കോഴിക്കോട് ചൂട് കൂടുന്നു, സൂര്യാഘാതത്തിന് സാധ്യത ശക്തം, മുന്‍കരുതലെടുക്കണെന്ന് മെഡിക്കല്‍ ഓഫീസര്‍
കോഴിക്കോട്: സംസ്ഥാനത്ത് വെയിലിന്റെ കാഠിന്യം കൂടുന്നു. വിവിധ ജില്ലകളില്‍ ഏറിയും കുറഞ്ഞും ശക്തമായ ചൂട് തന്നെയാണ് അനുഭവപ്പെടുന്നത്. അതേസമയം അന്തരീക്ഷ താപനില ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ സൂര്യാതപവും സൂര്യാഘാതവുമേല്‍ക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ മുന്‍കരുതലുകളെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അന്തരീക്ഷ താപം സാധാരണയില്‍ കവിഞ്ഞാല്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും താപം പുറത്ത് കളയുന്നതിന് തടസ്സമുണ്ടാകുകയും ചെയ്‌തേക്കാം.

ഇതുമൂലം ശരീരത്തിലെ പല നിര്‍ണ്ണായക പ്രവര്‍ത്തനങ്ങളും തകരാറിലായി മരണം വരെ സംഭവിക്കാവുന്ന ഗുരുതരാവസ്ഥയിലേക്ക് പോകുന്നതിനെയാണ് സൂര്യാഘാതമെന്ന് പറയുന്നത്. ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവില്‍ ശരീരത്തില്‍ നിന്ന് ജലവും ലവണങ്ങളും നഷ്ടപ്പെടുകയും ശരീര താപശോഷണം എന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു. സൂര്യാഘാത ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഒട്ടും വൈകിക്കാതെ ആശുപത്രിയിലെത്തി ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ശരീര താപനില 103 ഡിഗ്രി ഫാരന്‍ ഹീറ്റിന് മുകളില്‍ ഉയരുക, ശരീരം വറ്റി വരണ്ട് ചുവന്ന് ചൂടായ നിലയിലാകുക തുടങ്ങിയവ പ്രധാന ലക്ഷണങ്ങളാണ്. ശരീരത്തില്‍ ചുവന്ന തടിപ്പുകളോ പാടുകളോ കുമിളകളോ ചൊറിച്ചിലോ ഉണ്ടാകുക, നാഡി മിടിപ്പിന്റെ വേഗത കുറയുക, പേശീവേദനയും കോച്ചിവലിവും, ശക്തമായ തലവേദനയും തലകറക്കവും, ശരീരത്തിലുണ്ടാകുന്ന പൊള്ളലുകള്‍, മാനസികാവസ്ഥയില്‍ വ്യതിയാനം, അബോധാവസ്ഥ എന്നിവ സംഭവിച്ചേക്കാം. ആര്‍ക്കെങ്കിലും സൂര്യാഘാതമേറ്റെന്ന് സംശയം തോന്നിയാല്‍ വെയിലത്ത് നിന്ന് തണലത്തേക്ക് മാറ്റുകയും ശരീരം തണുത്ത വെള്ളം കൊണ്ട് തുടയ്ക്കുകയും ചെയ്യുക. ധാരാളം വെള്ളം കുടിക്കാന്‍ നല്‍കുക. കട്ടി കുറഞ്ഞ അയഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക.
സൂര്യാഘാതത്തെ പ്രതിരോധിക്കാനും മാര്‍ഗങ്ങളുണ്ട്. ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ ധാരാളം ശുദ്ധജലം കുടിക്കുക, അമിതമായി വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞി വെള്ളം, നാരങ്ങാ വെള്ളം എന്നിവ കുടിക്കുക എന്നത് സൂര്യഘാതത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളാണ്. രാവിലെ 11 മണി മുതല്‍ ഉച്ചക്ക് 3 മണി വരെ തുറന്ന അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നതും വെയില്‍ കൊള്ളുന്നതും ഒഴിവാക്കുക, കുട്ടികളെ വെയിലത്ത് കളിക്കാന്‍ വിടുകയോ സ്‌കൂള്‍ അസംബ്ലി പോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യരുത്, കട്ടി കുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ കോട്ടണ്‍ വസ്ത്രങ്ങളോ മാത്രം ധരിക്കുക തുടങ്ങിയ പ്രതിരോധ നിര്‍ദേശങ്ങളും മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്നു.
വീട്, ഓഫീസ് തുടങ്ങിയ ഇടങ്ങളില്‍ ജനലുകളും വാതിലുകളും തുറന്നിടുകയും മതിയായ വായുസഞ്ചാരം ഉറപ്പ് വരുത്തുകയും ചെയ്യണം, അടുക്കളയില്‍ പാചകം ചെയ്യുന്നവര്‍ ചൂട് കുറയ്ക്കാനായി ജനലുകളും വാതിലുകളും തുറന്നിടുക, വായു പുറത്ത് പോകാനുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുക, വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെ തനിച്ചാക്കി പോകാതിരിക്കുക. വീടിനുള്ളില്‍ കഴിയുന്ന പ്രായമായവരെയും കിടപ്പിലായ രോഗികളെയും ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയവയുള്ളവരെയും ഉയര്‍ന്ന അന്തരീക്ഷ താപം ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.












Click it and Unblock the Notifications