ധര്‍മ്മജന്‍റെ തെരെഞ്ഞെടുപ്പ് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കുക: ഡിവൈഎഫ്ഐ
കോഴിക്കോട്: യു ഡി എഫ് തെരെഞ്ഞെടുപ്പ് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ. ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ധർമ്മജൻ ബോൾഗാട്ടി യുഡിഎഫിന്‍റെ തെരെഞ്ഞെടുപ്പ് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് നടത്തിയ ആരോപണങ്ങൾ ഗൗരവമേറിയതാണ്. ഇതുമായി ബന്ധപ്പെട്ട തെരെഞ്ഞെടുപ്പ് ചട്ടലംഘനം അന്വേഷിക്കണമെന്നാണ് ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെടുന്നത്.
താൻ സ്വന്തം നിലയിൽ കൊണ്ടുവന്ന പണമുപയോഗിച്ചാണ് തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയത് എന്നും ബാലുശ്ശേരിയിലെ ഒരു കെപിസിസി ജനറൽ സെക്രട്ടറിയും ചില പ്രാദേശിക നേതാക്കളും തൻ്റെ പേരിൽ പണപ്പിരിവ് നടത്തിയെന്നും ഇത് തെരെഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനത്തിനല്ല ഉപയോഗിച്ചതെന്നും ആയിരുന്നു ധർമ്മജൻ്റെ ആരോപണം. ഈ ആരോപണം ഉയർന്ന് വന്നിട്ട് രണ്ടാഴ്ച്ച പിന്നിട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഒരു വിശദീകരണവും ബാലുശ്ശേരിയിലെ യുഡിഎഫ് നേത്യത്വത്തിൽ നിന്ന് ഉണ്ടായിട്ടില്ല എന്നത് അവർ പലതും പൊതുസമൂഹത്തിൽ നിന്ന് ഒളിക്കുന്നു എന്നതിൻ്റെ തെളിവാണ്.

Recommended Video
ഈ പണം എന്തിനാണ് ഉപയോഗിച്ചത് എന്ന് ചുരുങ്ങിയ പക്ഷം യുഡിഎഫ് അണികളോടെങ്കിലും പറയാൻ നേതൃത്വം തയ്യാറാകണം. പണം ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ബിജെപിയുടെ കൊടകര മോഡലിൻ്റെ മറ്റൊരു പതിപ്പാണ് ബാലുശ്ശേരിയിൽ കണ്ടത്. ആയതിനാൽ കൃത്യമായ അന്വേഷണത്തിലൂടെ പണമിടപാടിൻ്റെ മുഴുവൻ വിവരങ്ങളും പുറത്ത് കൊണ്ട് വരണമെന്നും ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.












Click it and Unblock the Notifications