ദൃശ്യ കൊലക്കേസ്: പ്രതി കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ടു, വന്‍ സുരക്ഷാ വീഴ്ച
കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടു. നറുകര ഉതുവേലി കുണ്ടുപ്പറമ്പില്‍ വിനീഷാണ് രക്ഷപ്പെട്ടത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് ഇയാളെ കുതിരവട്ടത്തേക്ക് എത്തിച്ചത്.
കഴിഞ്ഞ ദിവസം അന്തേവാസിയുടെ വിരലില്‍ മോതിരം കുരുങ്ങിയത് അഴിച്ചുമാറ്റാന്‍ അഗ്നിരക്ഷ സേന എത്തിയിരുന്നു. ഈ സമയത്താണ് ഇയാള്‍ രക്ഷപ്പെട്ടതെന്നാണ് കരുതുന്നത്. റിമാന്‍ഡിലിരിക്കെ പ്രതി ആത്മഹത്യ ശ്രമം നടത്തിയിരുന്നു. കൊതുകുതിരി കഴിച്ചാണ് വിനീഷ് ആത്മഹത്യ ശ്രമം നടത്തിയത്. തുടര്‍ന്ന് വിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഏലംകുളം സ്വദേശി സികെ ബാലചന്ദ്രന്റെ മകള്‍ ദൃശ്യയെ ആണ് വിനീഷ് വീട്ടില്‍ കയറി കുത്തി കൊന്നത്. തടയാന്‍ ശ്രമിച്ച ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. രാവിലെ വീട്ടില്‍ കയറി ദൃശ്യയെ കൊലപ്പെടുത്തുമ്പോള്‍ സഹോദരിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ദൃശ്യയുടെ പിതാവിന്റെ വീടിന് തീവച്ച ശേഷമാണ് പ്രതി ദൃശ്യയെ കൊലപ്പെടുത്താന്‍ എത്തിയത്.
പെരിന്തല്‍മണ്ണ മുട്ടുങ്ങലിലാണ് വിനീഷിന്റെ വീട്. വിനീഷും ദൃശ്യയും ഒരുമിച്ച് പഠിച്ചവരാണ്. പലപ്പോഴും ഇയാള്‍ ദൃശ്യയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. വീട്ടിലും വന്നിരുന്നു. ശല്യം തുടര്‍ന്നതോടെ പോലീസില്‍ പരാതി നല്‍കി. പോലീസ് ഇരു രക്ഷിതാക്കളെയും വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടു.
പോലീസില്‍ പരാതിപ്പെട്ടതും വിവാഹം ചെയ്തു തരില്ലെന്ന് പറഞ്ഞതുമാണ് വിനീഷിനെ പ്രകോപിപ്പിച്ചത്. കൊല നടത്തിയ പ്രതി ഓടി രക്ഷപ്പെട്ടു. ശേഷം ഓട്ടോയില്‍ കയറി ടൗണിലെത്തി രക്ഷപ്പെടാനായിരുന്നു നീക്കം. എന്നാല്‍ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ പ്രതിയുമായി നേരെ പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. പോലീസ് സ്റ്റേഷനിലെത്തിയ പ്രതി പരിഭ്രാന്തി കാണിച്ചു. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു പരിശോധന നടത്തി.












Click it and Unblock the Notifications