ഒരുമിച്ച് മദ്യപിച്ചു, മദ്യലഹരിയില്‍ അച്ഛനെ മകന്‍ കൊലപ്പെടുത്തി: വീണ് പരിക്കേറ്റെന്ന നുണയും
ബാലുശ്ശേരി: കോഴിക്കോട് ബാലുശ്ശേരിയില്‍ പിതാവിനെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. എകരൂല്‍ സ്വദേശി നീരിറ്റിപറമ്പില്‍ ദേവദാസനെ (61) കൊലപ്പെടുത്തിയ മകന്‍ അക്ഷയ് ദേവാണ് (26) അറസ്റ്റിലായിരിക്കുന്നത്. വിദഗ്ധമായ അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് കൊലപാതകത്തിന്റെ ചുരുള്‍ അഴിച്ചത്. വീണ് പരിക്കേറ്റു എന്നും പറഞ്ഞായിരുന്നു ദേവദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയില്‍ നിന്നും ലഭിച്ച് വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ . മകന്‍ നടത്തിയ മര്‍ദനമാണ് ദേവദാസിന്റെ ജീവനെടുത്ത പരിക്കുകള്‍ക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം നടത്തിയ ചോദ്യംചെയ്യലില്‍ അക്ഷയ് ദേവ് കുറ്റം സമ്മതിക്കുകയും ചെയ്തു. മദ്യലഹരിയിലായിരുന്ന പ്രതിയെ പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

തിങ്കളാഴ്ച രാത്രി അച്ഛനും മകനും ഒരുമിച്ചായിരുന്നു മദ്യപിച്ചിരുന്നത്. മദ്യപാനത്തിനിടയില്‍ ഇരുവരും അടിപിടിയിലാകുകയായിരുന്നു. എകരൂലില്‍ കടമുറിയുടെ വാടകവാങ്ങാനായിപ്പോയ ദേവദാസന്‍ രണ്ടുപേര്‍ക്ക് കഴിക്കാനുള്ള മദ്യവുമായാണ് തിരിച്ചെത്തിയത് എന്നാണ് മകന്‍ പറയുന്നത്. മദ്യപിച്ച ദേവദാസന്‍ ഉറക്കെ ബഹളം വെക്കാന്‍ തുടങ്ങി. ബഹളം നാട്ടുകാര്‍ കേള്‍ക്കാതിരിക്കാന്‍ കസേരയില്‍ കെട്ടിയിട്ടുവെന്നും പിന്നെ നിലത്തിട്ട് ചവിട്ടുകയായിരുന്നുവെന്നുമാണ് അക്ഷയ് ദേവ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
വലിയ തോതില്‍ മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ നടന്ന കാര്യം പൂർണ്ണമായി ഓർമ്മയില്ലെന്നും പ്രതി പറഞ്ഞു. രണ്ടാം തിയതി രാത്രിയാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുന്നത്. വേദന കൂടിയതിനെ തുടർന്ന് മൂന്നാം തിയതി രാത്രിയാണ് ദേവദാസിനെ അക്ഷയ് തന്നെ ബാലുശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റെന്നായിരുന്നു ഡോക്ടറോട് പറഞ്ഞ്.
ബാലുശ്ശേരിയിലെ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. നാലാം തീയതി പുലര്‍ച്ചയോടെ ദേവദാസിനെ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വെച്ച് നടത്തിയ പരിശോധനയില്‍ വാരിയെല്ലിലെ പരിക്കുള്‍പ്പെടെ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഒപ്പംനില്‍ക്കാന്‍ ആളില്ല എന്നുപറഞ്ഞ് അക്ഷയ് ദേവദാസിനെ ഡിസ്ചാര്‍ജ് വാങ്ങി പുലര്‍ച്ചെതന്നെ വീട്ടിലേക്ക് തിരികെക്കൊണ്ടു പോകുകയും ചെയ്തു.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും തിരികെ എത്തിയ ശേഷം നാല്, അഞ്ച് തീയതികളില്‍ ഇരുവരും വീട്ടില്‍തന്നെ കഴിഞ്ഞെന്നും ഒരുമിച്ച് ഭക്ഷണം കഴിച്ചെന്നും മകന്‍ പറയുന്നു. ആറാംതിയതിയാണ് ദേവദാസിന്റെ ആരോഗ്യ നില പൂർണ്ണമായും വശളാകുന്നത്. അവശനിലയില്‍ കട്ടിലില്‍നിന്നു വീണ് അബോധാവസ്ഥയിലായ ദേവദാസിനെ നാട്ടുകാരുടെ സഹായത്തോടെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും മരണം സംഭവിച്ചു. ബൈക്കില്‍നിന്നും കട്ടിലില്‍നിന്നും വീണ് പറ്റിയതാണ് പരിക്ക് എന്നാണ് അക്ഷയ് അപ്പോഴും പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി വന്നതോടെ പൊലീസ് അക്ഷയിയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ആദ്യകാല കരാട്ടെ പരിശീലകനായിരുന്ന ദേവദാസും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കുടുംബപ്രശ്നം കാരണം ദേവദാസിന്റെ ഭാര്യ ഡല്‍ഹിയിലുള്ള മകളുടെ വീട്ടിലേക്ക് താമസംമാറിയിരുന്നു. ബിബിഎ ബിരുദധാരിയാണ് അക്ഷയ്. അറസ്റ്റ് ചെയ്ത് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications