എലത്തൂരിൽ പ്രശ്നപരിഹാരം: ദിനേശ് മണി പിന്നോട്ട്, നാമനിർദേശ പത്രിക പിൻവലിക്കും പ്രചാരണത്തിനില്ലെന്ന്
കോഴിക്കോട്: എലത്തൂർ വിഭജനത്തെച്ചൊല്ലി യുഡിഎഫിൽ ഉടലെടുത്ത പ്രശ്നങ്ങള്‍ക്ക് ഒടുവിൽ പരിഹാരം. സീറ്റ് വിഭജനത്തോടെ തന്നെ എലത്തൂരിനെച്ചൊല്ലി ഉടലെടുത്ത തർക്കങ്ങളാണ് നാമനിർദേശ പത്രിക സമർപ്പിക്കാൻ മണിക്കൂറുകളവശേഷിക്കെ പരിഹരിക്കപ്പെട്ടിട്ടുള്ളത്. എലത്തൂരും പാലയും ഉള്‍പ്പെടെ മൂന്ന് സീറ്റുകളാണ് മാണി സി കാപ്പന്റെ പാർട്ടി ചോദിച്ചിരുന്നതെങ്കിലും രണ്ട് സീറ്റുകളാണ് സഖ്യകക്ഷിയ്ക്ക് യുഡിഎഫ് നൽകിയത്.
കോഴിക്കോട് സൗത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിന്റെ പ്രചാരണം: ചിത്രങ്ങള്‍

സമവായം
കോണ്‍ഗ്രസ് വിമതനായി നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുള്ള ദിനേശ് മണിയാണ് സമവായത്തിന് തയ്യാറായിട്ടുള്ളത്. താൻ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന് ദിനേശ് മണി വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് സമർപ്പിച്ചിട്ടുള്ള നാമനിർദേശ പത്രിക പിന്‍വലിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴാണ് നിർണ്ണായക തീരുമാനം പുറത്തുവരുന്നത്.

ദിനേശ് മണി പിന്നോട്ട്
എലത്തൂർ സീറ്റ് കോൺഗ്രസിന് വിട്ടുനൽകാനാവില്ലെന്ന് എൻസികെ നിലപാട് വ്യക്തമാക്കിയതോടെ ദിനേശ് മണിയും
ഡിസിസി നേതൃത്വവും തമ്മിൽ സമവായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്നണിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുള്ളത്. നാമനിർദേശ പത്രിക പിൻവലിക്കാമെന്ന് വ്യക്തമാക്കിയെങ്കിലും ഇത്തവണ എലത്തൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കില്ലെന്നും ദിനേശ് മണി വ്യക്തമാക്കി. എലത്തൂർ മണ്ഡലത്തിൽ യുഡിഎഫിന് തിരിച്ചടി നേരിടേണ്ടി വന്നാൽ ഉത്തരവാദിത്തം നേതൃത്വത്തിനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുല്‍ഫിക്കര്‍ മയൂരി തന്നെ
യുഡിഎഫിൽ ചേർന്ന എൻസികെയ്ക്ക് നൽകിയ രണ്ട് സീറ്റുകളിലൊന്നാണ് എലത്തൂർ. മൂന്ന് സീറ്റുകളാവശ്യപ്പെട്ട കാപ്പന്റെ പാർട്ടിയ്ക്ക് പാലായും എലത്തൂരുമാണ് കോൺഗ്രസ് നൽകിയത്. കോൺഗ്രസ് വിമത സ്ഥാനാർത്ഥി പത്രിക പിൻവലിക്കുന്നതോടെ എന്‍സികെയുടെ സുല്‍ഫിക്കര്‍ മയൂരി തന്നെയായിരിക്കും ഈ മണ്ഡലത്തിൽ മത്സരിക്കുകയെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. പ്രഖ്യാപനത്തിന് പിന്നാലെയാണ് ദിനേശ് മണി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

ചർച്ച പാളി
എലത്തൂർ സീറ്റ് കോൺഗ്രസ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെവി തോമസ് എലത്തൂരിലെത്തി ചര്‍ച്ച നടത്തിയത്. മാണി സി കാപ്പന്റെ പാര്‍ട്ടിക്ക് നല്‍കിയ അവര്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നും അതുകൊണ്ട് ഈ സീറ്റ് അവര്‍ക്ക് തന്നെ നല്‍കണം എന്നാണ് യുഡിഎഫിന്റെ തീരുമാനമെന്നും എംഎം ഹസ്സന്‍ വ്യക്തമാക്കിയിരുന്നു.

മൂന്ന് സ്ഥാനാർഥികള്‍
എൻസികെയുടെ സുല്‍ഫിക്കര്‍ മയൂരിയ്ക്ക് പുറമേ കെപിസിസി എക്സിക്യൂട്ടീവ് അംഗം യുവി ദിനേശ് മണി, ഭാരതീയ നാഷണല്‍ ജനതാദളിന്റെ സെനിന്‍ റാഷി എന്നിവരായിരുന്നു എലത്തൂരിൽ മത്സരിക്കുന്നതിനായി നാമനിർദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. സുല്‍ഫിക്കര്‍ മയൂരിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടൊണ് കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് എതിർപ്പുണ്ടാകുന്നത്. എൻസികെയിൽ നിന്ന് സീറ്റ് തിരിച്ചെടുക്കണമെന്നായിരുന്നു കോൺഗ്രസ് ഉന്നയിക്കുന്ന പ്രധാന ആവശ്യം.
ആരെയും കൊതിപ്പിക്കും: പൂജ രാമചന്ദ്രന്റെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications