ട്രെയിന്‍ യാത്രക്കാർക്ക് സന്തോഷ വാർത്ത: കോഴിക്കോട് വഴി പുതിയ ട്രെയിനുകൾ വരുന്നു
വടകര: കോഴിക്കോട് വഴി പുതിയ ട്രെയിനുകൾ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി വടകര എംപി ഷാഫി പറമ്പില്‍. രൂക്ഷമായ തിരക്ക് അനുഭവപ്പെടുന്ന റൂട്ടില്‍ യാത്രക്കാർ ഏറെ ആശ്വസകരമാകുന്ന പ്രഖ്യാപനമാണ് ഇട്. ക്രിസ്തുമസ്സ് സീസണിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി നിരവധി സ്പെഷ്യൽ ട്രെയിനുകൾ കേരളത്തിലേക്ക് വിവിധ നഗരങ്ങളിൽ നിന്നും ഏർപ്പാട് ചെയ്യുമെന്നും മന്ത്രി അറിയിച്ചതായി എംപി കൂട്ടിച്ചേർത്തു.
കൊയിലാണ്ടിയിലും വടകരയിലും തലശ്ശേരിയിലും തീവണ്ടികള്‍ പുതിയ സ്റ്റോപ്പുകൾ അനുവദിക്കും. കോഴിക്കോടും വടകരയും കഴിഞ്ഞാലുള്ള പ്രധാന സ്റ്റേഷനായ കൊയിലാണ്ടി സ്റ്റേഷൻ ഈ ഭരണ കാലയളവിൽ തന്നെ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വടകരയ്ക്കും കോഴിക്കോടിനുമിടയിൽ ഉള്ള ദൂരം കൊണ്ട് തന്നെ കൂടുതൽ ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പനുവദിക്കേണ്ടതിൻ്റെ അനിവാര്യത മന്ത്രിയെ അറിയിച്ചിട്ടുള്ളതായും ഷാഫി പറമ്പില്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

കോഴിക്കോട് മംഗലാപുരം റൂട്ടിൽ നേത്രാവതിക്ക് ശേഷം 3 മണിക്കൂറിലധികം ഇടവിട്ടെ അടുത്ത ട്രെയിനുള്ളു എന്ന് മന്ത്രിയെ ബോധ്യപ്പെടുത്താനായി. പരശുവിലെയും പാസ്സഞ്ചറിലേയും തിരക്കിൻ്റെ സാഹചര്യങ്ങളും വിശദീകരിച്ചത് കൊണ്ട് മേൽ ഇടവേളയിൽ ഒരു ഇൻ്റർസിറ്റി കൂടി അനുവദിക്കുന്നതിൻ്റെ സാധ്യതകൾ പരിശോധിക്കുവാൻ മന്ത്രി ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ഉച്ചയ്ക്ക് ശേഷം കൊയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട് പാലക്കാട്-ഷൊർണ്ണൂർ-കോഴിക്കോട് വഴി രാത്രി മoഗലാപുരത്ത് എത്തി തിരിച്ച് രാവിലെ നേരത്തെ മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന രീതിയിൽ ഒരു ഇൻ്റർസിറ്റി കൂടി അനുവദിക്കുന്ന കാര്യത്തിന് അനുകൂല മറുപടിയാണ് ലഭിച്ചത്. ബാക്കി കാര്യങ്ങൾ ഉദ്യോഗസ്ഥരുമായി ഫോളോ അപ്പ് ചെയ്യുമെന്നും എംപി കൂട്ടിച്ചേർത്തു.
അതേസമയം, ക്രിസ്മസ്, പുതുവത്സര തിരക്ക് പ്രമാണിച്ച് കുർള എൽടിടിയിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് പ്രതിവാര ട്രെയിന്‍ പ്രഖ്യാപിച്ചു. കൊങ്കൺ പാതയിലൂടെ കോട്ടയം വഴിയായിരിക്കും സർവ്വീസ്. തിരുവനന്തപുരത്തേക്കും തിരിച്ചും നാല് വീതം സർവീസുകളാണുണ്ടാകു. 19, 26, ജനുവരി 2, 9 തീയതികളിൽ വ്യാഴാഴ്ചകളിലാണ് എൽ ടി ടിയിൽനിന്നുള്ള സർവീസ് ഉണ്ടായിരിക്കുക. വൈകിട്ട് നാലിനു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാത്രി 10.45ന് തിരുവനന്തപുരത്തെത്തും. 21, 28 ജനുവരി 4, 11 തീയതികളിൽ ശനിയാഴ്ചകളിലാണ് കൊച്ചുവേളിയിൽനിന്ന് എൽ ടി ടിയില്‍ നിന്നും തിരിച്ചുള്ള സർവ്വീസ്.












Click it and Unblock the Notifications