ഗ്രാമീണ്‍ ബാങ്ക് സമരം ഒത്തുതീര്‍ന്നു; ശാഖകള്‍ വ്യാഴാഴ്ച തുറക്കും, റിക്രൂട്ട്മെന്റ് നടപടികൾ ഉടൻ
കോഴിക്കോട്: ഡിസംബർ 17 മുതൽ കേരള ഗ്രാമീൺ ബാങ്കിൽ നടന്നു വന്നിരുന്ന അനിശ്ചിതകാല പണിമുടക്ക് ഒത്തുതീർന്നു. ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കിന്റെയും തൊഴിൽ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെയും സാന്നിധ്യത്തിൽ ബാങ്കു ചെയർമാനും യൂണിയൻ പ്രതിനിധികളുമായി നടന്ന ചർച്ചയെ തുടർന്നാണ് തീരുമാനം. ഡെപ്യൂട്ടി ലേബർ കമ്മീഷണർ മുരളീധരനും മധ്യസ്ഥ ചർച്ചയിൽ പങ്കാളിയായി.
ബാങ്കിൽ ഒഴിവുള്ള പ്യൂൺ തസ്തികയിലേക്ക് നിയമനം നടത്തണമെന്നും ദിവസകൂലിക്കാരെ സ്ഥിരപ്പെടുത്തണമെന്നും ഉന്നയിച്ചായിരുന്നു പണിമുടക്ക്. ഒത്തുതീർപ്പു പ്രകാരം 2016 ൽ കണ്ടെത്തിയിരുന്ന 329 വേക്കൻസി പുനരവലോകനത്തിന് വിധേയമാക്കും. 3 മാസത്തിനകം ബാങ്ക് ഡയറക്ടർ ബോർഡിന്റെ അംഗീകാരം തേടി റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിക്കും.

നിയമനങ്ങളുടെ രീതികളും മാർഗ്ഗരേഖകളൂം തയ്യാറാക്കുന്നതിനു മുൻപായി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തും. ഗ്രാമീണ ബാങ്കിന്റെ 410 ശാഖകളിൽ പ്യൂൺ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. 633 ശാഖകളും 10 റിജീണൽ ഓഫീസുകളുമുള്ള ബാങ്കിൽ ഇപ്പോൾ കേവലം 257 സ്ഥിരം പ്യൂൺമാർ മാത്രമേ നിലവിലുള്ളു. ഡിസംബർ 11 മുതൽ മലപ്പുറത്തെ ബാങ്ക് ഹെഢാഫീസിൽ നടന്നു വന്നിരുന്ന അനിശ്ചിത കാല നിരാഹാര സമരവും ഇതെത്തുടര്‍ന്ന് പിൻവലിച്ചു. കെ.പ്രകാശൻ, കെ.കെ.രജിത മോൾ, കെ.ജി.മദനൻ, എൻ.സനിൽ ബാബു എന്നിവരാണ് നിരാഹാര സമ്മത്തിലേർപ്പെട്ടിരുന്നത്.
10 ദിവസമായി ബാങ്കിൽ നടന്നു വന്നിരുന്ന പണിമുടക്കുമൂലം ബാങ്കിടപാടുകൾ സ്തംഭിച്ചിരുന്നു. ധനകാര്യ മന്ത്രി തോമസ് ഐസക് പ്രത്യേകം മുൻകൈയെടുത്ത് ഞായറാഴ്ച തന്നെ ഒത്തുതീർപ്പു സംഭാഷണത്തിന് ശ്രമിച്ചെങ്കിലും ബാങ്ക് ചെയർമാൻ എത്താത്തതിനാൽ ചർച്ച നടന്നില്ല.ധനകാര്യ മന്ത്രിയുടെ ചേമ്പറിൽ ചേർന്ന നീണ്ട ചർച്ചക്കൊടുവിലാണ് സമരം ഒത്തുതീർപ്പായത്. സമരത്തെ തുടർന്ന് പ്രതികാര നടപടികളുണ്ടാകില്ലെന്നും തീരുമാനമുണ്ട് .
ചെയർമാൻ നാഗേഷ് ജി വൈദ്യ, ജനറൽ മാനേജർമാരായ ഗോവിന്ദ് ഹരി നാരായണൻ, എസ്.പവിത്രൻ, BEFI സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രൻ, ജന.സെക്രട്ടറി എസ്.എസ്. അനിൽ, AIRRBEA അഖിലേന്ത്യാ പ്രസിഡന്റ് സി.രാജീവൻ, യൂണിയൻ നേതാക്കളായ പി.ഗണേശൻ, കെ.പ്രകാശൻ, ഗണേശൻ പുത്തലത്ത്, സി മിഥുൻ പങ്കെടുത്തു.












Click it and Unblock the Notifications