മഅ്ദനിയെ ഓർമ്മയുണ്ടല്ലോ.? ഈ രീതി ആത്മഹത്യാപരം: ഹർത്താല്‍ അക്രമങ്ങളെ തള്ളി ഹമീദ് ഫൈസി അമ്പലക്കടവ്
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താല്‍ ദിനത്തിലെ അക്രമങ്ങള്‍ക്കെതിരെ വിമർശനവുമായി സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസ് അമ്പലക്കടവ്. അക്രമ പ്രവർത്തനം നടത്താൻ എന്താണ് ന്യായമെന്നും ഒരുതരത്തിലുള്ള അക്രമവും ഇസ്ലാം അനുവദിക്കില്ലെന്നുമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കുന്നത്. മഅ്ദനിയെ ഓർമ്മയുണ്ടല്ലോ.? ഒരു നല്ല പണ്ഡിതനും പ്രഭാഷകനും ആയിരുന്നു അദ്ദേഹം. അദ്ദേഹം തെറ്റ് ചെയ്തോ ഇല്ലേ എന്ന് ഇപ്പോഴും തീരുമാനമായിട്ടില്ലെന്നാണ് മനസ്സിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
'പോപ്പുലർ ഫ്രണ്ടിന്റെ ഇന്നത്തെ ഹർത്താലില്‍ വ്യാപകമായ ആക്രമണം നടക്കുന്നതായി വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. ഹർത്താൽ ഉണ്ടാക്കിയ സാഹചര്യങ്ങളെ കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല. ഒരു കാര്യം വ്യക്തം, ധാരാളം പാർട്ടി പ്രവർത്തകർക്കെതിരെ വിവിധ വകുപ്പുകൾ വെച്ച് കേസുകൾ ചാർജ് ചെയ്തു കൊണ്ടിരിക്കുന്നു. ഈ കേസുകളുമായി ഇനി ഇവർ എത്രകാലം കഴിയേണ്ടിവരും?'- അബ്ദുൽ ഹമീദ് ഫൈസ് അമ്പലക്കടവ് കുറിക്കുന്നു.

മഅ്ദനിയെ ഓർമ്മയുണ്ടല്ലോ.? ഒരു നല്ല പണ്ഡിതനും പ്രഭാഷകനും ആയിരുന്നു അദ്ദേഹം. അദ്ദേഹം തെറ്റ് ചെയ്തോ ഇല്ലേ എന്ന് ഇപ്പോഴും തീരുമാനമായിട്ടില്ലെന്നാണ് മനസ്സിലാകുന്നത്. ജീവിതകാലം മുഴുവൻ തടവറയിൽ നഷ്ടപ്പെട്ടു. പിന്നെ ഒരു കാര്യം. അക്രമ പ്രവർത്തനം നടത്താൻ എന്താണ് ന്യായം?. ഒരു തരത്തിലുള്ള അക്രമവും ഇസ്ലാം അനുവദിക്കുന്നില്ലല്ലോ?. ഒരേ സമയം വ്യക്തിക്കും സമുദായത്തിനും സമൂഹത്തിനും രാജ്യത്തിനും നഷ്ടം വരുത്തിവെക്കുന്ന ഈ പ്രവർത്തന രീതി ആത്മഹത്യാപരമാണെന്ന് പറയുന്ന അദ്ദേഹം "സ്വയം നാശത്തിനിടയാകുന്ന പ്രവർത്തനങ്ങളിലേക്ക് നിങ്ങൾ എടുത്തുചാടരുത്." എന്ന ഖുറാന്‍ വചനവും ഓർമ്മപ്പെടുത്തുന്നു.
അതേസമയം, ഇകെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി, വെല്‍ഫെയർ പാർട്ടി തുടങ്ങിയവർ പോപ്പുലർ ഫ്രണ്ടിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. 'ആയുധമേന്തി കൊലവിളി നടത്തുന്ന, മനുഷ്യരെ കൊല്ലുന്ന സംഘി ആസ്ഥാനങ്ങൾ റൈഡ് ചെയ്യാനും നേതാക്കളെ അറസ്റ്റ് ചെയ്യാനും സർക്കാർ തയ്യാറുണ്ടോ?' -എന്നായിരുന്നു നാസർ ഫൈസി ഫേസ്ബുക്കില്‍ കുറിച്ചത്.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി എഫ് ഐ) ഓഫീസുകളിൽ ഇ ഡി - എൻ ഐ എ റെയ്ഡും പി എഫ് ഐ, എസ് ഡി പി ഐ നേതാക്കളെ കസ്റ്റഡിയിലെടുത്തതും, ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്നവരോടുള്ള സംഘ്പരിവാറിന്റെ പ്രതികാര നടപടിയുടെ ഭാഗമാണെന്നും ഇതിലൂടെ മറു ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം വ്യക്തമാക്കിയത്.












Click it and Unblock the Notifications