'മുഖം തിരിച്ചറിയാൻ പോലും കഴിയാത്ത വിധം മാറിയിരുന്നു': സാറയുടെ വിയോഗത്തില്‍ തേങ്ങി താമരശ്ശേരി
താമരശ്ശേരി: ടെക്ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെയുണ്ടായ ദുരന്തത്തില്‍ തേങ്ങി കോഴിക്കോട് താമരശ്ശേരിയും. മരണപ്പെട്ട നാല് വിദ്യാർത്ഥികളില്‍ ഒരാള്‍ താമരശ്ശേരി വയലപ്പള്ളിൽ സാറാ തോമസാണ്. ആദ്യഘട്ടത്തില്‍ താമരശ്ശേരി സ്വദേശിയായ വിദ്യാർത്ഥി മരിച്ചു എന്ന വിവരം മാത്രമായിരുന്നു പുറത്ത് വന്നത്. കോരങ്ങാട് തൂവ്വക്കുന്നുമ്മിൽ വാടകയ്ക്ക് താമസിക്കുന്ന തോമസ് സ്‌കറിയ(സാജൻ)യുടെമകളാണ് സാറ.
വിവരം അറിഞ്ഞ് നാട്ടുകാർ വീട്ടിലേക്ക് എത്തുമ്പോള്‍ മുത്തശ്ശി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കൊച്ചുമകൾക്ക് അപായം സംഭവിച്ച വിവരം അവരെ ആരും അറിയിച്ചിരുന്നില്ല. തിക്കിലും തിരക്കിലുംപെട്ട് സാറാ തോമസ് അവശനിലയിലാണെന്ന വിവരമാണ് കുസാറ്റിൽ ജോലിചെയ്യുന്ന ബന്ധു ഫോണിൽ ആദ്യം വിളിച്ച് അറിയിച്ചിരുന്നത്. സാറയുടെ പിതാവ് തോമസിന്റെ സഹോദരീപുത്രന്റെ ഭാര്യ കുസാറ്റിൽ അധ്യാപികയാണ്.

വിവരം അറിഞ്ഞ ഉടന്‍ തന്നെ തോമസ് സ്‌കറിയയും ഭാര്യ കൊച്ചുറാണിയും ഇളയമകൾ സാനിയയുംകൂടി കാറിൽ എറണാകുളത്തേക്ക് യാത്ര തിരിച്ചു. കുട്ടിയുടെ മുഖം തിരിച്ചറിയാൻ പോലും കഴിയാത്ത വിധം മാറിയിരുന്നുവെന്നാണ് ബന്ധു മാധ്യമങ്ങളോട് വ്യക്തമാക്കിയത്. കൂടെയുണ്ടായിരുന്ന സാറയുടെ സുഹൃത്താണ് മരിച്ചത് സാറ തന്നെയാണെന്ന് തിരിച്ചറിഞ്ഞത്
താമരശ്ശേരി കോരങ്ങാട് അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പഠനത്തിൽ മിടുക്കിയായിരുന്ന സാറ പ്ലസ്ടു പഠനം പൂർത്തിയാക്കിയത്. നേരത്തേ അമ്പായത്തോട് താമസിച്ചിരുന്ന കുടുംബം സമീപകാലത്താണ് കോരങ്ങാട് ഭാഗത്തേക്ക് വീടുമാറിയത്.
അതേസമയം, മരണപ്പെട്ട മൂന്ന് വിദ്യാർത്ഥികളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. എറണാകുളം ജനറൽ ആശുപത്രിയിലും കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് പോസ്റ്റ്മോർട്ടം നടന്നത്.ശ്വാസം മുട്ടൽ ആണ് മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്മോട്ടം റിപ്പോർട്ടിൽ പറയുന്നത്. ആസ്റ്ററിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പെൺകുട്ടികളുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
അതേസമയം, കുസാറ്റ് ദുരന്തത്തിൽ മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ പോസ്റ്റ് മോർട്ടത്തിനു ശേഷം കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ പൊതു ദർശനത്തിന് വെക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ മന്ത്രി അറിയിച്ചു. സർവ്വകലാശാലയുടെ സിണ്ടിക്കേറ്റ് സബ് കമ്മറ്റിയുടെ അന്വേഷണം വൈസ് ചാൻസലർ പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ചികിത്സാചെലവ് സർവ്വകലാശാല വഹിക്കുമെന്നും മന്ത്രി അറിയിച്ചു.
'ദുരന്തമുണ്ടായ സാഹചര്യം മന്ത്രി പി രാജീവിനൊപ്പം നേരിട്ടെത്തി വിലയിരുത്തി. കളമശ്ശേരി മെഡിക്കൽ കോളേജിലെത്തി മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും ബന്ധുമിത്രാദികളെ സമാശ്വസിപ്പിച്ചു. തുടർ നടപടികളെക്കുറിച്ച് ധാരണയുണ്ടാക്കി. സർവ്വകലാശാലയിൽ നവംബർ 24, 25,26 തിയതികളിൽ സ്ക്കൂൾ ഓഫ് എൻജിനീയറിങ് വിഭാഗം നടത്തിയ ടെക്നിക്കൽ ഫെസ്റ്റിൽ എക്സിബിഷൻ, ടെക്നിക്കൽ ടോക്സ്, എക്സ്‌പേർട്ട് ലക്ചേഴ്സ് എന്നിവയാണ് നടന്നത്. സമീപ കോളേജു കളിലെ വിദ്യാർത്ഥികളും പങ്കെടുക്കുന്നതാണ് പരിപാടി.' മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ബോളിവുഡ് ഗായിക നികിത ഗാന്ധി നേതൃത്വം നൽകുന്ന സംഗീതനിശ തുടങ്ങുന്നതിന് മുമ്പുതന്നെ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. വലിയ ഒരു വിഭാഗം വിദ്യാർത്ഥികളും പൊതുജനങ്ങളും പരിപാടി കാണാൻ പുറത്തുമുണ്ടായി. പരിപാടി ആരംഭിക്കാറായപ്പോൾ എല്ലാവരും അകത്തേക്ക് കയറുവാൻ ശ്രമിച്ചതാണ് ദുരന്ത കാരണമായത്. മഴ ആരംഭിച്ചതോടെ അകത്തേക്കുണ്ടായ തള്ളിക്കയറ്റത്തിൽ പടിയിൽ ഉണ്ടായിരുന്ന വിദ്യാർഥികൾ വീണതിനു മീതെ മറ്റുള്ളവരും വീഴുന്ന ദുരവസ്ഥയുണ്ടായി. ഈ വീഴ്ചയിലാണ് ദുരന്തം സംഭവിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications