ആര്‍എംപിയെ പരിഹസിച്ച് എളമരം കരീം; യുഡിഎഫ് പിന്തുണ തങ്ങളുടെ വലിപ്പം മറ്റുള്ളവര്‍ അറിയാതിരിക്കാന്‍
കോഴിക്കോട്: അനശ്വര രക്തസാക്ഷികളുടെ പാരമ്പര്യമുള്ള വടകരയില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്ന റെവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വര്‍ഗവഞ്ചനയുടെ പര്യായമാണെന്ന് എളമരം കരീം എംപി. ആര്‍എംപിയുടെ അവസരവാദം മനസിലാക്കി പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയതിനാല്‍ തങ്ങളുടെ വലിപ്പം മറ്റുള്ളവര്‍ അറിയാതിരിക്കാനുള്ള എളുപ്പവഴിയാണ് യുഡിഎഫ് പിന്തുണയെന്നും അദ്ദേഹം പരിഹസിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എളമരം കരീം.
വടകരയില്‍ ആര്‍എംപി കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന പ്രഖ്യാപനത്തില്‍ ഒരു പുതുമയുമില്ല. ജന്മംകൊണ്ട നാള്‍ മുതല്‍ കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പരിരക്ഷയിലും ലാളനയിലും ആയിരുന്നു അവര്‍. വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനും അവര്‍ അത്യധ്വാനം ചെയ്തു. സിപിഎം കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉപേക്ഷിച്ചു എന്നാരോപിച്ചായിരുന്നു വിപ്ലവ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ജനനം. സിപിഎമ്മില്‍നിന്ന് പലപ്പോഴായി പുറത്താക്കിയവരുടെ ഒരു അവിശുദ്ധ കൂട്ടുകെട്ടായിരുന്നു അത്. അവര്‍ സിപിഎം വിരുദ്ധനിലപാട് സ്വീകരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും എളമരം കരീം പറഞ്ഞു.

വടകരയിലും കോഴിക്കോടും എല്‍ഡിഎഫ് മികച്ച വിജയം നേടും. ബൂത്ത് തലംവരെ തെരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരണം പൂര്‍ത്തിയായി. രണ്ടു മണ്ഡലങ്ങളിലും എംപിമാര്‍ വികസനത്തില്‍ ശ്രദ്ധിച്ചില്ല. എംപി ഫണ്ട് വിതരണത്തില്‍ ഒതുങ്ങി വികസനം. 2009-14 കാലഘട്ടത്തില്‍ സര്‍ക്കാര്‍ കോണ്‍ഗ്രസായിട്ടും എംപിമാര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇരു മണ്ഡലങ്ങളും മാറ്റത്തിനു കൊതിക്കുന്നു. രാജ്യം നേരിടുന്ന ഗൗരവ രാഷ്ട്രീയ പ്രശ്‌നങ്ങളിലും സംഘപരിവാര്‍ വെല്ലുവിളിക്കു മുന്നിലും ഓഛാനിച്ചു നില്‍ക്കുകയായിരുന്നു കോഴിക്കോട്ടെ രണ്ട് എംപിമാരും.
ബിജെപി അധികാരത്തില്‍ വന്നതു മുതല്‍ രാജ്യത്ത് മതനിരപേക്ഷതയും ജനാധിപത്യവും അപകടത്തില്‍. മതന്യൂനപക്ഷവും ദലിതരും ആക്രമണങ്ങള്‍ക്ക് ഇരയാവുന്നു. കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതം തകര്‍ന്നു. വിലക്കയറ്റം രൂക്ഷമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications