കോര്‍പ്പറേഷനിലെ സിവില്‍ കോഡിനെതിരായ പ്രമേയത്തിന് കോടതി വിലക്ക്: ബിജെപി ഒളിച്ചോടുന്നുവെന്ന് സിപിഎം
കോഴിക്കോട്: കേഴിക്കോട് കോർപ്പറേഷന്‍ കൗണ്‍സില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയ ഏകീകൃത സിവില്‍ കോഡിനെതിരായ പ്രമേയം പിന്‍വലിക്കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ ചേരാനിരുന്ന കൗണ്‍സില്‍ യോഗത്തിലായിരുന്നു ഏകീകൃത സിവില്‍ കോഡിനെതിരായ പ്രമേയവും അജണ്ടയായി ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടിയെടുക്കുകയുമായിരുന്നു.
സിപിഎം നേതാവും കോർപ്പറേഷന്‍ 73-ാം വാർഡ് കൗണ്‍സിലറുമായ മുരളധീരനാണ് ഏകീകൃത സിവില്‍ കോഡിനെതിരായ പ്രമേയത്തിന് അനുമതി തേടിക്കൊണ്ടുള്ള നോട്ടീസ് നല്‍കിയിരുന്നത്. ഇതിനെ തുടർന്ന് പ്രമേയം അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ബി ജെ പി കൗണ്‍സിലര്‍ നവ്യ ഹരിദാസ് മേയര്‍ക്കും കോർപ്പറേഷന്‍ സെക്രട്ടറിക്കും നോട്ടിസ് നല്‍കി. എന്നാല്‍ പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കാന്‍ കോർപ്പറേഷന്‍ തയ്യാറായില്ല. ഇതോടെയാണ് ബിജെപി ഹൈക്കോടതിയെ സമീപിക്കുന്നതും അനുകൂല വിധി നേടിയെടുക്കുന്നതും.

അതേസമയം, ഏകീകൃത സിവില്‍ കോഡ് പോലൊരു വിഷയം ചർച്ച ചെയ്യാന്‍ പോലും ബിജെപി എത്രത്തോളും ഭയപ്പെടുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് കൗണ്‍സിലർ മുരളീധരന്‍ വണ്‍ ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന ഒരു വിഷയമാണ് ഏകീകൃത സിവില്‍ കോഡ്. അതിനെതിരായ ചർച്ച കോർപ്പറേഷനിലും ഉയരേണ്ടതാണ് അതുകൊണ്ടാണ് ഇത്തരമൊരു പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ടുള്ള നോട്ടീസ് മേയർക്ക് നല്‍കിയതെന്നും മുരളീധരന്‍ പറഞ്ഞു.
'വിഷയത്തില്‍ ബിജെപിക്ക് എതിർപ്പുണ്ടെങ്കില്‍ പ്രമേയത്തിന്മേലുള്ള ചർച്ചയില്‍ തങ്ങളുടെ വാദം അവർക്ക് ഉയർത്താം. സാധാരണയായി ചർച്ചകള്‍ക്ക് അരമണിക്കൂർ സമയമാണ് അനുവദിക്കുന്നതെങ്കിലും ഇത്തരത്തില്‍ പ്രധാനപ്പെട്ട വിഷയങ്ങളാണെങ്കില്‍ ചർച്ച ഒന്നര മണിക്കൂർ വരെ നീണ്ട് പോവാറുണ്ട്. മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും മുമ്പിലായി എല്ലാവർക്കും തങ്ങളുടെ ഭാഗം അവതരിപ്പാനുള്ള സമയം ഉണ്ടാവുമെന്ന് വ്യക്തം. എന്നാല്‍ ഇതിന് തയ്യാറാവാതെ ചർച്ചയില്‍ നിന്നും ജനങ്ങളില്‍ ഒളിച്ചോടുന്ന സമീപനമാണ് ബിജെപി സ്വീകരിച്ചത്' , മുരളീധരന്‍ അഭിപ്രായപ്പെട്ടു.
പ്രമേയ അവതരണത്തിനെതിരായ നിർദേശം കോടതിയില്‍ നിന്നുണ്ടായതിനാല്‍ ഇന്ന് നോട്ടീസിന് അനുമതി ലഭിച്ചേക്കില്ല. പക്ഷെ നിയമപരമായ നടപടിയുമായി ഞങ്ങളും മുന്നോട്ട് പോവും. ഇത് ആദ്യമായല്ല ഇത്തരം വിഷയങ്ങളില്‍ കോർപ്പറേഷനില്‍ പ്രമേയം പാസാക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കല്‍, പൗരത്വ ഭേദഗതി തുടങ്ങി രാജ്യത്തിന് അകത്തും പുറത്തുമുള്ള നിരവധി വിഷയങ്ങള്‍ ചർച്ച ചെയ്യുകയും പ്രമേയം പാസാക്കുകയും ചെയ്ത ചരിത്രമുള്ള കോർപ്പറേഷനാണ് കോഴിക്കോട് കോർപ്പറേഷന്‍.
അതുകൊണ്ട് തന്നെ ഏകീകൃത സിവില്‍ കോഡിനെതിരായ പ്രമേയത്തിന് അനുമതി തേടിക്കൊണ്ടുള്ള നിയമപരമായ നടപടിയുമായി ഇടതുപക്ഷം മുന്നോട്ട് പോവും. വിഷയവുമായി ബന്ധപ്പെട്ട ഒരു ചെറിയ പ്രമേയത്തെ പോലും ഭയപ്പെടുകയാണ് ബിജെപി. അല്ലെങ്കില്‍ എന്തുകൊണ്ടാണ് തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിക്കാനുള്ള ഈ അവസരം ഉപയോഗപ്പെടുത്താതെ അവർ ഒളിച്ചോടുന്നതെന്നും കൗണ്‍സിലർ മുരളീധരന്‍ ചോദിച്ചു.












Click it and Unblock the Notifications