രാമനാട്ടുകരയില്‍ അച്ഛനും മകളും വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; മകളുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി
കോഴിക്കോട്: രാമനാട്ടുകരയില്‍ അച്ഛനേയും മകളേയും വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആവത്താന്‍ വീട്ടില്‍ പീതാംബരന്‍ മകള്‍ ശാരിക എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പീതാംബരന് 61 വയസ്സും ശാരികയ്ക്ക് 31 വയസ്സും ആണ് പ്രായം.
ഓഗസ്റ്റ് 1 ഞായറാഴ്ചയാണ് രണ്ട് പേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പീതാംബരന്റെ ഭാര്യ പ്രഭാവതിയാണ് ഉച്ചഭക്ഷണത്തിന് ശേഷം മകളെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത് . ഞെട്ടിവിറച്ച് ഈ വിവരം ഭര്‍ത്താവിനെ അറിയിക്കാന്‍ ചെന്നപ്പോള്‍ മുറി അകത്ത് നിന്ന് പൂട്ടിയ നിലയില്‍ ആയിരുന്നു.

സംശയം തോന്നിയ പ്രഭാവതി കരഞ്ഞു ബഹളം വച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തി. തുടര്‍ന്ന് പീതാംബരന്റെ മുറിയുടെ വാതില്‍ ചവിട്ടിത്തുറക്കുകയായിരുന്നു . അപ്പോഴാണ് പീതാംബരനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (കമ്യൂണിക്കേഷന്‍) ആയി വിരമിച്ച ആളായിരുന്നു പീതാംബരന്‍.
ശാരിക കുറച്ച് കാലമായി മാനസികാസ്വാസ്ഥ്യം നേരിടുന്ന ആളാണ്. ഇതില്‍ ചികിത്സയും നടക്കുന്നുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. മുറിയില്‍ നിന്ന് ശാരികയുടെ ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. രണ്ട് മുറികളില്‍ നിന്നും ഫോറന്‍സിക് വിഭാഗം തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് ഫറോഖ് അസിസ്റ്റന്റ് കമ്മീഷണര്‍ എഎം സിദ്ദിഖ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി ബാലചന്ദ്രന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയത് . പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ബെംഗളൂരുവില്‍ ഐടി എന്‍ജിനീയര്‍ ആയി ജോലി ചെയ്യുന്ന പ്രജിത് ആണ് പീതാംബരന്റെ മറ്റൊരു മകന്‍. ബെംഗളൂരുവില്‍ തന്നെ ജോലി ചെയ്യുന്ന ശ്രുതി ഭാര്യയാണ്.
Recommended Video
(ജീവിതത്തിലെ ഏത് പ്രശ്നത്തിനും ആത്മഹത്യ ഒരു പരിഹാരമല്ല എന്ന കാര്യം ഓർക്കുക. കടുത്ത പ്രതിസന്ധികളിൽ ഇത്തരം ചിന്തകൾ വരുന്പോൾ തന്നെ മാനസിക വിദഗ്ധരുടെ സഹായം തേടുക എന്നതാണ് വിവേകപൂർവ്വമായ തീരുമാനം . ഇത്തരം ഘട്ടങ്ങളിൽ 1056, 0471- 2552056 എന്നീ ഹെൽപ് ലൈൻ നന്പറുകളിൽ വിളിച്ച് സഹായം തേടാം . ഓരോ ജീവനും വിലമതിക്കാനാകാത്ത ഒന്നാണ്)












Click it and Unblock the Notifications