കോഴിക്കോട് കനത്ത നാശനഷ്ടം വിതച്ച് മഴ: 4 ക്യാമ്പുകള്‍ തുറന്നു, 34 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
കോഴിക്കോട്: ജില്ലയിലുണ്ടായ മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയിലെ കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി താലൂക്കുകളിലായി നാലിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചു. കൊയിലാണ്ടി താലൂക്കിലെ ബാലുശ്ശേരിയില്‍ ശക്തമായ മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഒന്‍പത് കുടുംബങ്ങളെ ബാലുശ്ശേരി എയുപി സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 12 പുരുഷന്‍മാരും 13 സ്ത്രീകളും ഏഴ് കുട്ടികളുമായി 32 പേരാണ് ക്യാംപിലുള്ളത്.
കോഴിക്കോട് താലൂക്കിലെ നന്മണ്ടയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ട് ക്യാംപുകളിലായി 22 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഏഴുകുളം മദ്രസയില്‍ 17 കുടുംബങ്ങളിലെ 24 പുരുഷന്‍മാരും 31 സ്ത്രീകളും ഒരു കുട്ടിയുമായി 56 പേരും സരസ്വതി വിദ്യാമന്ദിരത്തില്‍ 5 കുടുംബങ്ങളിലെ ആറ് പുരുഷന്‍മാരും ഏഴ് സ്ത്രീകളുമായി 13 പേരുമാണുള്ളത്.

താമരശ്ശേരി താലൂക്കിലെ പനങ്ങാട് മഴക്കെടുതിയെ തുടര്‍ന്ന് മൂന്ന് കുടുംബങ്ങളെ പ്രദേശത്തെ അങ്കണവാടിയിലേക്ക് മാറ്റി. രണ്ട് പുരുഷന്‍മാരും അഞ്ച് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ എട്ട് പേരാണ് ക്യാംപിലുള്ളത്. ജില്ലയിലെ 27 വില്ലേജുകളില്‍ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വിവിധ ഇടങ്ങളിലായി 27 വീടുകളാണ് ഭാഗികമായി തകര്‍ന്നത്.
അതേസമയം, തലസ്ഥാന ജില്ലയിലും മഴക്കെടുതി ശക്തമാണ്. തിരുവനന്തപുരത്ത് ശക്തമായ വേനല്‍ മഴയെ തുടര്‍ന്ന് 11 കോടിയുടെ കൃഷിനാശമാണ് ഉണ്ടായത്. ഏപ്രില്‍ 30 മുതല്‍ മെയ് 21 വരെയുള്ള കണക്കനുരിച്ച് 11,339,8000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ആര്യങ്കോട് ബ്ലോക്കിലാണ്ഏറ്റവും കൂടുതവല്‍ നാശം- 5.7 കോടി. 1789 കര്‍ഷകര്‍ക്കാണ് ശക്തമായ മൂലം കൃഷിനാശം സംഭവിച്ചത്. 605.94 ഹെക്ടര്‍ കൃഷിഭൂമിയില്‍ മഴ നാശം വിതച്ചു. കൃഷിനാശം സംഭവിച്ചവയുടെ എണ്ണം: വാഴ കുലച്ചത്-1,56,180, വാഴ കുലയ്ക്കാത്തത്-4,84,20, റബ്ബര്‍-20, വെറ്റില-0.200 ഹെക്ടര്‍, കപ്പ- 8.800 ഹെക്ടര്‍, പച്ചക്കറി പന്തലുള്ളത്-1.700 ഹെക്ടര്‍, പച്ചക്കറി പന്തലില്ലാത്തത്- 1.000 ഹെക്ടര്‍.
ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍
ശക്തമായ മഴയെതുടര്‍ന്ന് നെയ്യാറ്റിന്‍കര താലൂക്കില്‍ ആരംഭിച്ച രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി ആറ് കുടുംബങ്ങള്‍ കഴിയുന്നു. കുളത്തൂര്‍ യുപി സ്‌കൂളില്‍ മാര്‍ച്ച് 31 ന് ആരംഭിച്ച ക്യാമ്പില്‍ രണ്ട് കുടുംബങ്ങളും (ആകെ 4 പേര്‍) കോട്ടുകാല്‍ സെന്റ് ജോസഫ് സ്‌കൂളില്‍ മെയ് 20 ന് ആരംഭിച്ച ക്യാമ്പില്‍ നാല് കുടുംബങ്ങളുമാണ് (ആകെ 7 പേര്‍) കഴിയുന്നത്. ശക്തമായ മഴയെതുടര്‍ന്ന് ജില്ലയില്‍ 6 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.












Click it and Unblock the Notifications