26.24 കിലോ സ്വർണവുമായി മുങ്ങി: വടകരയിലെ ബാങ്കിലെ മുന്‍ മാനേജർ തെലങ്കാനയില്‍ പിടിയില്‍
കോഴിക്കോട്: വടകരയിലെ ബാങ്കില്‍ നിന്നും വന്‍ തട്ടിപ്പ് നടത്തി മുങ്ങിയ മുന്‍ മാനേജർ തെലങ്കാനയില്‍ പിടിയില്‍. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയില്‍ നിന്നും സ്വർണം തട്ടിയ കേസിലെ മുഖ്യപ്രതിയും മുന്‍ മാനേജറുമായ മധാ ജയ കുമാറാണ് പിടിയിലായിരിക്കുന്നത്. ബാങ്കിലെ 42 അക്കൗണ്ടുകളിലെ 26.24 കിലോ സ്വർണവുമായി ഇയാള്‍ മുങ്ങിയെന്നാണ് കേസ്.
കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം സംഘം തെലങ്കാനയില്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്. അടിപിടി കേസുമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസ് മധാ ജയ കുമാറിനെ കസ്റ്റഡയില്‍ എടുത്തിരുന്നു. ഈ സമയത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ക്കെതിരെ വടകരയില്‍ തട്ടിപ്പ് കേസ് ഉള്ളതായി തെലങ്കാന മനസ്സിലാക്കുന്നത്. ഇതേ തുടർന്ന് തെലങ്കാന പൊലീസ് വടകര പൊലീസിനെ ബന്ധപ്പെടുകയായിരുന്നു.

തമിഴ്നാട്ടിലെ മേട്ടുപ്പാളയം സ്വദേശിയാണ് മധാ ജയകുമാർ. ഇയാള്‍ ബാങ്കില്‍ നിന്നും കടത്തിയെന്ന് പറയുന്ന 26.24 കിലോ സ്വർണം കണ്ടെത്തുക എന്നുള്ളതാണ് പൊലീസിനെ സംബന്ധിച്ച അടുത്ത പ്രധാന വെല്ലുവിളി. തട്ടിപ്പില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിച്ച് വരുന്നുണ്ട്.
കഴിഞ്ഞ ദിവസം മധാ ജയകുമാർ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സന്ദേശവും പങ്കുവെച്ചിരുന്നു. ഇതില്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന് പിന്നില്‍ ബാങ്കിന്റെ സോണല്‍ മാനേജർക്ക് പങ്കുണ്ടെന്നാണ് മധാ ജയകുമാർ അവകാശപ്പെടുന്നത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ബാങ്കിന്‍റെ ശാഖകൾ വഴിയും വ്യാപക തട്ടിപ്പ് നടക്കുന്നതായും ഇയാള്‍ പറയുന്നുണ്ട്.
പ്രതിയെ തെലങ്കാനയില്‍ നിന്നും വടകരയിലേക്ക് തിരികെ എത്തിച്ച് വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ തട്ടിപ്പിന്റെ വ്യക്തമായ ചിത്രം മനസ്സിലാകുകയുള്ളു. കാർഷിക-സ്വർണപ്പണയ വായ്പയുടെ മറവില്‍ കൂടുതല്‍ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നും പരിശോധിച്ച് വരികയാണ്.
2021 മുതല്‍ കഴിഞ്ഞ ജുലൈ വരെ മൂന്ന് മാസത്തോളമാണ് മധാ ജയകുമാർ ബാങ്കിന്റെ മാനേജർ പദവി വഹിച്ചത്. ലോണ്‍ സംബന്ധിച്ച് . എല്ലാ ബ്രാഞ്ചുകൾക്കും സോണൽ മാനേജർ നിർദേശം നൽകിയിരുന്നുവെന്നും ഇയാള്‍ പറയുന്നു. എട്ട് ശതമാനം പലിശയ്ക്ക് കാർഷിക ലോൺ ആയാണ് പണയം വച്ചത്. ഒരാളുടെ പേരിൽ ഒരു കോടി വരെ പണയം കൊടുത്തിട്ടുണ്ട്. നിലവിലെ മാനേജർ ഇർഷാദിനും ഗ്രൂപ്പുമായി ബന്ധമുണ്ട്. താൻ മുങ്ങിയതല്ല, അവധിയെടുത്താണ് വടകരയിൽ നിന്ന് പോയത്. ഇത് ഔദ്യോഗികമായി തന്നെ അറിയിച്ചിരുന്നുവെന്നും മധാ ജയകുമാർ പറയുന്നു.












Click it and Unblock the Notifications