കോഴിക്കോട് ബസിലെ പീഡനം; പിടികൂടാനുള്ള പ്രതി കൊലക്കേസിലും ഉള്‍പ്പെട്ടു, പോലീസ് പറയുന്നത്...
കോഴിക്കോട്: ചേവായൂരില്‍ ബസില്‍ യുവതിയെ ക്രൂരമായി കൂട്ട ബലാല്‍സംഗം ചെയ്ത കേസിലെ പ്രതികളില്‍ കൊലപാതക കേസില്‍ ഉള്‍പ്പെട്ട വ്യക്തിയും. ഇനി പിടികൂടാനുള്ള മൂന്നാമന്‍ നേരത്തെ കൊലക്കേസില്‍ പ്രതിയായിരുന്നു എന്ന് പോലീസ് പറഞ്ഞു. മൂന്നുപേര്‍ യുവതിയെ പീഡിപ്പിച്ചു എന്നാണ് ഇതുവരെ തെളിഞ്ഞത്. ബൈക്കിലെത്തി യുവതിയുമായി സൗഹൃദത്തില്‍ പെരുമാറിയ രണ്ടു പേരും ഇവര്‍ വിളിച്ചതു പ്രകാരമെത്തിയ മൂന്നാമനുമാണ് പീഡിപ്പിച്ചത്. ചേവായൂര്‍ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതോടെയാണ് പ്രതികളെ വേഗത്തില്‍ പിടിക്കാന്‍ സഹായിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. മാനസിക അസ്വാസ്ഥ്യമുള്ള യുവതി വീട്ടുകാരോട് പിണങ്ങി പുറത്തിറങ്ങിയതായിരുന്നു. ഈ വേളയിലാണ് പ്രതികള്‍ മുണ്ടിക്കല്‍താഴം വയല്‍ സ്റ്റോപ്പിനടുത്ത് വച്ച് കാണുന്നതത്രെ. ശേഷം ബൈക്കില്‍ യുവതിയെ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യമാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത് എന്ന് പോലീസ് പറയുന്നു. നിര്‍ത്തിയിട്ട ബസിലെത്തിച്ചാണ് പീഡിപ്പിച്ചത്. ശേഷം മൂന്നാമനെ വിളിച്ചുവരുത്തിയതും ഈ പ്രതികളാണ്. പിന്നീട് ഓട്ടോയില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കി വിടുകയായിരുന്നു.
തിരിച്ചെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ കാര്യങ്ങള്‍ തിരക്കി. അപ്പോഴാണ് നടന്ന സംഭവം യുവതി പറഞ്ഞത്. തുടര്‍ന്ന് ചേവായൂര്‍ പോലീസില്‍ പരാതി നല്‍കി. സമയവും മറ്റും മനസിലാക്കിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതോടെയാണ് സംശയത്തില്‍ രണ്ടു യുവാക്കളെ കണ്ടത്. പിന്നീടാണ് അറസ്റ്റ്. കുന്നമംഗലം സ്വദേശികളായ ഗോപീഷ്, ഷെമീര്‍ എന്നിവരാണ് പിടിയിലായത്. ഇനി പിടിയിലാകാനുള്ള വ്യക്തി 2003ല്‍ കാരന്തൂരില്‍ മൂന്നു പേരെ കൊന്ന കേസിലെ പ്രതിയാണ്. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. ബസില്‍ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി.












Click it and Unblock the Notifications