ലൗ ജിഹാദ് പരാമര്‍ശം പാർട്ടി വിരുദ്ധം; ജോര്‍ജ് എം തോമസിന് സിപിഎമ്മിന്റെ പരസ്യ ശാസന
കോഴിക്കോട്: ലൗ ജിഹാദ് വിവാദ പരാമര്‍ശം നടത്തിയ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും തിരുവമ്പാടി മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം തോമസിന് പാര്‍ട്ടിയുടെ പരസ്യ ശാസന. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ജോര്‍ജ് എം തോമസിന് എതിരെ നടപടിയെടുക്കാന്‍ തീരുമാനമുണ്ടായത്. തെറ്റ് ഏറ്റുപറഞ്ഞതിനാല്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കുന്നില്ലെന്ന് പാര്‍ട്ടി ജില്ലാ നേതൃത്വം വ്യക്തമാക്കി.
കോടഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ മിശ്രവിവാഹം വിവാദമായതിന് പിന്നാലെയാണ് ജോര്‍ജ് എം തോമസ് ലൗ ജിഹാദ് പരാമര്‍ശം നടത്തിയത്. കോടഞ്ചേരിയിലേത് ലൗ ജിഹാദ് അല്ലെന്നും എന്നാല്‍ കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നുമായിരുന്നു സിപിഎം നേതാവിന്റെ നിലപാട്. മാത്രമല്ല ലൗ ജിഹാദിനെ കുറിച്ച് പാര്‍ട്ടി രേഖകളില്‍ പറയുന്നുണ്ടെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു. വിവാദമായതോടെ പ്രസ്താവന തിരുത്തി രംഗത്ത് വരികയും ചെയ്തു. ജോര്‍ജ് എം തോമസിന്റെ പരാമര്‍ശത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷനും കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും അടക്കമുളളവര്‍ തളളിപ്പറഞ്ഞിരുന്നു.

പാര്‍ട്ടി വിരുദ്ധ നിലപാടാണ് ജോര്‍ജ് എം തോമസിന്റെത് എന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. സിപിഎമ്മിന്റെ ഒരു രേഖയിലും ലൗ ജിഹാദ് ഉണ്ടെന്ന് പറയുന്നില്ലെന്ന് സ്പീക്കര്‍ എംബി രാജേഷും പ്രതികരിച്ചു. ആദ്യഘട്ടത്തില്‍ ജോര്‍ജ് എം തോമസിന് സംഭവിച്ചത് നാക്ക് പിഴയാണെന്ന് കോഴിക്കോട് സിപിഎം നേതൃത്വം ന്യായീകരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജോര്‍ജ് എം തോമസിനെതിരെ നടപടി വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാട് സ്വീകരിച്ചു. ഇതോടെയാണ് കോഴിക്കോട് ജില്ലാ കമ്മിറ്റി ജോര്‍ജ് എം തോമസിന് പരസ്യ ശാസന നല്‍കാന്‍ തീരുമാനിച്ചത്.
ജില്ലാ കമ്മിറ്റി യോഗത്തില്‍ ജോര്‍ജ് എം തോമസ് തന്റെ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. സിപിഎമ്മിന്റെ മതേതര നിലപാടിന് വിരുദ്ധമായ നിലപാടാണ് ജോര്‍ജ് എം തോമസ് സ്വീകരിച്ചത് എന്ന് യോഗത്തിന് ശേഷം പി മോഹനന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ജില്ലാ കമ്മിറ്റിയിലും ജോര്‍ജ് എം തോമസ് ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ നടപടി പരസ്യ ശാസനയില്‍ ഒതുക്കാനാണ് പാര്‍ട്ടി തീരുമാനം എന്നും പി മോഹനന്‍ വ്യക്തമാക്കി. ജോർജ് എം തോമസിന്റെ പ്രസ്താവന ബിജെപി അടക്കം ഏറ്റെടുത്തത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.












Click it and Unblock the Notifications