പേരാമ്പ്ര ഏറ്റെടുക്കും..കെഎം അഭിജിത്ത് സ്ഥാനാർത്ഥി? നിർണായക നീക്കവുമായി കോൺഗ്രസ്
കോഴിക്കോട്; തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലാണ് സംസ്ഥാനത്ത് മുന്നണികൾ.സംസ്ഥാനത്തിന്റെ പതിവ് രീതികൾ തിരുത്തിക്കുറിച്ച് അധികാരതുടർച്ചയ്ക്കുള്ള തന്ത്രങ്ങൾ മെനയുകയാണ് എൽഡിഎഫ്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടികൾ പരിഹരിച്ച് ഭരണം പിടിക്കാനുള്ള ശ്രമങ്ങൾ യുഡിഎഫും ആരംഭിച്ച് കഴിഞ്ഞു.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും നാദാപുരത്തും ഇത്തവണ പൊടിപാറുന്ന പോരാട്ടമാകും തിരഞ്ഞെടുപ്പിൽ നടക്കുകയെന്ന കാര്യത്തിൽ ഏറെകുറെ ചിത്രം വ്യക്തമായിരിക്കുകയാണ്. ഇവിടെ സ്ഥാനാർത്ഥി ചർച്ചകൾ ഇങ്ങനെയാണ്

കേരള കോൺഗ്രസ് മണ്ഡലം
യുഡിഎഫിലായിരിക്കുമ്പോള്‍ 1977 മുതല്‍ കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച മണ്ഡലമാണ് പേരാമ്പ്ര. ഇത്തവണ ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തോടെ മണ്ഡലത്തിൽ ആര് മത്സരിക്കുമെന്ന ചർച്ച ശക്തമാണ്.പിജെ ജോസഫ് വിഭാഗം മണ്ഡലത്തിനായി ആവശ്യം ഉയർത്തിയിട്ടുണ്ടെങ്കിലും ഇത്തവണ പേരാമ്പ്ര കോൺഗ്രസ് ഏറ്റെടുക്കണം എന്ന അഭിപ്രായം പാർട്ടിയിൽ ഉയർന്നിട്ടുണ്ട്

സിറ്റിംഗ് സീറ്റ്
നിലവിൽ മന്ത്രി ടിപി രാമകൃഷ്ണന്റെ സിറ്റിംഗ് സീറ്റാണ് പേരാമ്പ്ര. മണ്ഡലത്തിനായി എൽഡിഎഫിൽ ജോസ് കെ മാണി വിഭാഗം രംഗത്തുണ്ടെങ്കിലും കടുംപിടുത്തം വേണ്ടെന്ന നിലപാടാണ് നേതത്വത്തിന് ഉള്ളത്.അങ്ങനെയെങ്കിൽ പേരാമ്പ്രയ്ക്ക് പകരം തിരുവമ്പാടി കേരളകോൺഗ്രസ് വിഭാഗം ചോദിച്ചേക്കും.

മറ്റൊരു സീറ്റ് നൽകും
ജോസ് കെ മാണിക്ക് മറ്റൊരു സീറ്റ് നൽകുകയാണെങ്കിൽ ടിപി തന്നെയാകും ഇക്കുറിയും മണ്ഡലത്തിൽ സ്ഥാനാർത്ഥി.ശക്തനായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുകയാണെങ്കിൽ മണ്ഡലം പിടിക്കാമെന്ന വികാരം കോൺഗ്രസിലുണ്ട്.കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരാണ് ഇവിടെ ഉയർന്ന്കേൾക്കുന്നത്.

മുല്ലപ്പള്ളി കൊയിലാണ്ടിയില്‍
എന്നാൽ പേരാമ്പ്രയേക്കാൾ കൊയിലാണ്ടിയിൽ മുല്ലപ്പള്ളി മത്സരിക്കുന്നതാണ് ഉചിതം എന്ന നിലപാടിലാണ്
കോൺഗ്രസിലെ ഒരുവിഭാഗം.2009, 14 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്നും മത്സരിച്ച മുല്ലപ്പള്ളി രാമചന്ദ്രന് കൊയിലാണ്ടിയില്‍ നിന്നും ലഭിച്ച മികച്ച ലീഡാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

പ്രതീക്ഷ ഉയർന്ന് കോൺഗ്രസ്
മാത്രമല്ല 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ കെ മുരളീധരൻ മത്സരിച്ചപ്പോൾ നേടിയ വോട്ടുകളും കോൺഗ്രസിന്റെ പ്രതീക്ഷ ഉയർത്തുന്നതാണ്. 21,045 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു മണ്ഡലത്തിൽ മുരളീധരന് ലഭിച്ചത്.ഒരു കാലത്ത് കോൺഗ്രസിന്റെ കോട്ടയായിരുന്ന മണ്ഡലത്തിൽ 1970 മുതൽ 91 വരെ കോൺഗ്രസ് സ്ഥാനാർഥികൾ മാത്രമേ ജയിച്ചിട്ടുള്ളൂ.

2001 മുതൽ
2001 മുതലാണ് കൊയിലാണ്ടിയിൽ എൽഡിഎഫ് കുത്തക ഉറപ്പിച്ച് തുടങ്ങിയത്. തുടർന്ന് നടന്ന മൂന്ന് നിയമസഭ തിരഞ്ഞെടുപ്പിലും എൽഡിഎഫിനായിരുന്നു വിജയം. ഇത്തവണ മുല്ലപ്പള്ളി ഇറങ്ങുകയാണെങ്കിൽ ഇവിടെ അട്ടിമറി ജയം ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം മുല്ലപ്പള്ളിയുടെ പേര് കൽപ്പറ്റ മണ്ഡലത്തിലും പറഞ്ഞ് കേൾക്കുന്നുണ്ട്

കെഎം അഭിജിത്തിന്റെ പേര്
മുല്ലപ്പള്ളി കൊയിലാണ്ടിയിൽ മത്സരിക്കുകയാണെങ്കിൽ കെഎസ്‌യു പ്രസിഡണ്ട് കെ എം അഭിജിത്തിന്റെ പേരാണ് പേരാമ്പ്രയിൽ ഉയർന്ന് കേൾക്കുന്നത്.യുവ മുഖം ഇറങ്ങട്ടേയെന്ന അഭിപ്രായവും പാർട്ടിയിൽ ശക്തമാണ്. ഇന്ന് ചേരുന്ന പാർട്ടി യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തിരുമാനം ഉണ്ടാകും.

നാദാപുരത്ത് ഇങ്ങനെ
അതിനിടെ മറ്റൊരു മണ്ഡലമായ നാദാപുരത്ത് കെപിസിസി ജനറല്‍ സെക്രട്ടറി പ്രവീണ്‍ കുമാറിന്റെ പേരാണ് ശക്തം.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും മണ്ഡലത്തിൽ ശക്തമായ പ്രവർത്തനമാണ് പ്രവീൺ നടത്തുന്നത്. കഴിഞ്ഞ തവണ ഇകെ വിജയനാണ് ഇവിടെ ജയിച്ചത്.
4759 വോട്ടിനാണ് ഇകെ വിജയന്‍ വിജയിച്ചത്.
ഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച രണ്ട് പേര്‍... അഞ്ചക്കം കടക്കാതെ രണ്ട് തവണ; ഇത്തവണ ജീവന്‍മരണ പോരാട്ടം
അധികാരം പിടിക്കണം; അടവ് മാറ്റി യുഡിഎഫ്.. പിസി ജോർജ് എത്തും ഒപ്പം പിസി തോമസും..സീറ്റ് സാധ്യത ഇങ്ങനെ