭീരുവിനെ പോലെ ഓടിയൊളിക്കുകയാണ്. മാസപ്പടി ഉള്‍പ്പെടെ അഴിമതി ആരോപണങ്ങള്‍ക്ക് ഉത്തരം പറഞ്ഞാല്‍ പെട്ടുപോകുമെന്ന പേടിയിലാണ് മുഖ്യമന്ത്രി.
അയ്യായിരം വോട്ട് ബിജെപി കോണ്‍ഗ്രസിന് വിറ്റെന്നാണ് എംവി ഗോവിന്ദന്‍ പറഞ്ഞത്. അത് ശരിയാണ്. ഞങ്ങള്‍ കുറെ യുഡിഎഫ് നേതാക്കള്‍ ചേര്‍ന്ന് കെ സുരേന്ദ്രനോട് അയ്യായിരം വോട്ട് ആവശ്യപ്പെട്ടു. അദ്ദേഹം ഞങ്ങള്‍ക്ക് 5000 വോട്ട് നല്‍കി. അതേ വാഹനത്തില്‍ തന്നെ എ.കെ.ജി സെന്ററിലെത്തി ഗോവിന്ദനോട് പതിനായിരം വോട്ട് ആവശ്യപ്പെട്ടു. പക്ഷെ ഗോവിന്ദന്‍ 12000 വോട്ട് നല്‍കി. അങ്ങനെ 17000 വോട്ടായി. എന്നിട്ടും ബാക്കി ഇരുപതിനായിരമുണ്ട്. സ്വന്തം കുട്ടയില്‍ നിന്നും വോട്ട് ചോര്‍ന്ന് പോയിട്ടും നാണമില്ലാതെയാണ് യുഡിഎഫ് ബിജെപി വോട്ട് വാങ്ങിയെന്ന് ഗോവിന്ദന്‍ പറയുന്നത്.
ശസ്ത്രക്രിയയെ തുടര്‍ന്ന് വയറ്റില്‍ കത്രികയുമായി ജീവിച്ച ഹര്‍ഷിന ആവശ്യപ്പെട്ട 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. അന്വേഷണത്തില്‍ ഹര്‍ഷിനയുടെ പരാതി ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കണമെന്ന് മുഖ്യമന്ത്രിയോടും ആരോഗ്യമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം നിയമസഭയിലും ഉന്നയിക്കുമെന്നും സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications