പെണ്ണുകാണാന്‍ വന്നവരുടെ ചോദ്യം ചെയ്യല്‍ മണിക്കൂറുകൾ നീണ്ടു: അവശയായ പെണ്‍കുട്ടി ആശുപത്രിയില്‍
കോഴിക്കോട്: പെണ്ണുകാണല്‍ ചടങ്ങിനിടെ കോഴിക്കോട് നാദാപുരത്ത് നാടകീയ സംഭവങ്ങള്‍. പെണ്ണുകാണാന്‍ വന്നവരുടെ മാനസിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ഇതേ തുടർന്ന് യുവതിയുടെ ബന്ധുക്കള്‍ പെണ്ണുകാണാന്‍ വന്ന സംഘത്തിലെ പുരുഷന്മാരെബന്ദിയാക്കുകയും വാഹനം പിടിച്ച് വെക്കുകയും ചെയ്തു. വാണിമേൽ ഭൂമിവാതുക്കൽ അങ്ങാടിക്കടുത്ത് വെള്ളിയാഴ്ചയാണ് സംഭവം. വിലാതപുരത്തുനിന്നുള്ള യുവാവിന്റെ ബന്ധുക്കളായിരുന്നു പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്.
രണ്ടുദിവസം മുമ്പ് യുവാവും സഹോദരനും സഹോദരിയും വീട്ടിലെത്തി പെൺകുട്ടിയെ കണ്ടിരുന്നു. ഇവർക്ക് ഇഷ്ടമായതിനെ തുടർന്നാണ് കൂടുതല്‍ ആളുകള്‍ അടങ്ങുന്ന സംഘം വീണ്ടും പെണ്‍വീട്ടിലേക്ക് എത്തിയത്. സംഘത്തില്‍ 25 ലേറെ പേരെ വരുന്ന സ്ത്രീകള്‍ പെണ്‍കുട്ടിയുമായി ഒരു റൂമില്‍ കയറി വാതില്‍ അടച്ച് 'ഇന്റർവ്യൂ' നടത്തുകയായിരുന്നു. ഇത് മണിക്കൂറുകള്‍ നീണ്ടതോടെ പെണ്‍കുട്ടി അവശ നിലയിലാവുകയായിരുന്നു. ഇതിന് ശേഷം വിഭവസ സമൃദ്ധമായ ഭക്ഷണവും ഇവർ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും കഴിച്ചു. എന്നാല്‍ ബന്ധത്തെ കുറിച്ച് ഒന്നുകൂടെ ആലോചിക്കണമെന്ന് ചെക്കന്റെ വീട്ടുകാർ പറഞ്ഞതോടെ രംഗം വഷളാവുകയായിരുന്നു.

യുവാവിന്റെ ബന്ധുക്കളുടെ ഈ നിലപാടില്‍ അരിശം കയറിയ ഗൃഹനാഥൻ സംഘത്തിലുള്ളവർക്കെതിരേ രംഗത്തെത്തി. ആരെയും തല്‍ക്കാലം പുറത്തുവിടില്ലെന്ന് പറഞ്ഞ അദ്ദേഹം വീടിന്റെ ഗേറ്റടച്ചു. ഇതോടെ സംഘത്തിലുള്ള സ്ത്രീകള്‍ ഭയപ്പെടുകയും തുടർന്ന് നാട്ടുകാരുടെ അഭിപ്രായം പരിഗണിച്ച് അവരെ മാത്രം പുറത്ത് വിടുകയുമായിരുന്നു. എന്നാല്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു രണ്ട് പുരുഷന്‍മാരെ മണിക്കൂറുകളോളം വീട്ടില്‍ തടഞ്ഞുവെച്ചു. സംഘമെത്തിയ കാറുകളിൽ ഒന്ന് വിട്ടുകൊടുത്തില്ല. പ്രശ്നപരിഹാരത്തിനായി മഹല്ലും സ്ഥലത്തെ രാഷ്ട്രീയ പാർട്ടികളും ഇടപെടുന്നുവെന്നാ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, പെണ്ണുകാണല്‍ ചടങ്ങിന്റെ പേരില്‍ ഇത്തരം ചെയ്തികള്‍ വ്യാപകമാണെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കുന്നത്. ഒരു മണിക്കൂറിലേറെയാണ് 25 ലേറെ വരുന്ന ഒരു സംഘത്തിന്റെ ചോദ്യം ചെയ്യലിന് തന്റെ മകള്‍ വിധേയമായത്. ഇത് അവളുടെ മാനസിക നില മോശമാക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരികയും ചെയ്താണ് തന്നെ കൂടുതല്‍ പ്രകോപിതനാക്കിയത്. ഇനി ഇങ്ങനെ ഒരു അവസ്ഥ മറ്റൊരു പെണ്‍കുട്ടിക്ക് ഉണ്ടാവാന്‍ പാടില്ല. ഈ ഒരു ഉദ്ദേശ്യത്തിലാണ് കടുത്ത നടപടിയിലേക്ക് നീങ്ങേണ്ടി വന്നതെന്നും പെൺകുട്ടിയുടെ പിതാവിന്റെ വിശദീകരണം. മകളുടെ വിവാഹം ആലോചനകള്‍ സംബന്ധിച്ചായിരുന്നു പ്രവാസിയായ ഇദ്ദേഹം നാട്ടിലെത്തിയത്.












Click it and Unblock the Notifications