സോഷ്യല്‍ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്തു, സ്വര്‍ണം നഷ്ടപ്പെട്ടു; ആദിത്യയുടെ മരണത്തില്‍ ദുരൂഹത
കോഴിക്കോട് : കോഴിക്കോട് വാടക വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതി മരണപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. എ ഡി ജി പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പട്ടിക ജാതി സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂരാണ് പരാതി നല്‍കിയത്. കുറ്റ്യാടി പാറക്കല്‍ സ്വദേശിയും സ്വകാര്യ മാളിനെ ജീവനക്കാരിയായ ആദിത്യ ചന്ദ്രയാണ് മരണപ്പെട്ടത്.
ഈ മാസം 13 ന് ആണ് കോഴിക്കോട് ഗണപതിക്കുന്നിലെ വാടക മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. പ്രതിയെന്ന് സംശയിക്കുന്നയാളെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി വിട്ടയച്ചതിനാലും മൊഴി രേഖപ്പെടുത്താത്തിനാലുമാണ് പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. പരാതിയില്‍ യാതൊരു പുരോഗതിയുമില്ലെന്ന് കുടുംബം നേരത്തെ അറിയിച്ചിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി മാവൂര്‍ സ്വദേശിയായ യുവാവുമായി ആദിത്യ കഴിഞ്ഞ ഒന്നര വര്‍ഷമായി വിവിധ വാടക വീടുകളിലാണ് കഴിഞ്ഞത്. വിവാഹത്തിന്റെയും സാമ്പത്തികമായും ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് പരാതിയില്‍ പറയുന്നു. യുവാവ് ലഹരിക്ക് അടിമയാണെന്നും ആദിത്യ ശാരീരികവും മാനസികവുമായ പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ആദിത്യയെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത് .
മൃതദേഹത്തിന്റെ വിശദ ദേഹപരിശോധനയ്ക്ക് കുടുംബാംഗങ്ങളെ സമ്മതിക്കാതെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതും ദുരൂഹത വര്‍ധിപ്പിക്കുന്നതായി പട്ടികജാതി സംരക്ഷണ സമിതി പറയുന്നു . മരിക്കുന്നതിനു മുന്‍പ് ഇരുവരും കലഹിച്ചതും ശേഷം യുവാവിന്റെ മുഖത്തും ദേഹത്തും മുറിപ്പാടുകള്‍ കാണപ്പെട്ടതും ആദിത്യ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതും മറ്റും മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ടെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.
മരണശേഷം ആദിത്യയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. തെളിവുകള്‍ നശിപ്പിക്കുന്നതിന് മുമ്പ് എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടണമെന്ന് പട്ടിക ജാതി സംരക്ഷണ സമിതി സൗത്ത് മേഖലാ കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ മണി സി കെ പാലാഴി ആവശ്യപ്പെട്ടു. എ ഡി ജി പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications