കോഴിക്കോട് കുളമ്പ് രോഗം പടരുന്നു
കോഴിക്കോട്: പ്രതിരോധ കുത്തിവെപ്പുകള്‍ കാര്യക്ഷമമായി നടപ്പാക്കിയിട്ടും കോഴിക്കോട് ജില്ലയില്‍ കന്നുകാലികളില്‍ കുളമ്പ് രോഗം പടരുന്നതായി റിപ്പോര്‍ട്ട്. നഗര പരിധിയില്‍ പോലും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പ് എടുക്കാതെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന കാലികളിലൂടെയാണ് രോഗത്തിന് കാരണമായ വൈറസ് പരക്കുന്നതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍.
ജില്ലയിലെ 15 പഞ്ചായത്തുകളിലാണ് കുളമ്പ് രോഗെം വീണ്ടും പടര്‍ന്ന് പിടിച്ചിട്ടുള്ളതെന്ന് മൃഗരോഗ നിയന്ത്രണ പദ്ധതി അധികൃതര്‍ പറയുന്നു.പനങ്ങാട്, ഏറാമല, മുക്കം, കുന്നമംഗലം, കൊടുവള്ളി തുടങ്ങിയ പഞ്ചായത്തുകളിലാണ് പ്രശ്‌നം രൂക്ഷം. പ്രതിരോധ കുത്തിവപ്പ് യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ 85 ശതമാനം കന്നുകാലികള്‍ക്കും ഫാം മൃഗങ്ങള്‍ക്കും കുത്തിവപ്പ് എടുത്തിട്ടുണ്ടത്രെ. പശുക്കളും കാളകളും എരുമകളും പോത്തുകളും പന്നികളും ഉള്‍പ്പെടയൊണ് ഇത്.

നിലവില്‍ രോഗമുള്ളവയേയും, രോഗം ഭേഗമായിക്കൊണ്ടിരിക്കുന്നവയേയും, ഗര്‍ഭിണികളായവയേയും മാത്രമാണ് പ്രതിരോധ കുത്തിവെപ്പില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. അയല്‍ ജില്ലകളെ അപേക്ഷിച്ച് ജില്ലയിലെ കുളമ്പ് രോഗത്തിന്റെ പടര്‍ച്ച അത്ര രൂക്ഷമല്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. പനങ്ങാട് പഞ്ചായത്തില്‍ 50 കാലികള്‍ക്ക് രോഗം ബാധിച്ചതാണ് ഏറ്റവും കൂടുതല്‍.
രോഗം കണ്ടെത്തിയ കന്നുകാലികളില്‍ പലതും അയല്‍ ജില്ലകളില്‍ നിന്ന് കൊണ്ടുവന്നവയാണ്. പ്രതിരോധ കുത്തിവപ്പ് എടുത്ത മൃഗങ്ങളെ മാത്രമേ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരാവൂ എന്ന് നിയമമുണ്ടെങ്കിലും അത് നടപ്പിലാക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ഇപ്പോഴും ഇവിടെയില്ല എന്നതാണ് പ്രശ്‌നം. അന്യ സംസ്ഥാനങ്ങളില്‍ കാലികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ നേരത്തേ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പിന്നീട് ഇത് സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് പിന്‍വലിച്ചു.












Click it and Unblock the Notifications