ജോസഫ് വിഭാഗത്തിന് ആപ്പ് വെച്ച് കോണ്‍ഗ്രസ്; ഒരു വാര്‍ഡില്‍ യുഡിഎഫിന് 2 സ്ഥാനാര്‍ത്ഥികള്‍, ചിരി ഇടതിന്
കോഴിക്കോട്: ജോസ് കെ മാണിയും കൂട്ടരും മുന്നണി വിട്ടത് ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്ന ഉറപ്പാണ് പിജെ ജോസഫ് യുഡിഎഫ് നേതാക്കള്‍ക്ക് നല്‍കിയത്. പൂര്‍ണ്ണമായി അല്ലെങ്കിലും ഒരു പരിധിവരെ പിജെ ജോസഫിന്റെ വാക്കുകളെ കോണ്‍ഗ്രസ് വിശ്വാസത്തിലെടുക്കുകയും ചെയ്തു. അതുകൊണ്ടാണ്ട് കോട്ടയം ജില്ലാ പഞ്ചായത്ത്, പാലാ നഗരസഭ ഉള്‍പ്പടേയുള്ള സ്ഥാപനങ്ങളിലെ സീറ്റ് വിതരണത്തില്‍ ജോസഫ് വിഭാഗത്തിന് യുഡിഎഫ് വലിയ പരിഗണന നല്‍കുകയും ചെയ്തു. എന്നാല്‍ കോഴിക്കോട് ജില്ലയിലേക്ക് എത്തുമ്പോള്‍ കാര്യങ്ങള്‍ തീര്‍ത്തു വ്യത്യസ്തമാണ്.

കൊടുവള്ളി ബ്ലോക്കില്‍
യുഡിഎഫിലെ സീറ്റ് വിതരണത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ പല വാര്‍ഡുകളിലും കോണ്‍ഗ്രസും പിജെ ജോസഫും തമ്മില്‍ നേര്‍ക്കു നേരുള്ള മത്സരമാണ് നടക്കുന്നത്. കൊടുവള്ളി ബ്ലോക്കില്‍ യുഡിഎഫിന് രണ്ട് സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയും ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്ന പേരില്‍ പ്രചാരണവും ആരംഭിച്ചു കഴിഞ്ഞു.

കോണ്‍ഗ്രസിന് വേണ്ടി
കോണ്‍ഗ്രസിന് വേണ്ടി തിരുവമ്പാടി മണ്ഡലം മുന്‍ അധ്യക്ഷന്‍ തോമസ് കളത്തൂരും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വേണ്ടി കര്‍ഷക ശബ്ദം കണ്‍വിനര്‍ ഷിനോയ് അടയ്ക്കാപ്പാറയുമാണ് മത്സരത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത്. പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസം വരെ യുഡിഎഫ് നേതാക്കള്‍ ജോസഫ് വിഭാഗവുമായി ധാരണകളിലെത്തിയിരുന്നില്ല.

കഴിഞ്ഞ തവണ
കഴിഞ്ഞ തവണ മുന്നണിയുടെ ഭാഗമായി കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്ന അഞ്ച്, ഏഴ് വാര്‍ഡുകളും ബ്ലോക്ക് പഞ്ചായത്തിലെ ആനക്കാം പൊയില്‍ ഡിവിഷനും ഇത്തവണയും തങ്ങള്‍ക്ക് വിട്ട് തരണമെന്ന് ജോസഫ് വിഭാഗം യുഡിഎഫ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിരവധി തവണ ചര്‍ച്ച നടന്നെങ്കിലും ഒരു തീരുമാനത്തിലെത്താന്‍ സാധിച്ചിരുന്നില്ല.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
ഇതോടെ ജോസഫ് വിഭാഗം തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ഇറക്കുകയായിരുന്നു. പിന്നീട് നടന്ന ചര്‍ച്ചയില്‍ അഞ്ചാം വാര്‍ഡും ആനക്കാംപൊയില്‍ ബ്ലോക്കും ജോസഫിന് നല്കാന് യുഡിഎഫില്‍ തീരുമാനമായി. തുടര്‍ന്ന് സ്ഥാനാര്‍ത്ഥികളുടെ പത്രിക പിന്‍വലിക്കാനും ധാരണയായിരുന്നു. എന്നാല്‍ ആനക്കാംപൊയിലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചില്ല.

