വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം; നടപടി ഉറപ്പുനൽകി ആരോഗ്യമന്ത്രി, സമരം അവസാനിപ്പിച്ച് ഹർഷിന
കഴിഞ്ഞ ആറ് ദിവസമായി ആശുപത്രിക്ക് മുന്നിൽ സമരത്തിലായിരുന്നു ഹർഷിന.

കോഴിക്കോട് : വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ സമരം അവസാനിപ്പിച്ച് ഹർഷിന. ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തീരുമാനം. നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകിയാതായി ഹർഷിന പറഞ്ഞു. കത്രിക ഏത് ആശുപത്രിയിലേതാണെന്ന് കണ്ടെത്തണം. നിയമപോരാട്ടം തുടരുമെന്നും ഹർഷിന പറഞ്ഞു. ആരോഗ്യം ഉള്ളതുകൊണ്ടല്ല, തന്റെ ഉൾക്കരുത്തുകൊണ്ടാണ് ഇവിടെ നിൽക്കുന്നതെന്നും അർഷിന പറഞ്ഞു. കഴിഞ്ഞ ആറ് ദിവസമായി ആശുപത്രിക്ക് മുന്നിൽ സമരത്തിലായിരുന്നു ഹർഷിന.
രണ്ടാഴ്ച കൊണ്ട് നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു. സർക്കാർ ഹർഷിനയ്ക്ക് ഒപ്പമെന്നും മന്ത്രി പറഞ്ഞു. ഒടുവിൽ സമർപ്പിച്ച റിപ്പോർട്ട് കണ്ടിട്ടില്ല. കത്രികയുടെ കാലപ്പഴക്കം കണ്ടെത്താനുള്ള സംവിധാന കേരളത്തിലില്ലെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു. സർക്കാരിന്റെ നിലപാട് ഹർഷിനയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
"മെഡിക്കൽ കോളേജിൽ നിന്ന് തന്നെയാണ് കത്രിക കുടുങ്ങിയതെന്ന് നൂറുശതമാനം ഉറപ്പുണ്ട്. അത് തെളിയിക്കണം. അല്ലെങ്കിൽ ഞാൻ പറഞ്ഞത് കളവാണ് വരും. രാവും പകലുമില്ലാതെ ഏഴ് ദിവസമാണ് സമരം നടത്തിയത്. എന്റെ മക്കളെ വീട്ടിൽ നിർത്തിയിട്ടാണ് വന്നത്. സത്യം അറിയാനുള്ള അവകാശം എനിക്കുണ്ട്"; ഹർഷിന പറഞ്ഞു.
ആരോഗ്യമന്ത്രി രണ്ടാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിയുടെ വാക്കിൽ വിശ്വാസമുണ്ടെന്നും ഹർഷിന പറഞ്ഞു. അത്രയും അശ്രദ്ധമായ സംഭവമാണുണ്ടായത്. ചെറിയ നൂലോ നീഡിലോ ഒന്നുമല്ലല്ലോ, ഇത്രയും വലിയൊരു സംഭവമാണ്. ഡോക്ടർമാർക്കെതിരെയല്ല, ആരുടെ ഭാഗത്ത് നിന്നാണ് ഇത് സംഭവിച്ചതെന്നറിയണം അത്രയേ ഉള്ളൂവെന്നും ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു.
സമര പന്തലിൽ എത്തിയാണ് മന്ത്രി ഹർഷിനയെ കണ്ടത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹർഷിനയുമായി മന്ത്രി ചർച്ച നടത്തുകയും ചെയ്തു. സർക്കാർ ഹർഷിനക്കൊപ്പമാണെന്ന് മന്ത്രി അറിയിച്ചു. ഇതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാൻ ഹർഷിന തീരുമാനിച്ചത്.
2017 നവംബർ 30ന് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് അടിവാരം സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. ശസ്ത്രക്രിയയ്ക്കിടെ മറന്നു വച്ച കത്രിക മൂത്രസഞ്ചിയിൽ തറഞ്ഞു നിൽക്കുകയായിരുന്നു. കടുത്ത വേദന മൂലം പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സി.ടി സ്‌കാനിലാണ് മൂത്ര സഞ്ചിയിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക തറച്ചു നിൽക്കുന്നത് കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളജിൽ വച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഉത്തരവിട്ടിരുന്നു.
എന്നാൽ, യുവതിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്ത കത്രിക മെഡിക്കൽ കോളേജിന്റേതല്ലെന്നായിരുന്നു വിദഗ്ധ സമിതി റിപ്പോർട്ട്. ശസ്ത്രക്രിയക്കായി ഉപയോഗിച്ച ഉപകരണങ്ങൾ ഒന്നും നഷ്ടമായിട്ടില്ലെന്നും കണക്കെടുപ്പിൽ എല്ലാം കൃത്യമായി രേഖപ്പെടുത്തിയതായി കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
"താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ രണ്ട് ശസ്‌ത്രക്രിയയും കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നുമാണ് ഹർഷിന നടത്തിയത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്. ഒരു ദിവസം കത്രിക ഉള്ളിൽ വെച്ച് ജീവിക്കുക എന്നത് നമുക്കൊന്നും ചിന്തിക്കാൻ കഴിയാത്ത കാര്യമാണ്. ഹർഷിന അനുഭവിച്ച വേദന ഉൾക്കൊണ്ടുകൊണ്ടാണ് ആദ്യത്തെ അന്വേഷണം പ്രഖ്യാപിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായ ഒന്നും കണ്ടെത്താനായിട്ടില്ല. എത്ര വർഷം മുൻപ് നടത്തിയ ശസ്ത്രക്രിയ ആണെങ്കിലും മൂന്നും നടന്നിരിക്കുന്നത് സർക്കാർ ആശുപത്രികളിലാണ്. അതിനാൽ എവിടെ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് കണ്ടെത്തും"; വീണാ ജോർജ് പറഞ്ഞു.












Click it and Unblock the Notifications