രാവും പകലും കഠിനാധ്വനം ചെയ്ത ലക്ഷക്കണക്കിന് സഖാക്കളുണ്ട്: അവരാണ് എല്ഡിഎഫിന്റെ ഊര്‍ജ്ജം:റിയാസ്
കോഴിക്കോട്: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിന് വേണ്ടി രാവും പകലും കഠിനാദ്ധ്വാനം ചെയ്ത ലക്ഷക്കണക്കിന് സഖാക്കളാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഊര്‍ജ്ജമെന്ന് നിയുക്ത മന്ത്രി പിഎ മുഹമ്മദ് റിയാസ്. അവരുടെ ആഗ്രഹത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും എന്റെ ഭാഗത്തുനിന്നും ഉണ്ടാവും. ജനതാല്പര്യത്തിനു വിരുദ്ധമായി ഒന്നും തന്നെ എന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷന്‍ കൂടിയായ അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. പിഎ മുഹമ്മദ് റിയാസിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

Recommended Video

പ്രിയമുള്ളവരെ,
ചരിത്രം തിരുത്തി കുറിച്ചുകൊണ്ട് ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള ജനകീയ സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഈ അവസരത്തില്‍ പാര്‍ട്ടി പുതിയൊരു ഉത്തരവാദിത്വം എന്നെ ഏല്‍പ്പിച്ചിരിക്കുകയാണ്.നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിന് വേണ്ടി രാവും പകലും കഠിനാദ്ധ്വാനം ചെയ്ത ലക്ഷക്കണക്കിന് സഖാകളുണ്ട്. അവരാണ് എല്ഡിഎഫിന്റെ ഊര്‍ജ്ജം.
അവരുടെ ആഗ്രഹത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും എന്റെ ഭാഗത്തുനിന്നും ഉണ്ടാവും. ജനതാല്പര്യത്തിനു വിരുദ്ധമായി ഒന്നും തന്നെ എന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ല. കോവിഡ് മഹാമാരിയുടെ ഈ പ്രതിസന്ധിഘട്ടത്തില്‍ നമ്മള്‍ സത്യപ്രതിജ്ഞ ചടങ്ങും പരിമിതപ്പെടുത്തിയിരിക്കുകയാണ്. കേരളത്തിലെ എല്ലാ ജനങ്ങളുടെയും ആഘോഷമായി ഉത്സവാന്തരീക്ഷത്തില്‍ നടക്കേണ്ട ചടങ്ങ് നമ്മള്‍ അകലത്തിലിരുന്ന് മനസ് കൊണ്ട് ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ടെലിവിഷന്റെയും നവമാധ്യമങ്ങളുടെയും സഹായത്തോടെ സത്യപ്രതിജ്ഞ ചടങ്ങില്‍ എല്ലാവരും ഒപ്പമുണ്ടാവണം എന്ന് അഭ്യര്‍ത്ഥിക്കുകയാണ്. നവ കേരള നിര്‍മ്മിതിയുടെ രണ്ടാം ദൗത്യത്തില്‍ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയുണ്ടാവണം. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് നമ്മുക്ക് ഒരുമിച്ച് മുന്നേറണം. ഇനിയും മുന്നോട്ട്...
ഹൃദയപൂർവം
പി എ മുഹമ്മദ് റിയാസ്












Click it and Unblock the Notifications