ഡോ. കഫീല്‍ ഖാന്റെ ചടങ്ങ്; മെഡിക്കല്‍ കോളെജ് അധികൃതരുടെ നിലപാടില്‍ അയവ്
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളെജില്‍ ഡോ. കഫീല്‍ ഖാന്‍ പങ്കെടുത്ത ചടങ്ങിനെ സംബന്ധിച്ച വിവാദത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് എതിരെ സ്വീകരിച്ച നടപടികളില്‍നിന്ന് കോളെജ് അധികൃതര്‍ പിന്‍മാറും. കോര്‍ കമ്മിറ്റി യോഗത്തില്‍ പ്രിന്‍സിപ്പലിനെ ഘെരാവൊ ചെയ്ത സംഭവത്തില്‍ ഖേദ പ്രകടനം നടത്താന്‍ വിദ്യാര്‍ഥികളും സമ്മതം അറിയിച്ചു. ഇതോടെ മെഡിക്കല്‍ കോളെജില്‍ നിലനിന്ന പ്രതിസന്ധിക്ക് താല്‍ക്കാലിക വിരാമമായി. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
എന്നാല്‍, ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം ആകുംവരെ സമരം പിന്‍വലിക്കില്ലെന്നാണ് യൂണിയന്‍ നിലപാട്. സമരം തുടങ്ങാന്‍ കാരണമായ അടിസ്ഥാന വിഷയങ്ങള്‍ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതിപാദിക്കാതിരുന്നത് നിരാശാജനകമാണെന്നും യൂണിയന്‍ ഭാരവാഹികള്‍ പ്രതികരിച്ചു. പ്രിന്‍സിപ്പലിനെ കൈയേറ്റം ചെയ്‌തെന്നു കാണിച്ച് യൂണിയന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ നൂറോളം പേര്‍ക്കെതിരെ കോളെജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

മാസങ്ങള്‍ക്കു മുന്‍പാണ് മെഡിക്കല്‍ കോളെജില്‍ ഡോ. കഫീല്‍ ഖാന്‍ പങ്കെടുത്ത ചടങ്ങ് യൂണിയന്‍ സംഘടിപ്പിച്ചത്. ഗൊരഖ്പൂരിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ കിട്ടാതെ കുട്ടികള്‍ മരിക്കുമ്പോള്‍ സിലിണ്ടര്‍ കടംവാങ്ങി എത്തിച്ച ഡോ. കഫീല്‍ ഖാനെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ജയിലില്‍നിന്നു പുറത്തിറങ്ങിയ ശേഷമാണ് കഫീല്‍ ഖാന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിലെ പരിപാടിയില്‍ പങ്കെടുത്തത്. ഇതു തീവ്രവാദ പരിപാടിയാണെന്നു ജനംടിവി ഏതാനും ദിവസം മുന്‍പു വാര്‍ത്ത നല്‍കി. ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ള ആശുപത്രി വികസന സമിതി സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. വിവാദം ആയതിനെ തുടര്‍ന്ന് സമിതി നിലപാട് മയപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications