തികഞ്ഞ പരാജയമായിരുന്നു അയാള്‍; തോല്‍വിക്ക് കാരണം ധര്‍മ്മജന്‍റെ ആ രീതി: മറുപടിയുമായി മണ്ഡലം കമ്മറ്റി
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബാലുശ്ശേരിയിലെ ചില കോണ്‍ഗ്രസ് നേതാക്കളും സ്ഥാനാര്‍ത്ഥിയായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും തമ്മിലുള്ള തര്‍ക്കം അതിരൂക്ഷമായി തുടരുകയാണ്. മണ്ഡലത്തിലെ രണ്ട് നേതാക്കള്‍ തന്‍റെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന പരാതി ധര്‍മ്മജന്‍ കെപിസിസി നേതൃത്വത്തിന് ഔദ്യോഗികമായി നല്‍കിയതിന് പിന്നാലെയാണ് തര്‍ക്കം രൂക്ഷമായത്.
ഇരുള്‍ മൂടി പശ്ചിമ ബംഗാള്‍; യാസ് ഭീഷണിക്കിടെ കനത്ത മഴ- ചിത്രങ്ങള്‍ കാണാം
ഇതിന് പിന്നാലെ ധര്‍മ്മജനെ തള്ളി ബാലുശ്ശേരിയിലെ നേതൃത്വം രംഗത്ത് വന്നെങ്കിലും കൂടുതല്‍ ശക്തമായ ആരോപണങ്ങളായിരുന്നു കഴിഞ്ഞ ദിവസം ധര്‍മ്മജന്‍ ഉന്നയിച്ചത്. ഇപ്പോഴിതാ വീണ്ടും ധര്‍മ്മജനെതിരെ ചില ആരോപണങ്ങള്‍കൂടി ഉയര്‍ത്തുകയാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍.

ദയനീയ പരാജയം
ബാലുശ്ശേരി മണ്ഡലം അടുത്തൊന്നും കാണാത്ത ഉയര്‍ന്ന ഭൂരിപക്ഷത്തിലായിരുന്നു സിനിമാ താരം കൂടിയായിട്ടും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പരാജയപ്പെട്ടത്. 20223 വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു ധര്‍മ്മജനെതിരെ മത്സരിച്ച ഇടത് സ്ഥാനാര്‍ത്ഥിയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായി കെഎം സച്ചിന്‍ ദേവിന് ലഭിച്ചത്.

ആരോപണങ്ങള്‍
തിരഞ്ഞെടുപ്പിലെ ഈ കനത്ത തോല്‍വിക്ക് പിന്നാലെ മണ്ഡലത്തിലെ കെപിസിസി സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് ധര്‍മ്മജന്‍ കെപിസിസിക്ക് പരാതി നല്‍കി. തന്‍റെ പേരില്‍ പണം പിരിച്ച നേതാക്കള്‍ അത് സ്വന്തം കീശയിലാക്കിയെന്നും ഇവര്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നുമായിരുന്ന ധര്‍മ്മജന്‍റെ ആരോപണങ്ങള്‍.

ബാലുശ്ശേരിയിലെ നേതാക്കള്‍
ബാലുശ്ശേരിയിലെ പ്രധാനപ്പെട്ട രണ്ട് കോണ്‍ഗ്രസ് നേതാക്കളാണ് തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചത്. സ്ഥാനാര്‍ത്ഥി ചര്‍ച്ച വേളയില്‍ തനിക്കെതിരെ വ്യാജ ഒപ്പിട്ട് പരാതി നല്‍കിയ അതേ നേതാവ് തന്നെയാണ് പിന്നീട് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ജനറൽ കൺവീനർ ആയത്. ഒരു കെപിസിസി ജനറല്‍ സെക്രട്ടറിയുടെ പിന്തുണയും ഇയാള്‍ക്കുണ്ടായിരുന്നു. തോല്‍ക്കാന്‍ ഇതില്‍ പരം എന്താണ് വേണ്ടത്.

