മനോരമ വാര്‍ത്ത ശുദ്ധ അസംബന്ധം; വടകരയില്‍ തോല്‍ക്കുമെന്ന് വിലയിരുത്തലില്ല... പത്രക്കുറിപ്പിറക്കി സിപിഎം
കോഴിക്കോട്: മലയാള മനോരമ പത്രത്തിനെതിരെ ഏറ്റവും അധികം രംഗത്ത് വന്നിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടി ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉണ്ടാകൂ. അത് സിപിഎം എന്നായിരിക്കും. കമ്യൂണിസത്തോട് മനോരമയ്ക്ക് ഉള്ള വിരോധം സംബന്ധിച്ച് കഥകള്‍ ഏറെ പ്രചാരത്തിലും ഉണ്ട്.
മനോരമയ്‌ക്കെതിരെ സിപിഎം വീണ്ടും പരസ്യമായി രംഗത്തെത്തിയതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത. വടകരയില്‍ തോല്‍വിയ്ക്ക് സാധ്യതയെന്ന് സിപിഎം വിലയിരുത്തല്‍ എന്ന തലക്കെട്ടില്‍ മലായള മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്ത നിരാകരിച്ചുകൊണ്ടാണ് സിപിഎം പത്രക്കുറിപ്പ് പുറത്തിറക്കിയത്. വിശദാംശങ്ങള്‍...

അസംബന്ധമെന്ന്
വടകരയില്‍ എല്‍ഡിഎഫ് തോല്‍ക്കാന്‍ സാധ്യതയുണ്ട് എന്ന് സിപിഎം വിലയിരുത്തുന്നു എന്നതായിരുന്നു മനോരമ വാര്‍ത്ത. ഏപ്രില്‍ 12 ന് പുറത്തിറങ്ങിയ പത്രത്തില്‍ ആയിരുന്നു വാര്‍ത്ത. ഇത് ശുദ്ധ അസംബന്ധമാണെന്നാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയത്.

ആശയക്കുഴപ്പം സൃഷ്ടിക്കാന്‍
ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് എല്‍ഡിഎഫ് അനുഭാവികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ഈ വാര്‍ത്തയെന്നും സിപിഎം ആരോപിക്കുന്നു. മലയാള മനോരമയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് പത്രക്കുറിപ്പ് തുടരുന്നത്.

കുത്സിത നീക്കം
ഇത്തരം റിപ്പോര്‍ട്ടുകള്‍ മനോരമയുടെ കുത്സിത നീക്കത്തിന്റെ ഭാഗമാണെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് വിമര്‍ശിക്കുന്നു. സ്വന്തം ആഗ്രങ്ങളും ഊഹാപോഹങ്ങളും ആണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍ എന്ന നിലയില്‍ മനോരമ വാര്‍ത്തയായി പ്രചരിപ്പിക്കുന്നത് എന്നും വിമര്‍ശിക്കുന്നുണ്ട്.

മാധ്യമ തന്ത്രം
മനോരമ മാത്രമല്ല, മറ്റ് ചില മാധ്യങ്ങളും വടകര എല്‍ഡിഎഫിന് നഷ്ടപ്പെടും എന്ന് പ്രചരിപ്പിക്കുന്നുണ്ട്. ഇത് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ഒരു മാധ്യമ തന്ത്രം മാത്രമാണെന്നും സിപിഎം കുറ്റപ്പെടുത്തുന്നുണ്ട്. ഇത് തിരിച്ചറിയണം എന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

മുഴുവന്‍ സീറ്റിലും
കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിക്കും എന്നാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പിന് ശേഷം ബൂത്തുതലത്തില്‍ പരിശോധിച്ച് തയ്യാറാക്കിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍ എന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് വിശദീകരിക്കുന്നുണ്ട്.

കുറ്റ്യാടി തിരിച്ചുപിടിക്കും
വടകരയും കൊടുവള്ളിയും എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ പത്രക്കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ തവണ കൈവിട്ട കുറ്റ്യാടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളും ഇത്തവണ തിരിച്ചുപിടിക്കുമെന്നും സെക്രട്ടേറിയറ്റ് അവകാശപ്പെട്ടു.

കഴിഞ്ഞ തവണ
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ 13 സീറ്റുകളില്‍ 11 എണ്ണത്തിലും എല്‍ഡിഎഫ് ആയിരുന്നു വിജയിച്ചത്. കുറ്റ്യാടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. രണ്ട് സീറ്റിലും വിജയിച്ചത് മുസ്ലീം ലീഗ് ആണ്.

വടകരയില്‍
ഇത്തവണ വടകരയില്‍ ആര്‍എംപിയുടെ കെകെ രമയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫിന്റെ ഭാഗമല്ലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിട്ടാണ് രമ മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച് ഇരുപതിനായിരത്തില്‍ പരം വോട്ടുകള്‍ നേടിയിരുന്നു കെകെ രമ.












Click it and Unblock the Notifications