കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോദിയെപ്പോലെ പിണറായിയും വര്‍ഗീയ വിഭജനം നടത്തുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറ്റൊരു പതിപ്പാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍ എംപി. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിലൂടെ മാത്രമേ അധികാരം നിലനിര്‍ത്താന്‍ സാധിക്കൂവെന്ന് മോദിക്ക് അറിയാം. അതേ അടവാണ് വനിതാ മതിലിന്റെയും മറ്റും പേരില്‍ ജാതീയമായ് വേര്‍തിരിവുണ്ടാക്കി പിണറായി ചെയ്യുന്നത്. ഇരുവരും എത്ര ഭിന്നിപ്പുണ്ടാക്കിയാലും 2019 ലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭരണം കേന്ദ്രത്തില്‍ അധികാരത്തിലേറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലബാറിലെ ആറ് ജില്ലകളില്‍ നിന്നുള്ള മണ്ഡലം പ്രസിഡന്റുമാരെ പങ്കെടുപ്പിച്ച് കെ പി സി സി സംഘടിപ്പിച്ച ഉത്തരമേഖല ശില്പശാല 'ശക്തി' ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സി വേണുഗോപാല്‍.

ബി ജെ പിയെ സംബന്ധിച്ച് അധികാരം വിട്ടൊഴിയുന്ന കാര്യം ആലോചിക്കാന്‍ പോലും പറ്റാത്തതാണ്. അത് നിലനിര്‍ത്താന്‍ എന്ത് വളഞ്ഞ വഴിയും അവര്‍ സ്വീകരിക്കും. ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും അടിച്ചമര്‍ത്തുകയാണ്. ആദായനികുതി റെയ്ഡും സി ബി ഐ റെയ്ഡും ഉള്‍പ്പെടെ നിരന്തരം നടത്തി പ്രതിപക്ഷ നേതാക്കളെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നു. മോദി നാലര വര്‍ഷം എന്ത് ചെയ്തു എന്നല്ല അഞ്ച് വര്‍ഷം കൂടി ലഭിച്ചാല്‍ എന്ത് ചെയ്യുമെന്നതാണ് ഭീതിയോടെ രാജ്യം ഓര്‍ക്കേണ്ടത്. ഇനി ബി ജെ പിക്ക് അധികാരം കിട്ടിയാല്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് പോലും അസാധ്യമാകും. കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ രാജ്യത്ത് ജീവിക്കാന്‍ പേടിയാവുന്നുവെന്ന് ഒരു ഇന്ത്യക്കാരനും പറഞ്ഞിട്ടില്ല. നോട്ടുനിരോധനത്തിന്റെ മറവില്‍ ചെറുകിട സംരംഭങ്ങളെ കുത്തുപാള എടുപ്പിച്ച മോദി സര്‍ക്കാര്‍ കര്‍ഷകരുടെ നട്ടെല്ലൊടിച്ചു. ഈ ജനരോഷമെല്ലാം മറികടക്കാന്‍ അവര്‍ ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

-kc-venugopal-09

രാജ്യം മുഴുവന്‍ കോണ്‍ഗ്രസിനെ പ്രതീക്ഷയോടെ കാണുമ്പോള്‍ കേരളത്തിന് എന്ത് സംഭാവന ചെയ്യാന്‍ സാധിക്കുമെന്നതാണ് പ്രസക്തമായ ചോദ്യം. കോണ്‍ഗ്രസിന് ക്ഷീണം സംഭവിച്ചാല്‍ രാജ്യം തന്നെ ഇല്ലാതാവുമെന്ന വസ്തുത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം. മണ്ഡലം പ്രസിഡന്റുമാരിലേക്ക് ഇറങ്ങിച്ചെന്ന് അവരുമായ് സംവദിക്കുന്ന ശൈലിയാണ് രാഹുല്‍ഗാന്ധിയുടേത്. ബൂത്ത്-മണ്ഡലം തലത്തിലുള്ള പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കി മാത്രമേ പാര്‍ട്ടി തീരുമാനങ്ങള്‍ കൈക്കൊള്ളുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

Kozhikode
English summary
Congress against pinarayi vijayan on current issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X