നിരുത്സാഹപ്പെടുത്തി
ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തുടക്കം മുതല്‍ തന്നെ നിരുത്സാഹപ്പെടുത്താനാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചത്. പണമായിരുന്നു ചിലരുടെ ലക്ഷ്യം. പ്രചാരണം തുടങ്ങിയപ്പോള്‍ പലപ്പോഴായി പണം ആവശ്യപ്പെട്ടു. പണമില്ലെങ്കില്‍ ഭാര്യയുടെ സ്വര്‍ണ്ണം വിറ്റ് പണം നല്‍കാന്‍ വരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നോട് പറഞ്ഞതായും ധര്‍മ്മജന്‍ ബോള്‍ഗാട്ടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

മറുപടി
ഇപ്പോഴിതാ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ഈ ആരോപണങ്ങള്‍ക്കെല്ലാം മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബാലുശ്ശേരി മണ്ഡലം യുഡിഎഫ് കമ്മിറ്റി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടി സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തികഞ്ഞ പരാജയമായിരുന്നുവെന്നാണ് യുഡിഎഫ് മണ്ഡലം കമ്മറ്റി തിരിച്ചടിക്കുന്നത്.

ധര്‍മ്മജന്‍റെ അനുമതിയോടെ
ധര്‍മ്മജന്‍ ഉന്നയിച്ച ഫണ്ട് തിരിമറി ആരോപണങ്ങള്‍ ഉള്‍പ്പടേയുള്ള എല്ലാ ആരോപണങ്ങലും യുഡിഎഫ് മണ്ഡലം നേതൃത്വം പൂര്‍ണ്ണമായി തള്ളുന്നു. നേതാക്കള്‍ തിരഞ്ഞെടുപ്പ് ഫണ്ടിനായി പിരിവ് നടത്തിയെന്ന കാര്യം മണ്ഡലം നേതൃത്വവും സമ്മതിക്കുന്നു. എന്നാല്‍ ധര്‍മ്മജന്‍റെ അനുമതിയോടെയാണ് 80000 രൂപ പിരിച്ചെടുത്തതെന്നാണ് വിശദീകരണം

സാമ്പത്തിക കാര്യങ്ങള്‍
രശീത് നല്‍കി പിരിച്ച പണം നേതാക്കള്‍ എടുത്തിട്ടില്ല. കെപിസിസി നിര്‍വാഹക സമിതി അംഗത്തെയും ഡിസിസി ഭാരവാഹിയെയും പണം എല്‍പ്പിച്ചു. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് ഈ രണ്ട് നേതാക്കളാണ്. സാമ്പത്തിക കാര്യങ്ങള്‍ ധര്‍മ്മജന്‍ മണ്ഡലം കമ്മറ്റിയെ അറിയിക്കാന്‍ തയ്യാറായില്ലെന്നും മണ്ഡലം നേതൃത്വം അഭിപ്രായപ്പെടുന്നു.

അടിസ്ഥാന രഹിതം
എല്ലാം ധര്‍മ്മജന്‍ തനിച്ചാണ് ചെയ്തത്. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ അയാള്‍ വലിയ പരാജയമായിരുന്നു. മുന്നണി പറഞ്ഞതിന് വിരുദ്ധമായ രീതിയില്‍ പ്രചാരണം നടത്തിയതാണ് ഇത്രവലിയ തോല്‍വിക്ക് കാരണം. നേതാക്കള്‍ കാലുവാരിയെന്ന ധര്‍മ്മജന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും മണ്ഡലം കമ്മറ്റി അവകാശപ്പെടുന്നു.

ദുരൂഹതയുണ്ട്
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന വലിയ ആരോപണവും മണ്ഡലം കമ്മറ്റി ഉന്നയിക്കുന്നു. അടിസ്ഥാന രഹിതമായ ധര്‍മ്മജന്‍റെ പരാതിയില്‍ മാത്രമല്ല, സ്ഥാനാര്‍ത്ഥിയായി ധര്‍മ്മജനെ കെട്ടിയിറക്കാനുള്ള കാരണത്തെ കുറിച്ചും കെപിസിസി അന്വേഷിക്കണമെന്നും മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
ആരാധകര്‍ കാത്തിരുന്നു സമന്തയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications