ആദിവാസി യുവാവിന്റെ മരണം: മോഷണ ശ്രമത്തിന് പരാതിയും തെളിവുമില്ല, അന്വേഷണം ശക്തമാക്കി പൊലീസ്
സംഭവത്തില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഭാര്യയുടെ കൂട്ടിയിരിപ്പുകാരനായി എത്തിയ ആദിവാസി യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്തിയ സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി മെഡിക്കല്‍ കോളേജ് പൊലീസ്. മോഷണത്തിന് ശ്രമിച്ചെന്ന് ആരോപിച്ച് വയനാട് മേപ്പാടി പാറവയല്‍ കോളനിക്കാരനായ വിശ്വനാഥ(46)നെ ആശുപത്രിയിലെ സുരക്ഷാ ഉദ്യേഗസ്ഥര്‍ അടക്കമുള്ളവര്‍ ചോദ്യം ചെയ്തിരുന്നുവെന്നും ഇതിന് പിന്നാലെ കാണാതായ ഇദ്ദേഹത്തെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
അതേസമയം, സംഭവത്തില്‍ മോഷണം സംബന്ധിച്ച പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് എ.എസ്.പി കെ. സുദര്‍ശനന്‍ വ്യക്തമാക്കുന്നത്. വിശ്വാനഥന്റെ ശരീരത്തില്‍ ആള്‍ക്കൂട്ട ആക്രമണത്തിന്റെ പ്രാഥമിക തെളിവുകളുമില്ല. മോഷണക്കുറ്റം ആരോപിച്ച സമയത്ത് ഇദ്ദേഹത്തെ ചോദ്യം ചെയ്തതടക്കമുള്ള സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് സുരക്ഷാ ജീവനക്കാരുടെ ആൾക്കൂട്ട വിചാരണ മൂലം ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കോവൂരിൽ നിന്നും ആരംഭിച്ച പ്രകടനം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിസരത്ത് മാർച്ചിനെ പോലീസ് തടഞ്ഞു. പരിപാടി ഡി വൈ എഫ് ഐ ടൗൺ ബ്ലോക്ക് പ്രസിഡന്റ് എം സിനാൻ ഉമ്മർ ഉദ്ഘാടനം ചെയ്തു. ഖദീജ ഹിബ അധ്യക്ഷയായി. ഫഹദ് ഖാൻ,മുഹസിൻ,ഷിഖിൽ എന്നിവർ സംസാരിച്ചു. ഷാനിഫ് സ്വാഗതവും അഭിലാഷ് നന്ദിയും പറഞ്ഞു.
അതേസമയം, യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കുടുംബത്തിന്റെ ആരോപണം അതീവ ഗൗരവകാരമാണെന്ന് പ്രമുഖ അഭിഭാഷകന്‍ ശ്രീജിത് പെരുമന അഭിപ്രായപ്പെട്ടു. വേഷവും രൂപവും കണ്ട് ആളുകളെ വിലയിരുത്തുന്നതും, ആദിവാസികളെ മനുഷ്യരായിപോലും ഇനിയും കാണാൻ നമുക്ക് സാധിക്കാത്തതുമാണ് മധുവിനും വിശ്വനാഥനുമെല്ലാം ഇവിടം നരകമാകുന്നതും ജീവൻ നഷ്ട്ടമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ വളരെ മോശമായ അനുഭവമാണ് പലപ്പോഴും പട്ടിക വിഭാഗങ്ങൾക്കുണ്ടായിട്ടുള്ളത്. ST പ്രൊമോട്ടറും പ്രത്യേക ഓഫീസും ഒക്കെ അതിനുള്ളിലുണ്ടെങ്കിലും ഒന്നും പ്രയോജനപ്പെടുന്നില്ല എന്ന് മാത്രമല്ല അവരിപ്പോഴും ആശുപത്രി തിണ്ണകളിൽ മാത്രം അകറ്റിനിർത്തപ്പെടുന്നു..
എന്തെങ്കിലും മോഷണം പോയാൽ കറുത്തവനോ ആദിവാസികളോ, പാവപ്പെട്ടവനോ അവിടെയുണ്ടോ എന്ന് നോക്കും.ശേഷം ആൾകൂട്ടം വിധിയെഴുതും എടുത്തവൻ അവൻ തന്നെയെന്ന് .സ്കൂളിലും ബസിലും, നാല് പ്രബുദ്ധ മലയാളികൾ കൂടുന്നിടത്തൊക്കെ ഒക്കെ ഇത്തരം സംഭവങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഈ യുവാവിനെ ആൾ കൂട്ടത്തിനിടയിൽ വെച്ച് അപമാനിച്ചതും പോരാഞ്ഞിട്ട് മർദ്ദിക്കുക കൂടി ചെയ്തിരിക്കുന്നു. മോഷ്ടിച്ചു എന്നുറപ്പുണ്ടെങ്കിൽ പോലീസിൽ ഏൽപ്പിക്കാമായിരുന്നു. പക്ഷേ ചോദിക്കാനും പറയാനും ആളില്ല എന്ന ചിന്തയാണ് ഇതിനൊക്കെ പിന്നിൽ.
സംഭവത്തിൽ കളവ് ആരോപിച്ചുകൊണ്ടുള്ള ആൾക്കൂട്ട ആക്രമണം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേക സംഘത്തെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് SC/ST കമ്മീഷനും, പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications