മുല്ലപ്പള്ളി 'ചതിച്ചു'; ആര്‍എംപി സീറ്റില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി; വടകരയില്‍ അതൃപ്തി ശക്തം
കോഴിക്കോട്: കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ രഹസ്യമായി ഉണ്ടായിരുന്ന നീക്കുപോക്കുകള്‍ക്ക് പകരം ആര്‍എംപിയുമായി പരസ്യമായ കൂട്ടുകെട്ട് പ്രഖ്യാപിച്ചാണ് വടകരമ മേഖലയില്‍ യുഡിഎഫ് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ജനകീയ മുന്നണി എന്ന പേരിലാണ് ആര്‍എംപി-യുഡിഎഫ് ധാരണ. ഒഞ്ചിയം അടക്കം നാല് പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഇരുവരും തമ്മില്‍ ധാരണയുണ്ട്. എന്നാല്‍ ധാരണയ്ക്ക് വിരുദ്ധമായി ആര്‍എംപിക്ക് അനുവദിച്ച സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ മുന്നണിയില്‍ അസ്വാരസ്യം രൂപപ്പെട്ടിരിക്കുകയാണ്.

ഒഞ്ചിയം ഏരിയ
ഒഞ്ചിയം, ഏറാമല, ചോറോട്, അഴിയൂര്‍ പഞ്ചായത്തുകളിലാണ് ആര്‍എംപിയുമായുള്ള യുഡിഎഫിന്റെ ധാരണ. ഇവയക്ക് പുറമെ വടകര നഗരസഭയിലേക്കും പാര്‍ട്ടിക്ക് സ്വാധീനം ഉള്ള എടച്ചേരിയിലും ആര്‍എംപിഐക്ക് യുഡിഎഫ് സീറ്റുകള്‍ നല്‍കിയിട്ടുണ്ട്. അഴിയൂര്‍ ജില്ലാ പഞ്ചായത്ത് സീറ്റില്‍ ആര്‍എംപിഐയെ പിന്തുണക്കാന്‍ യുഡിഎഫ് നേരത്തെ തന്നെ ധാരണയായിരുന്നു.

വോട്ട് ചോര്‍ത്തിയത്
യുഡിഎഫും ആര്‍എംപിയും തമ്മില്‍ രഹസ്യമായ നീക്കുപോക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ ഈ പഞ്ചായത്തുകളിലൊന്നിലും കഴിഞ്ഞ തവണ ഭരണത്തിലെത്താന്‍ ഇടതുമുന്നണിക്ക് സാധിച്ചിരുന്നില്ല. മേഖലയില്‍ സ്വാധീനം ഉള്ള ജനതാദള്‍ യുഡിഎഫ് ചേരിയിലായതും ഇടതുമുന്നണിയുടെ വോട്ട് ചോര്‍ത്തി. എന്നിരുന്നാലും ഒഞ്ചിയം പഞ്ചായത്തില്‍ കഴിഞ്ഞ തവണ 7 സീറ്റുകളില്‍ വിജയിക്കാന്‍ സിപിഎമ്മിന് സാധിച്ചിരുന്നു.


അഭിമാന പ്രശ്നം
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഒഞ്ചിയം പഞ്ചായത്തില്‍ വിജയം നേടുക എന്നത് ആര്‍എംപിക്കും സിപിഎമ്മിനും ഒരു പോലെ അഭിമാന പ്രശ്നമാണ്. 17 വാർഡുകളുള്ള ഒഞ്ചിയം പഞ്ചായത്തില്‍ ആര്‍എംപിയാണ് ഭരണം നടത്തുന്നത്. യുഡിഎഫിന്റെ മൂന്ന് അംഗങ്ങളും ആര്‍എംപിയുടെ ആറ് അംഗങ്ങളും ചേര്‍ന്ന് ഒമ്പത് പേരാണ് ഭരണപക്ഷത്തുള്ളത്. എല്‍ഡിഎഫിനാകട്ടെ ലോക്താന്ത്രിക് ദള്‍ അടക്കം എട്ട് മെമ്പര്‍മാരും.

പരസ്യമായ നീക്കുപോക്ക്
ദള്‍ മുന്നണിയിലേക്ക് തിരിച്ചെത്തിയത് ഇത്തവണ സിപിഎമ്മിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരുന്നു. എല്‍ജെഡിയുടെ മുന്നണി മാറ്റത്തോടെ മേഖലയില്‍ ഒഞ്ചിയം ഒഴികേയുള്ള എല്ലാ പഞ്ചായത്തുകളിലും ഭരണം തിരികെ പിടിക്കാനും എല്‍ഡിഎഫിന് സാധിച്ചു. ഇതോടെ അപകടം മണത്ത യുഡിഎഫും ആര്‍എംപിയും രഹസ്യധാരണക്ക് പകരം പരസ്യമായ നീക്കുപോക്കുമായി രംഗത്ത് വരികയായിരുന്നു.

