റിബേഷാണ് സ്ക്രീന്‍ഷോട്ട് നിർമ്മിച്ചതെന്ന് തെളിഞ്ഞാല്‍ 24 ലക്ഷം ഇനാം: വെല്ലുവിളിച്ച് ഡിവൈഎഫ്ഐ
കണ്ണൂർ: വടകരയിലെ വിവാദ കാഫിർ സ്ക്രീന്‍ഷോട്ട് വിഷയത്തില്‍ റിബേഷിനെ പിന്തുണച്ചും രാഷ്ട്രീയ എതിരാളികളെ വെല്ലുവിളിച്ചും ഡി വൈ എഫ് ഐ. കേസ് അന്വേഷണം പൂർത്തിയാകുമ്പോള്‍ പ്രതിസ്ഥാനത്ത് വരിക ലീഗും കോൺഗ്രസും ആയിരിക്കുകയെന്നും റിബേഷിനെതിരെ നടക്കുന്നത് വിദ്വേഷ പ്രചാരണമെന്നുമാണ് ഡി വൈ എഫ് ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്.
കാഫിർ സ്ക്രീൻ ഷോട്ട് പോസ്റ്റുണ്ടാക്കിയത് റിബേഷാണെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ ഇനാം നല്‍കാമെന്ന് വ്യക്തമാക്കി ഡി വൈ എഫ് ഐ വടകര ബ്ലോക്ക് കമ്മിറ്റിയും രംഗത്ത് എത്തിയിട്ടുണ്ട്. ഡി വൈ എഫ് ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റാണ് അധ്യാപകന്‍ കൂടിയായ റിബേഷ്. സ്‌ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചത് റിബേഷ് ആണെന്നാണ് പൊലീസ് റിപ്പോർട്ട്.

റിബേഷിന്റെ ഫോണ്‍ ഉള്‍പ്പെടെ അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കെ മാധ്യമങ്ങളും ലീഗ് കോണ്‍ഗ്രസ് നേതൃത്വും റിബേഷിനെ പ്രതിയാക്കുകയാണ്. റിബേഷിന്റെ കാര്യത്തില്‍ സംഘടനയ്ക്ക് ഉത്തരവാദിത്തമുണ്ട്. അനാവശ്യമായി ക്രൂശിക്കാന്‍ അനുവദിക്കില്ലെന്നും ഡി വൈ എഫ് ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
അതേസമയം ഡി വൈ എഫ് ഐയുടെ മറുപടിക്ക് വെല്ലുവിളിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫും രംഗത്ത് വന്നു. പ്രതികളെ പിടിക്കേണ്ടത് ജനങ്ങളുടെ ചുമതലയല്ല ക്യാപ്റ്റൻ കൈകാര്യം ചെയ്യുന്ന പോലീസാണെന്നാണ് വിപി ദുല്‍ഖിഫ് ഫേസ്ബുക്കില്‍ കുറിക്കുന്നത്.
'ഡി വൈ എഫ് ഐ നാണം ഉണ്ടോ നിങ്ങൾക്ക് വർഗീയവാദിയായ റിബേഷിനെ പോലെ പോലെയുള്ള കൊടും ക്രിമിനലിനെ സംരക്ഷിക്കാൻ. ഡി വൈ എഫ് ഐയുടെ 25 ലക്ഷം രൂപ റിബേഷ് മാസ്റ്റർക്ക് തന്നെ നൽകാം. പ്രതികളെ പിടിക്കേണ്ടത് ജനങ്ങളുടെ ചുമതലയല്ല ക്യാപ്റ്റൻ കൈകാര്യം ചെയ്യുന്ന പോലീസാണ്. നിങ്ങളുടെ ഈ ജൽപ്പനങ്ങൾ കേരളത്തിലെ ജനങ്ങൾ പുച്ഛിച്ചു തള്ളിക്കളയും.' ദുല്‍ഖിഫ് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, നേരത്തെ ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ നേതൃത്വവും റിബേഷിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടത് സ്ഥാനാർത്ഥിക്കെതിരെ വ്യാപകമായ വ്യാജ പ്രചരണം നടന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് എൽ.ഡി.എഫ് നേതൃത്വം കൊടുത്ത പരാതിയിൽ തന്നെ 17 ഓളം കേസുകൾ പോലീസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തിവരികയും ചെയ്യുകയാണ്. ഇതുവരെ പലതിലും അന്വേഷണം പൂർത്തീകരിച്ച് കുറ്റവാളിയെ കണ്ടെത്തിയിട്ടില്ലെന്നും ഡി വൈ എഫ് ഐ ജില്ലാ നേതൃത്വം വ്യക്തമാക്കി.
എന്നാൽ ഇപ്പോൾ ഡി വൈ എഫ് ഐ നേതാക്കൾക്കെതിരെ തെറ്റായ പ്രചരണം സാമൂഹ്യമാധ്യമങ്ങളെ ഉപയോഗ പ്പെടുത്തി വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഈ കള്ള പ്രചരണം പൊതുസമൂഹം തള്ളിക്കളയണമെന്നം തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാസെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications