സിപിഐക്ക് മുമ്പേ കേരള കോണ്‍ഗ്രസ്? ജോസ് കെ മാണിയെ ആദ്യം ക്ഷണിച്ചതില്‍ ചര്‍ച്ച
കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ സിപിഐ പ്രതിനിധിയെക്കാള്‍ മുമ്പ് സംസാരിച്ചത് കേരള കോണ്‍ഗ്രസ് പ്രതിനിധി. എല്‍ഡിഎഫില്‍ ആരാണ് വലുത് എന്ന ചോദ്യം പലപ്പോഴായി ഉയരുന്നതിനിടെയാണിത്. കേരള കോണ്‍ഗ്രസ് പ്രതിനിധിയായി ചെയര്‍മാന്‍ ജോസ് കെ മാണിയാണ് പങ്കെടുത്തത്. സിപിഐ പ്രതിനിധിയായി ഇകെ വിജയന്‍ എംഎല്‍എയും.
സെമിനാറുമായി ബന്ധപ്പെട്ട് സിപിഐക്ക് നേരത്തെ ചില അതൃപ്തികളുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സിപിഎം മാത്രം കാര്യങ്ങള്‍ തീരുമാനിക്കുന്നു എന്നതാണ് സിപിഐയുടെ അതൃപ്തിക്ക് കാരണം. മാത്രമല്ല, ഘടകകക്ഷികളോട് ആലോചിക്കാതെ മുസ്ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതും സിപിഐയുടെ അനിഷ്ടത്തിന് കാരണമായി.

സിപിഐ ജില്ലാ നേതാക്കള്‍ സംഘാടക സമിതിയില്‍ അംഗമാണ്. ഏക സിവില്‍ കോഡ് വിഷയത്തില്‍ മറിച്ചൊരു അഭിപ്രായമില്ലാത്തതിനാല്‍ ജില്ലാ നേതാക്കള്‍ക്ക് പരിപാടിയുമായി സഹകരിക്കാമെന്ന് നേതൃത്വം പറഞ്ഞിട്ടുണ്ട്. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തില്ല. ദേശീയ കൗണ്‍സില്‍ ചേരുന്നതിനിലാണ് മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കാത്ത് എന്നാണ് വിശദീകരണം.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സംസാരിച്ച ശേഷമാണ് ജോസ് കെ മാണിയെ ക്ഷണിച്ചത്. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും അതിനെതിരായ മുന്നേറ്റത്തിന്റെ ഭാഗമാണ് ഈ സെമിനാര്‍ എന്നും ജോസ് കെ മാണി പറഞ്ഞു. മതത്തിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ആദ്യം ശ്രമിച്ചത് ബ്രിട്ടീഷുകാരാണ്. അതിനെ ചെറുത്ത് മുന്നോട്ട് പോകവെയാണ് കേന്ദ്ര സര്‍ക്കാര്‍ ആ നീക്കവുമായി വരുന്നത്...
ഏക സിവില്‍ കോഡ് ഒറ്റപ്പെട്ട നടപടിയല്ല. പൗരത്വ ഭേദഗതി നിയമവും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമവും രാജ്യത്തിന്റെ സവിശേഷത ഇല്ലാതാക്കുന്നതിന്റെ ഭാഗമാണ്. അതില്‍ അവസാന ആയുധമാണ് യുസിസി. മണിപ്പൂരിന്റെ മണ്ണും ഹൃദയവും വിഭജിക്കപ്പെട്ടിരിക്കുകയാണ്. ആസൂത്രിതമായ സംഭവങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.
ഏക സിവില്‍ കോഡിനെതിരെ രാജ്യത്ത് നടക്കുന്ന ആദ്യത്തെ പ്രതിഷേധ പരിപാടിയാണ് കോഴിക്കോട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാര്‍. നിരവധി മത സംഘടനാ പ്രതിനിധികളും സെമിനാറിനെത്തി. ആയിരക്കണക്കിന് ജനങ്ങള്‍ നേതാക്കളുടെ പ്രസംഗം കേള്‍ക്കാനെത്തിയിരുന്നു. ഏക സിവില്‍ കോഡിനെതിരെ ആര് രംഗത്തുവന്നാലും കൂടെയുണ്ടാകുമെന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം പറഞ്ഞു.












Click it and Unblock the Notifications