രാജ്യത്തിന് അഭിമാനമായി കോഴിക്കോട്: യുനെസ്‌കോ സാഹിത്യ നഗരം പദവി നേടിയെടുത്തത് എങ്ങനെ?
കോഴിക്കോട്: കേരളപ്പിറവി ദിനത്തില്‍ അപൂർവ്വ നേട്ടവുമായി കോഴിക്കോട്. യുനെസ്‌കോ സാഹിത്യ നഗരം പദവി നേടുന്ന രാജ്യത്തെ ആദ്യ നഗരമായി മാറിയിരിക്കുകയാണ് കോഴിക്കോട് നഗരം. ലോക നഗര ദിനത്തില്‍ യുനെസ്‌കോ പുറത്തിറക്കിയ 55 ക്രിയേറ്റീവ് നഗരങ്ങളുടെ ഏറ്റവും പുതിയ പട്ടികയിലാണ് കോഴിക്കോട് ഇടം പിടിച്ചത്. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗ് ആണ് സാഹിത്യ നഗര പദവി ലഭിച്ച ലോകത്തിലെ ആദ്യം നഗരം.
എന്തുകൊണ്ട് കോഴിക്കോട്
കോഴിക്കോടിന്റെ മഹത്തായ സാഹിത്യ പൈതൃകവും പാരമ്പര്യവും കണക്കിലെടുത്താണ് പദവി നല്‍കിയത്. കേരള സാഹിത്യോത്സവത്തിന്റെ സ്ഥിരം വേദിയായ കോഴിക്കോട്ട് കെ എല്‍ ഫ് ഉള്‍പ്പെടേയുള്ള നിരവധി പുസ്തകോത്സവങ്ങള്‍ നടക്കുന്നതും പദവി നേടിയെടുക്കുന്നതില്‍ നിർണ്ണായകമായി. ഇത്തരമൊരു അംഗീകാരം ഇരട്ടി മധുരം പേലെയാണ് തനിക്ക് തോന്നുന്നതെന്നാണ് കോഴിക്കോട് കോർപ്പറേഷന്‍ മേയർ ബീന ഫിലിപ്പ് അഭിപ്രായപ്പെടുന്നത്.

നവംബർ 1 കോഴിക്കോട് കോർപ്പറേഷന്റെ അറുപത്തിയൊന്നാം ജന്മദിനമാണ്. അതോടൊപ്പം തന്നെ ഇന്ത്യയിലേക്ക് ആദ്യമായി സാഹിത്യത്തിന് ഇത്തരമൊരു പദവി നേടിയെടുക്കാന്‍ സാധിച്ചതില്‍ വളരെ അധികം സന്തോഷമുണ്ട്. കോഴിക്കോട് അർഹിക്കുന്ന ഒരു കാര്യം നേടിയെടുക്കാന്‍ സാധിച്ചു എന്നുള്ളതാണ് പ്രധാനം. നമുക്ക് അർഹതയുണ്ടെങ്കിലും വേണ്ട രീതിയില്‍ അത് എഴുതി അവതരിപ്പിക്കാന്‍ കഴിയാതെ പോകുന്നതിലൂടെ പദവികള്‍ നഷ്ടമാകുന്ന ഒട്ടനവധി പേരുണ്ടെന്നും മേയർ പറയുന്നു.
പിന്നില്‍ പ്രയത്നിച്ചവർ
ജനങ്ങളുടേയും പത്ര മാധ്യമങ്ങളുടേയും സാഹിത്യകാരന്മാരുടേയുമൊക്കെ വലിയ പിന്തുണയുണ്ടായി. കഴിഞ്ഞ ഒന്നര വര്‍ഷമായി കിലയുടെ സഹായത്തോടെ കോര്‍പറേഷന്‍ നടത്തിയ ശ്രമങ്ങളാണ് ഇതോടെ ഫലം കണ്ടത്. കിലയുടെ നിര്‍ദ്ദേശങ്ങളുമായി മുന്നോട്ട് പോവുന്നതിനിടെ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് യൂണിവേഴ്‌സിറ്റിയുടെ സഹായവും കോര്‍പറേഷന്‍ തേടിയിരുന്നു. കിലയില്‍ നിന്നും മികച്ച വിദ്യാർത്ഥികളെയാണ് ഫെല്ലോഷിപ്പിന് നല്‍കിയത്.
എന്‍ഐടി വിദ്യാർത്ഥികളാണ് ഇതിനുള്ള മെത്തഡോളജി എങ്ങനെ വേണമെന്ന് കാണിച്ച് വന്നത്. അവർ പോലും വിചാരിക്കാത്ത തരത്തില്‍ അവരുടെ പ്രവർത്തി മികച്ച് നിന്നു. കേന്ദ്രമന്ത്രി വി മുരളീധരന്‍, എളമരം കരീം എംപി എന്നിവരുടേയും വലിയ പിന്തുണ ലഭിച്ചു. എംപിയുടെ വണ്ടിയിലായിരുന്നു വിദ്യാർത്ഥികള്‍ ഡല്‍ഹിയില്‍ അഞ്ച് ദിവസത്തോളം സഞ്ചരിച്ചതെന്നും മേയർ പറയുന്നു.
അതേസമയം, പ്രാഗ് യൂണിവേഴ്‌സിറ്റിയുടെ ഗവേഷക വിദ്യാര്‍ത്ഥിനിയായ ലുദ്മില കൊലൗചോവ കോഴിക്കോട്ടെത്തി തയ്യാറെടുപ്പിന് സഹകരിച്ചിരുന്നു. കോഴിക്കോട് 70ലേറെ പുസ്തക പ്രസാദകരും 500ലേറെ ഗ്രന്ഥശാലകളും ഉണ്ടെന്നും അവർ കണ്ടെത്തി. കോഴിക്കോടിന് പുറമെ മധ്യപ്രദേശിലെ ഗ്വാളിയോർ 55 സര്‍ഗാത്മ നഗരങ്ങളില്‍ സംഗീത നഗരമായി തിരഞ്ഞെടുത്തിട്ടുണ്ട്.












Click it and Unblock the Notifications