ഇടത് കോട്ട പൊളിക്കാൻ രണ്ട് തവണ സഹായം, കല്ലാമലയെച്ചൊല്ലി മുല്ലപ്പളളി-ആർഎംപി ബന്ധത്തിൽ വിളളൽ
വടകര: കല്ലാമല സ്ഥാനാര്‍ത്ഥി തര്‍ക്കത്തെ തുടര്‍ന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ആര്‍എംപിയും തമ്മിലുളള ബന്ധത്തില്‍ വിളളല്‍ വീണിരിക്കുകയാണ്. ആര്‍എംപി സ്ഥാനാര്‍ത്ഥിയെ കൂടാതെ അവസാന നിമിഷം മുല്ലപ്പളളിയുടെ നോമിനിയായി ജയകുമാര്‍ എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
വടകരയിലെ നാല് പഞ്ചായത്തുകളില്‍ യുഡിഎഫിനൊപ്പം ജനകീയ മുന്നണിയായാണ് ആര്‍എംപി മത്സരിക്കുന്നത്. ധാരണയ്ക്ക് വിരുദ്ധമായി മുല്ലപ്പളളി സ്ഥാനാര്‍ത്ഥിയെ ഇറക്കിയതോടെ വടകരയില്‍ അതൃപ്തി കനക്കുകയാണ്. സിപിഎം കോട്ടയായിരുന്ന വടകരയില്‍ രണ്ട് തവണ എംപിയാകാന്‍ മുല്ലപ്പളളിക്ക് സഹായം ആര്‍എംപി ആയിരുന്നു.

ധാരണ അട്ടിമറിച്ച് നീക്കം
വടകരയില്‍ വിജയിക്കാന്‍ സിപിഎം ശക്തമായ പ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് സിപിഎമ്മിനെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ ആര്‍എംപിയും കോണ്‍ഗ്രസും കൈ കോര്‍ത്തത്. ഒഞ്ചിയം, ഏറാമല, അഴിയൂര്‍, ചോറോട് പഞ്ചായത്തുകളിലാണ് ജനകീയ മുന്നണിയായി ഇരുകൂട്ടരും മത്സരിക്കുന്നത്. അതിനിടെയാണ് ധാരണ അട്ടിമറിച്ച് കൊണ്ടുളള മുല്ലപ്പളളിയുടെ നീക്കം.

മുല്ലപ്പളളിയുടെ നോമിനി
കല്ലാമല ബ്ലോക്ക് ഡിവിഷന് ആര്‍എംപിക്ക് നല്കിയതായിരുന്നു. ആര്‍എംപി ഏരിയ കമ്മിറ്റി അംഗമായ സുഗതനെ ഇവിടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് പ്രചാരണം ആരംഭിക്കുകയും ചെയ്തു. അതിനിടെയാണ് മുല്ലപ്പളളിയുടെ ആളായി കോണ്‍ഗ്രസ് നേതാവ് ജയകുമാറും ഇവിടേക്ക് സ്ഥാനാര്‍ത്ഥിയായി എത്തിയത്. ജയകുമാറിന് കോണ്‍ഗ്രസ് നേതൃത്വം കൈപ്പത്തി ചിഹ്നവും അനുവദിച്ചു.

ആര്‍എംപി സഹായം
ഇതോടെ ആര്‍എംപി നേതൃത്വം ഇടഞ്ഞു. കെപിസിസി നേതൃത്വത്തെ തളളി ആര്‍എംപി സ്ഥാനാര്‍ത്ഥിക്കൊപ്പം നില്‍ക്കാനാണ് യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെയും മുസ്ലീം ലീഗിന്റെയും തീരുമാനം. വടകര ലോക്സഭാ മണ്ഡലത്തില്‍ നിന്നും സിപിഎമ്മിനെ തോല്‍പ്പിച്ച് രണ്ട് വട്ടം പാര്‍ലമെന്റിലെത്താന്‍ മുല്ലപ്പളളിക്ക് ആര്‍എംപി സഹായം വലിയ തോതില്‍ തന്നെ ലഭിച്ചിരുന്നു.

സിപിഎം കോട്ട പിടിക്കാൻ
സിപിഎം ഒന്നര ലക്ഷം ഭൂരിപക്ഷത്തില്‍ ജയിച്ച് കയറിയിരുന്ന മണ്ഡലമായിരുന്നു വടകര. എന്നാല്‍ ടിപി ചന്ദ്രശേഖരന്റെ നേതൃത്വത്തിലുളള വിമത നീക്കവും ആര്‍എംപി രൂപീകരണവും വടകരയില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയായി. ഇടതുപക്ഷത്ത് നിന്ന് പി സതീദേവിയും യുഡിഎഫില്‍ നിന്ന് മുല്ലപ്പളളിയും വടകരയില്‍ മത്സരിക്കാനിറങ്ങി.

വടകര സീറ്റ് നിലനിര്‍ത്തി
ആര്‍എംപി സ്ഥാനാര്‍ത്ഥിയായി ടിപി ചന്ദ്രശേഖരനും മത്സര രംഗത്തുണ്ടായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ ടിപി ചന്ദ്രശേഖരന് 21,000ത്തോളം വോട്ട് പിടിച്ചു. ഇതോടെ സിപിഎം കോട്ടയില്‍ അന്പതിനായിരത്തിന് മുകളില്‍ വോട്ട് നേടി മുല്ലപ്പളളി വിജയിച്ചു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും മുല്ലപ്പളളി വടകര സീറ്റ് നിലനിര്‍ത്തി.

യുഡിഎഫിന് വോട്ട് മറിച്ചെന്ന്
എഎന്‍ ഷംസീറിനെയാണ് വടകരയില്‍ ഇക്കുറി സിപിഎം ഇറക്കിയത്. അതിനിടെ ടിപി ചന്ദ്രശേഖരന് കൊല്ലപ്പെട്ടിരുന്നു. കടുത്ത പോരാട്ടമാണ് വടകരയില്‍ നടന്നത്. ആര്‍എംപിയും ശക്തമായി തന്നെ മത്സര രംഗത്തുണ്ടായിരുന്നു. 2009ലെ ഭൂരിപക്ഷം മുല്ലപ്പളളിക്ക് നിലനിര്‍ത്താനായില്ലെങ്കിലും വിജയിച്ചു. ആര്‍എംപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് കുറഞ്ഞതിന് കാരണം യുഡിഎഫിന് വോട്ട് മറിച്ചതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

കടുത്ത അതൃപ്തി
വടകരയില്‍ നിന്നും രണ്ട് തവണ തന്നെ ലോക്സഭയിലേക്ക് വിജയിപ്പിക്കാന്‍ സഹായിച്ച ആര്‍എംപിയുമായി മുല്ലപ്പള്ളി രാമചന്ദ്രന് നല്ല ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു. എന്നാല്‍ കല്ലാമലയിലെ സ്ഥാനാര്‍ത്ഥി തര്‍ക്കത്തോടെ ആര്‍എംപിയില്‍ മുല്ലപ്പളളിക്കെതിരെ അതൃപ്തി പുകയുകയാണ്. മുല്ലപ്പളളിയുടെ നീക്കത്തിന് എതിരെ കോണ്‍ഗ്രസിനുളളില്‍ നിന്നും അതൃപ്തി ഉയര്‍ന്നിട്ടുണ്ട്.