യുഡിഎഫ് ബന്ധത്തില്‍ വിള്ളല്‍
തങ്ങള്‍ സ്വതന്ത്രമായി മത്സരിക്കുന്നതിലൂടെയാണ് എല്‍ഡിഎഫ് വിജയിച്ചു പോന്നിരുന്നതെന്നാണ് ആര്‍എംപിഐ അവകാശപ്പെടുന്നത്. സിപിഎമ്മിനെ ഭരത്തില്‍ നിന്നും മാറ്റി നിര്‍ത്താനാണ് യുഡിഎഫ് നീക്കമെന്ന വാദമാണ് ആര്‍എംപി നടത്തിയത്. യുഡിഎഫുമായുള്ള നീക്കുപോക്ക് ഒരു വിഭാഗം പ്രവര്‍ത്തകരില്‍ അസ്വാരസ്യം ഉണ്ടാക്കിയിരുന്നു. ഇത് പരിഹരിച്ച് മുന്നോട്ട് പോകുന്നതിനിടെയാണ് മുന്നണിക്കുള്ളിലും പ്രശ്നങ്ങള്‍ രൂപപ്പെട്ടത്.

പ്രശ്നങ്ങള്‍ക്ക് കാരണം
ധാരണയനുസരിച്ച് വടകര ബ്ലോക്ക് പഞ്ചായത്തില്‍ ആര്‍എംപിക്ക് നല്കിയ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. കല്ലമാല ഡിവിഷനില്‍ സുഗതനാണ് ജനകീയ മുന്നണിയുടെ സ്ഥാനാര്‍ത്ഥി. ആര്‍എംപി ഏരീയ കമ്മറ്റി അംഗമാണ് സുഗതന്. എന്നാല്‍ കോണ്‍ഗ്രസ് വിമതനായ ജയകുമാറും മത്സരരംഗത്ത് എത്തുകായിരുന്നു.

സംസ്ഥാന നേതൃത്വം
വിമത സ്ഥനാര്ത്ഥിയെചൊല്ലി ആസ്വാരസ്യങ്ങല് ശക്തമാകുന്നതിനിടെയാണ് ജയകുമാറിന് പാര്‍ട്ടി സംസ്ഥാന നേതൃത്വം കൈപ്പത്തി ചിഹ്നവും അനുവദിക്കുന്നത്. ഇതോടെ മുന്നണിയില്‍ തര്‍ക്കം രൂക്ഷമായി. ജയകുമാറിന് കൈപ്പത്തി ചിഹ്നം അനുവദിച്ചതിന് പിന്നില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിച്ചിരുന്നു. ജയകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ തുടക്കത്തിലേ കെ മുരളീധരന് രംഗത്തുവരികയുമുണ്ടായി.

കെ മുരളീധരന്റെ നിലപാട്
മുല്ലപ്പള്ളി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയ സാഹചര്യത്തില്‍ വടകരയില്‍ പ്രചാരണത്തിനില്ലെന്നാണ് കെ മുരളീധരന്റെ നിലപാടെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. കല്ലാമലയില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്ന് കെപിസിസി പ്രസിഡന്റി താല്പര്യമുണ്ടായിരുന്നെങ്കില് എന്നോട് പറയാമായിരുന്നു. സീറ്റ് ആര്‍എംപിക്ക് കൈമാറിയ ശേഷം ധാരണ തെറ്റിക്കുന്നത് ശരിയല്ലെന്നും മുരളീധരന് പറഞ്ഞു.

ആര്‍എംപിയും ലീഗും
കല്ലാമല ഡിവിഷനില്‍ ഇന്നലെ നടന്ന ജനകീയ മുന്നണിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും വിട്ടു നില്‍ക്കുകയും ചെയ്തു. കല്ലാമല ഡിവിഷനിലാണ് മുല്ലപ്പള്ളിയുടെ വീട്. മുല്ലപ്പള്ളി അറിയാതെ ജയകുമാര്‍ ഈ ഡിവിഷനില്‍ സ്ഥാനാര്‍ഥിയാകില്ലെന്നാണ് കെ മുരളീധരന് പക്ഷത്തിന്റെ നിലപാട്. മുല്ലപ്പള്ളിക്കെതിരെ ആര്‍എംപിയും ലീഗും രംഗത്ത് എത്തിയിട്ടുണ്ട്.