യഥാര്‍ത്ഥ യുഡിഎഫ് സ്ഥാനാര്‍ത്ഥി
ഇതോടെയാണ് ധാരണ പാളിയത്. ആനക്കാംപൊയിലിലെ യഥാര്‍ത്ഥ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരാണെന്ന ആശങ്കയിലാണ് വോട്ടര്‍മാര്‍. ധാരണയുണ്ടാക്കിയിട്ടും കോണ്‍ഗ്രസ് തങ്ങളോട് വിശ്വസ വഞ്ചന നടത്തിയെന്ന ആരോപണവുമായാണ് പിജെ ജോസഫ് പ്രചാരണം നടത്തുന്നത്. എന്നാല്‍ ജോസഫ് വിഭാഗത്തിന്റെ വാദങ്ങള്‍ നിഷേധിക്കുകയാണ് കോണ്‍ഗ്രസ്.

എല്‍ഡിഎഫിലേക്ക്
നേരത്തെ ഈ സീറ്റില്‍ വിജയിച്ചിരുന്ന കേരള കോണ്‍ഗ്രസ് എം അംഗവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും എല്‍ഡിഎഫിലേക്ക് പോയപ്പോള്‍ കോണ്‍ഗ്രസ് ഈ സീറ്റ് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ജിവിന് ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപിക്കുകയായിരുന്നെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ തോമസ് കളത്തൂർ ആണെന്നും യുഡിഎഫ് സ്ഥാനാർഥി എന്ന പേരിൽ മറ്റാരും ഇല്ലെന്നും കോണ്‍ഗ്രസ് പറയുന്നു.

അനുകൂലമാവും
യുഡിഎഫിലെ ഈ പ്രതിസന്ധി തങ്ങള്‍ക്ക് അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. ജോസ് കെ മാണി വിഭാഗത്തിലെ വില്‍സണ്‍ താഴത്തുപറമ്പിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫിലെ വോട്ടുകള്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ വിഭച്ചിച്ചു പോവുമ്പോള്‍ തങ്ങളുടെ വിജയം സുനിശ്ചിതമാണെന്നും ഇടത് നേതാക്കള്‍ അവകാശപ്പെടുന്നു.

കോടഞ്ചേരി ഡിവിഷന്
അതേസമയം ജില്ലാ പഞ്ചായത്ത് കോടഞ്ചേരി ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെമീഷ് ഇളം തുരുത്തിയില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. ഐഎന്‍ടിയുസി, കര്‍ഷ കോണ്‍ഗ്രസ് നിയോജക മണ്ഡലം ഭാരവാഹിയായിരുന്ന ജെമീഷ് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്ന് ഇടത് സ്ഥനാര്ത്ഥിയാവുകയായിരുന്നു. കോൺഗ്രസിലെ ബോസ് ജേക്കബ് ആണ് ഇവിടെ യുഡിഎഫ് സ്ഥാനാർഥി.

ഇടത് സ്ഥാനാര്‍ത്ഥി
പഞ്ചായത്തിലെ പുന്നക്കല്‍ വാര്‍ഡിലെ ഇടത് സ്ഥാനാര്‍ത്ഥി ആലീസ് ബെന്നിയും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചെതിയതാണ്. സ്ഥാനാർഥി ലിസ്റ്റിൽ അവസാന റൗണ്ടിൽ പരിഗണിക്കാതെ വന്നപ്പോൾ കോൺഗ്രസിൽ നിന്ന് രാജിവച്ച് കേരള കോൺഗ്രസ് എമ്മില്‍ ചേരുകയായിരുന്നു. ഷൈനി കൊച്ചു കൈപ്പേലാണ് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.