കടുത്ത ചൂടിൽ വെന്തുരുകി നാട്; വേനൽ മഴയും വൈകുന്നു
കോഴിക്കോട്; കടുത്ത ചൂടിൽ വെന്തുരി നാട്. ജില്ലയിൽ കഴിഞ്ഞ മാർച്ചിനേക്കാൾ 2 ഡിഗ്രിയുടെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. വേനൽ മഴ വൈകിയതാണ് ചൂട് കനക്കാൻ കാരണം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തന്നെ മഴ ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ ഇതുവരേയും കാര്യമായ വേനൽ മഴ ലഭിച്ചിട്ടില്ല. മലയോര മേഖലയിൽ മാത്രമാണ് ഒറ്റപ്പെട്ട മഴ ഉണ്ടായത്.
വേനൽ മഴ ലഭിക്കാതിരുന്നതോട ജില്ലയുടെ പല ഭാഗങ്ങളിലും കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. കിണറുകൾ പലതും വറ്റി വരണ്ട അവസ്ഥയിലാണ്. തദ്ദേശ സ്ഥാപനങ്ങൾ വാഹനങ്ങളിൽ വിതരണം ചെയ്യുന്ന പൈപ്പ് വെള്ളത്തേയാണ് പലരും ആശ്രയിക്കുന്നത്. ഇത് തന്നെ പലയിടത്തും ലഭിക്കുന്നില്ലെന്ന പരാതിയും ശക്തമായിട്ടുണ്ട്.

ചൂട് കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ തീപിടിത്തവും വ്യാപകമായിട്ടുണ്ട്. ഇതുവരെ 260 തീപ്പിടിത്തങ്ങളാണ് അടിക്കാട് കത്തുന്നത് ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അന്തരീക്ഷ താപം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന നിർദ്ദേശവും അധികൃതർ നൽകിയിട്ടുണ്ട്. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
നിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പോലീസുകാർ, മാധ്യമ റിപ്പോർട്ടർമാർ, മോട്ടോർ വാഹന വകുപ്പിലെ വാഹന പരിശോധന വിഭാഗം, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇരുചക്ര വാഹന യാത്രക്കാർ, കർഷകർ, കർഷക തൊഴിലാളികൾ തുടങ്ങിയ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ പകൽ സമയങ്ങളിൽ തൊഴിലിൽ ഏർപ്പെടുമ്പോൾ ആവശ്യമായ വിശ്രമം എടുക്കാൻ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.












Click it and Unblock the Notifications