സംഘപരിവാർ രാഷ്ട്രീയതന്ത്രത്തില്‍ ലീഗ് കുരുങ്ങി, വിമർശനവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി
കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് ടിടി ഇസ്മയിൽ ബിജെപി വേദിയിലെത്തിയ സംഭവത്തിൽ വിമർശനവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. മുസ്ലീം ലീഗ് നേതാവിനെ ബിജെപി വേദിയിൽ പൊന്നാട അണിയിച്ചാണ് സ്വീകരിച്ചത്. സംഘപരിവാറിന്‍റെ രാഷ്ട്രീയതന്ത്രത്തില്‍ ലീഗ് കുരുങ്ങിയതിന്‍റെ സൂചനയാണിതെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പി മോഹനന്റെ വാക്കുകൾ: '' ബി.ജെ.പി വേദിയില്‍ ആര്‍.എസ്.എസുകാരുടെ ഭാരത് മാതാ കീ ജയ് വിളികള്‍ക്കിടയില്‍ ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അണിയിച്ച പൊന്നാട ഏറ്റുവാങ്ങിയ മുസ്ലീംലിഗ് നേതാവ് ടി.ടി.ഇസ്മയിലിന്‍റെ നടപടിയില്‍ മുസ്ലീംലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണം. ന്യൂനപക്ഷ മുസ്ലീം സമുദായത്തിനെതിരായ വിദ്വേഷ പ്രചരണവും വംശീയ ഉന്മൂലനവും രാഷ്ട്രീയതന്ത്രവും ലക്ഷ്യമായി സ്വീകരിച്ചിട്ടുള്ള സംഘപരിവാര്‍ നേതാക്കളൊരുക്കിയ വേദിയില്‍ എന്തിന്‍റെ പേരിലായാലും മുസ്ലീം സമുദായത്തിന്‍റെ പാര്‍ടിയെന്ന് അവകാശപ്പെടുന്ന ലീഗ് നേതാവ് ആദരിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്നതിന് മറുപടി പറയാന്‍ ലീഗ് നേതൃത്വത്തിന് ബാധ്യതയുണ്ട്.
മുസ്ലീങ്ങള്‍ക്ക് പൗരത്വം നിഷേധിക്കുന്ന നിയമഭേദഗതി കൊണ്ടുവന്നവരാണ് ബി.ജെ.പിക്കാര്‍. തങ്ങളുടെ മതപരമായ സ്വത്വവും സംസ്കാരവും നിലനിര്‍ത്താനുള്ള ഭരണഘടനാ അവകാശങ്ങളെ പോലും ഇല്ലാതാക്കുന്ന ഹിന്ദുത്വവാദികളുടെ പാര്‍ടിയുമായുള്ള ചങ്ങാത്തം പഴയകോലീബി സഖ്യത്തിന്‍റെ തുടര്‍ച്ച മാത്രമായി കാണാനാവില്ലെന്ന് പ്രസ്താവന പറയുന്നു. പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും കേരളത്തില്‍ ഉള്ള അക്കൗണ്ടും പൂട്ടിപ്പോയ ബി.ജെ.പിക്ക് സ്വാധീനമുറപ്പിക്കാനുള്ള സംഘപരിവാറിന്‍റെ രാഷ്ട്രീയതന്ത്രത്തില്‍ ലീഗ് കുരുങ്ങിയതിന്‍റെ സൂചനയാണിതെന്ന് വേണം കരുതാന്‍.

കെ.സുധാകരന്‍റെ നേതൃത്വത്തില്‍ ബി.ജെ.പിയുടെ ഒക്കച്ചങ്ങായിമാരായി അധഃപതിച്ച കോണ്‍ഗ്രസും യു.ഡി.എഫും ബി.ജെ.പിക്കാരുമായി ചേര്‍ന്ന് കേരള വികസനത്തിനും ഇടതുപക്ഷ സര്‍ക്കാരിനുമെതിരെ നടത്തുന്ന പുതിയ വിമോചനസമരത്തിന്‍റെയും വലതുപക്ഷ ഐക്യത്തിന്‍റെയും സൂചനയാണ് ലീഗ് നേതാവിന് ബി.ജെ.പി വേദിയില്‍ ലഭിച്ച ആദരം. ഭാരത് മാതാ കീ ജയ് വിളിച്ചുകൊണ്ടാണ് ലീഗ് നേതാവിനെ ഹിന്ദുത്വവാദികള്‍ ഷാളണിയിച്ച് ആദരിച്ചതെന്ന കാര്യത്തില്‍ ലീഗ് നേതൃത്വത്തിന് അസ്വാഭാവികമായൊന്നും തോന്നാത്തത് അവരുടെ അറിവോടെ നടന്ന ഒരു കോലീബി കളിയായതുകൊണ്ടാവാമെന്നകാര്യം ഉറപ്പാണ്.
കേരളത്തിലെ മതനിരപേക്ഷവാദികളും ഇസ്ലാം മതവിശ്വാസികളും, ബോലോ ഭാരത് മാതാ കീ ജയ് വിളികള്‍ക്കിടയില്‍ ബി.ജെ.പിക്കാരുടെ പൊന്നാട ഏറ്റുവാങ്ങിയ ലീഗ് നേതാവിന്‍റെ നടപടി പൊറുത്തുകൊടുക്കില്ലെന്ന് ലീഗ് നേതാക്കള്‍ മനസ്സിലാക്കണമെന്ന് പ്രസ്താവനയില്‍ പറയുന്നു. ബോലോ ഭാരത് മാതയും ജയ് ശ്രീറാമും വിളിച്ചാണ് ഹിന്ദുത്വവാദികള്‍ ബാബറി മസ്ജിദ് തകര്‍ത്തതെന്നും ബോലോ ഭാരത് മാതാ വിളിച്ചാണവര്‍ ഗുജറാത്തില്‍ 2000 ലേറെ മുസ്ലീങ്ങളെ വംശഹത്യക്ക് ഇരയാക്കിയതെന്നും ലീഗ് നേതാക്കള്‍ മറന്നുപോകാന്‍ പാടില്ലാത്തതാണ്.
ഗോഹത്യ യുടെ പേരില്‍ ദാത്രിയില്‍ മുഹമ്മദ് അഖ്ലാക്കിനെയും ഹരിയാനയില്‍ ഫസലൂഖാനെയും ജുനൈദിനെയും തല്ലിക്കൊന്നത് ബോലോ ഭാരത് മാതയും ജയ് ശ്രീറാമും അലറി വിളിച്ചുകൊണ്ടായിരുന്നു. ന്യൂനപക്ഷങ്ങളുടെ ചോരയില്‍ കുതിര്‍ന്ന ഷാള്‍ ആദരവായി ഏറ്റുവാങ്ങുന്ന ലീഗ് നേതാക്കള്‍ സംഘപരിവാറിന്‍റെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വംശഹത്യാ രാഷ്ട്രീയത്തിന് മൂര്‍ച്ച കൂട്ടിക്കൊടുക്കുന്ന പണിയാണ് എടുക്കുന്നതെന്ന് തിരിച്ചറിയണം. മതവിശ്വാസികളുള്‍പ്പെടെ എല്ലാ വിഭാഗം മതനിരപേക്ഷശക്തികളും മുസ്ലീംലീഗിന്‍റെയും യു.ഡി.എഫിന്‍റെയും നേതൃത്വത്തിന്‍റെ ബി.ജെ.പി ബാന്ധവത്തിനെതിരെ രംഗത്തിറങ്ങണം'.












Click it and Unblock the Notifications