കോഴിക്കോട് മദ്യലഹരിയിൽ റോഡില്‍ വെട്ടുകത്തിയുമായി യുവതി: വട്ടംകറങ്ങി പോലീസ്, പോലീസുകാര്‍ക്കും ഭീഷണി!
കോഴിക്കോട്: മദ്യലഹരിയിൽ വെട്ടുകത്തിയുമായി റോഡിലിറങ്ങിയ യുവതി പോലീസിനെ വെള്ളംകുടിപ്പിച്ചു. മെഡിക്കൽ കോളജിനു സമീപം വെള്ളിപറമ്പിൽ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. ഇവിടെ വാടകയ്ക്കു താമസിക്കുന്ന എറണാകുളം സ്വദേശിനിയായ യുവതിയാണ് പ്രശ്‌നം സൃഷ്ടിച്ചത്. നാട്ടുകാർ വിളിച്ചറിയിച്ചതു പ്രകാരം മെഡിക്കൽ കോളജ് പോലീസ് സ്ഥലത്തെത്തി. കത്തിയുമായി നിലയുറപ്പിച്ച യുവതിയിൽ നിന്നു വനിതാപോലീസുകാർ ബലം പ്രയോഗത്തിലൂടെ കത്തി വാങ്ങി. തുടർന്ന് ഇവരെ വീട്ടിനകത്തേക്ക് കയറ്റിവിട്ടു.
എന്നാൽ താൻ മാധ്യമപ്രവർത്തകയാണെന്നും തന്റെ പിടിപാട് അറിയില്ലെന്നും തന്നെ തൊട്ടാൽ കളിമാറുമെന്നും പറഞ്ഞ് യുവതി പോലീസിനു നേരെ തിരിഞ്ഞു. തെറിവിളിയും ഭീഷണിയും ഉച്ചത്തിലായതോടെ നാട്ടുകാർ ഇവരെ ആശുപത്രിയിലെത്തിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം യുവതിയെ പോലീസ് ഏറ്റെടുത്ത് ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചു. വൈദ്യപരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞു.

ഇതു സംബന്ധിച്ച റിപ്പോർട്ട് കൈപ്പറ്റിയ ശേഷം തിരികെ വാഹനത്തിലേക്കു കയറാൻ ആവശ്യപ്പെട്ടപ്പോഴും യുവതി പ്രശ്‌നം സൃഷ്ടിച്ചു. ഏറെ പണിപ്പെട്ടാണ് പോലീസ് ഇവരെ വാഹനത്തിലാക്കിയത്. തുടർന്ന് പുലർച്ചെ നാലുമണിയോടെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനു കേസും രജിസ്റ്റർ ചെയ്തു. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ അന്വേഷിച്ച് ആരും എത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications