ഫ്രീഡം@മിഡ്‌നൈറ്റ്: അര്‍ധരാത്രി വരെ നീളുന്ന പരിപാടികളുമായ് കോഴിക്കോട് ഡിസിസി
കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആഗസ്റ്റ് 14ന് വൈകീട്ട് മൂന്നിന് കാര്‍ഗില്‍ രക്തസാക്ഷി ക്യാപ്റ്റന്‍ പി വി വിക്രമിന്റെ തിരുവണ്ണൂര്‍ വീട്ടുവളപ്പിലെ സ്മൃതി കുടീരത്തില്‍ നിന്ന് സ്വാതന്ത്ര്യ ജ്യോതി പ്രയാണം ആരംഭിക്കും. വൈകീട്ട് 4.30ന് എരഞ്ഞിപ്പാലം ആശിര്‍വാദ് ലോണ്‍സില്‍ നടക്കുന്ന 'ഫ്രീഡം@മിഡ്‌നൈറ്റ്' സ്വാതന്ത്ര്യ സ്മൃതി സംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുന്‍ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണന്‍, മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും.
രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായ ധീര ജവാന്മാരുടെ കുടുംബ സംഗമം ഇതിന്റെ ഭാഗമായി നടക്കും. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, ക്യാപ്റ്റന്‍ നിരഞ്ജന്‍ കുമാര്‍, ക്യാപ്റ്റന്‍ പി വി വിക്രം തുടങ്ങി നിരവധി സൈനികരുടെ കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും. സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കല്‍, സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയ മണ്‍മറഞ്ഞ പ്രമുഖ നേതാക്കളുടെ കുടുംബ സംഗമം, ശ്രീജിത്ത് വിയ്യൂര്‍ അവതരിപ്പിക്കുന്ന ഫ്രീഡം മാജിക് ഷോ, 'ഗാന്ധി-ഇന്ത്യ' സംഗീത നൃത്താവിഷ്‌കരണം, ഇന്ത്യയുടെ വിവിധ ഭാഷകളിലുള്ള ദേശഭക്തി ഗാനങ്ങളുടെ അവതരണം തുടങ്ങി വിവിധ കലാപരിപാടികള്‍ സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അര്‍ധരാത്രി വരെ നീണ്ടുനില്‍ക്കുന്ന 'ഫ്രീഡം@മിഡ്‌നൈറ്റ്' പരിപാടി സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞയോട് കൂടി 72 ദീപങ്ങള്‍ തെളിയിച്ച് സമാപിക്കും.

ആഗസ്റ്റ് 15ന് എല്ലാ ബൂത്ത് തലത്തിലും ദേശീയ പതാക ഉയര്‍ത്തലും സ്വാതന്ത്ര്യദിന പ്രതിജ്ഞയും സംഘടിപ്പിക്കും. വൈകീട്ട് മണ്ഡലം തലത്തില്‍ സ്വാതന്ത്ര്യ സ്മൃതി സംഗമവും ദേശരക്ഷാ പ്രതിജ്ഞയും നടക്കും. ആഗസ്റ്റ് 30ന് റാഫേല്‍ കരാറിലൂടെ രാജ്യസുരക്ഷ വിറ്റ് കാശാക്കുന്ന മോദി സര്‍ക്കാറിനെ 26 ബ്ലോക്ക് തലങ്ങളില്‍ ജനകീയ വിചാരണ ചെയ്യുമെന്ന് സിദ്ദിഖ് അറിയിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് ഇ വി ഉസ്മാന്‍കോയ, ജനറല്‍ സെക്രട്ടറിമാരായ ദിനേശ് പെരുമണ്ണ, സി രവീന്ദ്രന്‍ സംബന്ധിച്ചു.












Click it and Unblock the Notifications