കോഴിക്കോട് കനത്തമഴ; പൂഴിത്തോട് മാവട്ടം വനമേഖലയില്‍ ഉരുള്‍പൊട്ടല്‍
കോഴിക്കോട്: കനത്ത മഴ തുടരുന്നതിനിടെ കോഴിക്കോട് പൂഴിത്തോട് മാവട്ടം വനമേഖലയില്‍ ഉരുള്‍പൊട്ടി. പൂഴിത്തോട് മേഖലയില്‍ രാത്രിയിലും മഴ തുടരുന്ന സാഹചര്യത്തില്‍ കടന്തറ പുഴയില്‍ വെള്ളം ക്രമാതീതമായി വര്‍ധിച്ചു. ജലനിരപ്പ് ഉയരുന്നുണ്ട് എന്നും പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. വ്യാഴാഴ്ച വൈകീട്ട് മുതല്‍ കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയില്‍ ഉള്‍വനത്തില്‍ ശക്തമായ മഴയാണ് പെയ്യുന്നത്.
കോടഞ്ചേരി പഞ്ചായത്തിലെ തുഷാരഗിരിയിലെ ഉള്‍വനം, തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ മുത്തപ്പന്‍പുഴ എന്നി പ്രദേശങ്ങളിലെ ഉള്‍വനത്തിലാണ് ശക്തമായ മഴ പെയ്യുന്നത്. തുഷാരഗിരിയില്‍ മഴ ശക്തിപ്പെട്ടിരിക്കുകയാണ്. ഇതോടെ ചെമ്പുകടവ് വഴി ചാലിപ്പുഴയിലേക്ക് കനത്ത മലവെള്ളപ്പാച്ചിലാണ്. തിരുവമ്പാടി പഞ്ചായത്തിലെ ഉള്‍വനത്തില്‍ മഴ ശക്തിപ്പെട്ടതോടെ ഇരുവഞ്ഞിപ്പുഴയിലും വെള്ളം പൊങ്ങുകയാണ്.

ഈ സാഹചര്യത്തില്‍ ഇരു പുഴകള്‍ക്കും തീരത്തുള്ളവര്‍ക്ക് ജാഗ്രത പാലിക്കണം. മലവെള്ളപ്പാച്ചില്‍ ശക്തിപ്പെട്ടിരിക്കുകയാണ് എന്നും ആരും പുഴകളില്‍ ഇറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വയനാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടുായിരുന്നു.
വെള്ളിയാഴ്ച പതിനൊന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ശനിയാഴ്ചയും യെല്ലോ അലര്‍ട്ട് ആയിരിക്കും.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് ആയിരിക്കും എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ജില്ലകളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരാനാണ് സാധ്യത.
തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി തീരം, തെക്ക് - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന തെക്ക് - കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.












Click it and Unblock the Notifications