കാര്‍ഷിക നിലത്തില്‍ ഫ്‌ളാറ്റ്; അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍ഡിഒയ്ക്ക് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം
കോഴിക്കോട്: പന്നിയങ്കരയില്‍ വര്‍ഷങ്ങളായി നിലമായി കിടന്ന സ്ഥലത്ത് ഫ്‌ളാറ്റ് നിര്‍മ്മിക്കാന്‍ കോഴിക്കോട് നഗരസഭ അനുമതി നല്‍കിയത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആര്‍ഡിഒ യോട് ആവശ്യപ്പെട്ടു. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമൊണ് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടിരിക്കുന്നത്. പന്നിയങ്കര സ്വദേശി എം സന്തോഷ് കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി.
തന്റെ വീടിന് സമീപം നെല്‍കൃഷി നടത്തുന്ന വയല്‍ ഉള്‍പ്പെടുന്ന സ്ഥലത്ത് ഒരു സ്വകാര്യ കമ്പനിക്ക് ഫ്‌ളാറ്റ് നിര്‍മിക്കാന്‍ കോഴിക്കോട് നഗരസഭ അനുമതി നല്‍കിയതായും നിര്‍മാണം കാരണം തന്റെ വീടിന് കേടുപാടുകള്‍ സംഭവിച്ചതായും പരാതിയില്‍ പറയുന്നു. കേട്പാട് സംഭവിച്ചതിന്റെ ചിത്രങ്ങള്‍ ഇദ്ദേഹം കമ്മിഷന് ഹാജരാക്കിയിട്ടുണ്ട്. വയലിനരികില്‍ പുരാതനമായ ഒരു കുളമുണ്ടായിരുന്നതായും പരാതിയിലുണ്ട്.

ഇതുസംബന്ധിച്ച് നേരത്തെ കോഴിക്കോട് നഗരസഭാ സെക്രട്ടറിയില്‍ നിന്ന് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. 30 വര്‍ഷം പഴക്കമുള്ള വീടും 40 വര്‍ഷം പഴക്കമുള്ള വൃക്ഷങ്ങളും ഉണ്ടായിരുന്ന സ്ഥലമായതിനാലാണ് കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്‍കിയതെന്നായിരുന്നു നഗരസഭാ സെക്രട്ടറിയുടെ വിശദീകരണം. നിര്‍മ്മാണം 90 ശതമാനം പൂര്‍ത്തിയായപ്പോഴാണ് പരാതിയുണ്ടായത്. നഗരസഭ നേരിട്ട് ഡ്രൈനേജ് നിര്‍മ്മിച്ചെന്നും തൊട്ടടുത്ത വീടുകളുടെ അറ്റകുറ്റപണികള്‍ നഗരസഭ നിര്‍വഹിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. വര്‍ഷങ്ങളായി നിലമായി കിടന്ന സ്ഥലത്ത് നിര്‍മാണത്തിന് അനുമതി നല്‍കിയത് ശരിയായില്ലെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. വില്ലേജ് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടത്തിന് അനുമതി നല്‍കിയതെന്ന വാദം സ്വീകാര്യമല്ല. നിലംനികത്തി ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിന് സ്വീകരിക്കേണ്ട നിയമനടപടികള്‍ ഇക്കാര്യത്തില്‍ കൈക്കൊണ്ടിട്ടുണ്ടോയെന്ന് നഗരസഭയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമല്ലെന്നും കമ്മീഷന്‍ പറയുന്നു.
പരാതിയുടെ പകര്‍പ്പും നഗരസഭയുടെ റിപ്പോര്‍ട്ടും കമ്മിഷന്‍ ആര്‍ഡിഒക്ക് അയക്കും. ആര്‍ഡിഒ വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications