മാധ്യമപ്രവർത്തകരെ ആക്രമിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി; രണ്ടു പേർക്ക് സസ്പെൻഷൻ
കോഴിക്കോട് : കല്ലായിയിൽ കോൺഗ്രസ് എ ഗ്രൂപ്പിൻ്റെ രഹസ്യയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കോൺഗ്രസ് നേതാക്കൾ ആക്രമിച്ച കേസിൽ നടപടിയുമായി ഡി.സി.സി. രണ്ടു നേതാക്കളെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ സസ്പെൻഡ് ചെയ്തു. രാജീവൻ തിരുവച്ചിറ, ജി.സി.പ്രശാന്ത്കുമാർ എന്നിവർക്കെതിരെയാണ് നടപടി. ഡി.സി.സി ജനറൽ സെക്രട്ടറി സുരേഷ് കീച്ചമ്പ്രയെ പരസ്യമായി താക്കീത് ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ മുൻ അധ്യക്ഷൻ യു. രാജീവൻ മാസ്റ്റർ പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും ഡിസിസി നിർദേശിച്ചു.
ബുധനാഴ്ച രാത്രി ഡി.സി.സിക്ക് കിട്ടിയ അന്വേഷണ റിപ്പോർട്ടും ശുപാർശയും കെ.പി.സി.സിക്ക് കൈമാറിയിരുന്നു. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ്റെ നിർദ്ദശപ്രകാരമാണ് നടപടി. മാധ്യമപ്രവർത്തകർക്ക് നേരെ നടത്തിയ കയ്യേറ്റം കോൺഗ്രസ് സംസ്കാരത്തിന് ചേർന്നതല്ലെന്നാണ് അന്വേഷണ കമ്മീഷന്റെ വിലയിരുത്തൽ.

അക്രമത്തിരായ മാധ്യമപ്രവർത്തകർ, പ്രസ് ക്ലബ് ഭാരവാഹികൾ എന്നിവരിൽ നിന്ന് കമ്മീഷൻ വിശദമായി മൊഴിയെടുത്തിരുന്നു. ആക്രമണത്തിന്റെെ വീഡിയോ ദൃശ്യങ്ങളും പരിശോധിച്ചു. ജില്ലയിലെ മുതിര്‍ന്ന കോൺഗ്രസ് നേതാക്കളായ സി.വി കുഞ്ഞുകൃഷ്ണന്റെയും ജോണ്‍ പൂതക്കുഴിയുടെയും നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനാണ് ഡി.സി.സി പ്രസിഡൻ്റിന് റിപ്പോർട്ട് നൽകിയത്. ഇതേതുടർന്നാണ് ആരോപണവിധേയർക്കെതിരെ ഡി.സി.സി അച്ചടക്ക നടപടി എടുത്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് കല്ലായിയിലെ വുഡീസ് ഹോട്ടലിൽ നടന്ന കോൺഗ്രസ് എ ഗ്രൂപ്പിൻ്റെ രഹസ്യയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയായിരുന്നു കോൺഗ്രസ് നേതാക്കളുടെ അക്രമം. വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ അസഭ്യം പറയുകയും മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും ചെയ്തു.

സംഭവത്തിൽ മാതൃഭൂമി ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാർക്ക് മർദ്ദനമേൽക്കുകയും ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിലെ സി ആർ. രാജേഷ്, കൈരളിയിലെ മേഘ മാധവൻ എന്നിവരെ തടഞ്ഞുവെക്കുകയും ചെയ്തു. മാധ്യമ പ്രവർത്തകരുടെ മൊബൈൽ പിടിച്ചുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഡി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിലും കെ.പി.സി.സി പുനസംഘടനയിലും തഴയപ്പെട്ടതിലുളള കടുത്ത അതൃപ്തിയുടെ സാഹചര്യത്തിലാണ് സ്വകാര്യ ഹോട്ടലില്‍ മുന്‍ ഡി.സി.സി പ്രസിഡൻ്റ് യു രാജീവിന്റെ നേതൃത്വത്തില്‍ വിമത യോഗം ചേര്‍ന്നത്. നെഹ്റു അനുസ്മരണ സമിതി യോഗം എന്ന പേരിലാണ് പ്രവര്‍ത്തകര്‍ രഹസ്യമായി യോഗം സംഘടിപ്പിച്ചത്.

എന്നാല്‍ ചേരുന്നത് വിമത യോഗമാണെന്ന ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ യോഗം നടക്കുന്ന ഹാളിന് പുറത്തെത്തിയതോടെ പ്രകോപിതരായ ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ മാധ്യമപ്രവർത്തകർക്ക് നേരെ ഇരച്ചെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖിന്റെ അനുകൂലികളായിരുന്നു രഹസ്യയോഗം ചേർന്നത്.
മുൻ ഡി.സി.സി പ്രസിഡന്റ് യു. രാജീവൻ മാസ്റ്റർ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ, പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന കഴിഞ്ഞിട്ടില്ല. എല്ലാ പ്രതികളുടെയും വീടുകളിൽ റെയ്ഡ് നടത്തിയിട്ടുണ്ടെന്നും ഉടൻ പ്രതികൾ വലയിലാകുമെന്നും കസബ പൊലീസ് പറഞ്ഞു.
'വേദികയെ തോൽപ്പിക്കും വില്ലത്തി'.. മോഡേൽ ലുക്കിൽ കുടുംബവിളക്കിലെ അമൃത ഗണേഷിന്റ വൈറൽ ചിത്രങ്ങൾ